Uncategorized

ആശുപത്രി പരിസരത്ത് ഗുണ്ടാസംഘങ്ങൾ ഏറ്റുമുട്ടി, നാടൻ പടക്കമെറിഞ്ഞു; ഒമ്പത് പേർ അറസ്റ്റിൽ

തിരുവനന്തപുരം: ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയ പ്രതികൾ അറസ്റ്റിൽ. നെടുമങ്ങാട് ജില്ലാ ആശുപത്രി പരിസരത്ത് സ്ഫോടക വസ്‌തുക്കളെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ട‌ിച്ചശേഷമായിരുന്നു ഗുണ്ടാസംഘം ചേരിതിരിഞ്ഞ് ഏറ്റുമുട്ടിയത്. സംഭവത്തിന് പിന്നാലെ ഒമ്പത് പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഞായർ രാത്രി 11നാണ് ഒമ്പതംഗ സംഘം ജില്ലാ ആശുപത്രി പരിസരത്ത് ഏറ്റുമുട്ടിയത്. പാലോട് പേരയം സ്വദേശി കൃഷ്ണനുണ്ണി (27), നെടുമങ്ങാട് മഞ്ച പേരുമല സ്വദേശി അനൂപ് (26), പുല്ലമ്പാറ പാലാകോണം സ്വദേശി സാദിഖ് (28), മഞ്ച പാറക്കാട് സ്വദേശി ദീജു (27), ഉഴമലയ്ക്കൽ ചാരുമൂട് സ്വദേശി ഷിജിൻ (34), കരകുളം കാച്ചാണി സ്വദേശി ഹരികൃഷ്‌ണൻ (27), പാലോട് പേരയം സ്വദേശി വിഷ്‌ (25), അരുവിക്കര മൈലം ചെറിയകൊണ്ണി സ്വദേശി സുരഭിൻ (30), മഞ്ച പേരുമല സ്വദേശി രാജേഷ് (32) എന്നിവരാണ് അറസ്റ്റിലായത്. കൃഷ്‌ണനുണ്ണിയും വിഷ്ണു‌വും തമ്മിലുള്ള സാമ്പത്തിക ഇടപാട് തർക്കത്തെ തുടർന്ന് ഇവർ സഹായികളെയും കൂട്ടി ആശുപത്രി പരിസരത്ത് സംഘടിക്കുകയായിരുന്നു.

ബൈക്കിലും കാറിലുമായാണ് സംഘങ്ങൾ എത്തിയത്. പിന്നാലെ നാടൻ പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാർ വിവരമറിയിച്ചതോടെ വൻ പൊലീസ് സംഘം സ്ഥലത്തെത്തി. ആക്രമണത്തിൽ പരിക്കേറ്റ് വീണവരെയുമെടുത്ത് അക്രമിസംഘം വാഹനങ്ങളിൽ രക്ഷപ്പെട്ടു. പിന്തുടർന്ന പൊലീസ് തിങ്കൾ പുലർച്ചെയോടെ അക്രമികളെ പിടികൂടി. പിടിയിലായ അനു വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണ്. ദിജുവിന് നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പത്തോളം ക്രിമിനൽ കേസുകളുണ്ട്. ഇരുവരും കാപ്പ കേസിൽ ഉൾപ്പെട്ടവരുമാണ്. മറ്റ് പല പ്രതികളും വിവിധ സ്റ്റേഷനുകളിൽ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരുമാണ്. അക്രമികളിൽനിന്നു മാരകായുധങ്ങളും സ്ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തു. നെടുമങ്ങാട് എസ്എച്ച്ഒ പ്രസാദ്, എസ് ഐ ബാസിത്ത് ഇബ്രാഹിം, അംബരീഷ്, നസീം, അഭിലാഷ്, സി ബിജു, അനുരാഗ്, രാജീവ് എന്നിവരാണ് പ്രതികളെ പിടികൂടിയത്. ഇവരെ റിമാൻഡ് ചെയ്തു‌.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button