വ്യാജ പനീർ വിളമ്പി; റസ്റ്റോറൻ്റിൻ്റെ ലൈസൻസ് റദ്ദാക്കിയ എഫ്ഡിഎ നടപടി ശരിവച്ച് ബോംബെ ഹൈക്കോടതി

വ്യാജ പനീർ വിളമ്പിയതിന് ലൈസൻസ് റദ്ദാക്കിയ മഹാരാഷ്ട്ര ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ്റെ (എഫ്ഡിഎ) നടപടിക്കെതിരെ ബോംബെ ഹെെക്കോടതിയെ സമീപിച്ച റസ്റ്റോറന്റിന് തിരിച്ചടി. താനെയിലെ ഉഡുപ്പി സ്വാദ് റസ്റ്റോറന്റ് സമർപ്പിച്ച ഹർജി ഹെെക്കോടതി തള്ളുകയും എഫ്ഡിഎ നടപടി ശരിവക്കുകയും ചെയ്തു.
ഹർജി പരിഗണിച്ച ബോംബെ ഹെെക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആർ വി ഗുഖെ അധ്യക്ഷനായ ബെഞ്ച് രൂക്ഷമായ ഭാഷയിലാണ് റസ്റ്റോറൻ്റിനെ വിമർശിച്ചത്. വ്യാജ ഭക്ഷണം വിളമ്പിയതിന് നിങ്ങളിത് അനുഭവിക്കണമെന്നും കാലത്തിൻ്റെ കാവ്യനീതിയാണെന്നും കോടതി പറഞ്ഞു.
എഫ്ഡിഎ കമ്മീഷണറുടെ നേതൃത്വത്തിൽ മഹാരാഷ്ട്രയിലെ ഭക്ഷണശാലകളിൽ വ്യാപകമായ പരിശോധന നടന്നുവരികയാണ്. പരിശോധനയിൽ താനെയിലെ ഉഡുപ്പി സ്വാദ് റസ്റ്റോറൻ്റിൽ കൃത്രിമമായി നിർമിച്ച പനീറാണ് ഉപയോഗിക്കുന്നതെന്ന് കണ്ടെത്തുകയും ലെെസൻസ് റദ്ദാക്കുകയുമായിരുന്നു. ഈ നടപടി ചോദ്യം ചെയ്താണ് റെസ്റ്റോറൻ്റ് കോടതിയെ സമീപിച്ചത്. വ്യാജ പനീർ ഉപയോഗിക്കുന്നതിന് നിരോധനം നിലനിൽക്കെയാണ് റസ്റ്റോറൻ്റ് ഇത്തരം പനീർ ഉപയോഗിച്ചത്.




