24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കേരളം വീണ്ടും പഠന കോൺഗ്രസിലേക്ക്‌ ; ആദ്യ സെമിനാർ ഏപ്രിൽ 28 മുതൽ 30വരെ കോഴിക്കോട്ട്
Kerala

കേരളം വീണ്ടും പഠന കോൺഗ്രസിലേക്ക്‌ ; ആദ്യ സെമിനാർ ഏപ്രിൽ 28 മുതൽ 30വരെ കോഴിക്കോട്ട്

അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്റെ അഞ്ചാമത്‌ പതിപ്പിനായി തയ്യാറെടുപ്പ്‌ തുടങ്ങി. എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അടുത്തവർഷം ആദ്യമായിരിക്കും സമ്മേളിക്കുക. സിപിഐ എമ്മിന്റെ മുതിർന്ന നേതാവ്‌ എസ്‌ രാമചന്ദ്രൻപിള്ള ചെയർമാനും കേന്ദ്രകമ്മിറ്റിയംഗം ഡോ. ടി എം തോമസ്‌ ഐസക്‌ സെക്രട്ടറിയുമായ അക്കാദമിക സമിതിക്കായിരിക്കും പൊതുസംഘാടന ചുമതല. കോൺഗ്രസിന്റെ മുന്നോടിയായി ഇരുപത്‌ വിഷയത്തിൽ വിവിധ ജില്ലകളിൽ സെമിനാർ നടക്കും. ജില്ലകളിലെ പഠന ഗവേഷണ കേന്ദ്രങ്ങളുടെ നേതൃത്വത്തിലാകും പരിപാടി. ഇവ ക്രോഡീകരിച്ച്‌ പഠന കോൺഗ്രസിൽ അവതരിപ്പിക്കേണ്ട സമഗ്രരേഖ തയ്യാറാക്കും.

ആദ്യ ജില്ലാ സെമിനാർ ഏപ്രിൽ 28 മുതൽ 30 വരെ കോഴിക്കോട്‌ നടക്കും. പ്രൊഫ. സി രവീന്ദ്രനാഥ്‌ ചെയർപേഴ്‌സണും ഡോ. സി രാമകൃഷ്‌ണൻ കൺവീനറുമായ സമിതി നേതൃത്വം നൽകും. കാർഷിക സെമിനാർ മേയിൽ തൃശൂരോ പാലക്കാട്ടോ ചേരും. സംസ്ഥാന ആസൂത്രണ ബോർഡ്‌ അംഗം ഡോ. ആർ രാംകുമാർ ചെയർപേഴ്‌സണും വെള്ളാനിക്കര കാർഷിക കോളേജിലെ കാർഷിക സാമ്പത്തിക വിഭാഗം അധ്യക്ഷ ഡോ. എ പ്രേമ കൺവീനറുമായ സമിതി നേതൃത്വം നൽകും.
കേരള വികസനത്തിനുള്ള ഇടതുപക്ഷ പരിപ്രേക്ഷ്യമാണ്‌ അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസുകൾ. 1994ൽ ഇ എം എസ്‌ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലായിരുന്നു ഒന്നാം പഠന കോൺഗ്രസ്‌. 2005, 2011, 2016 വർഷങ്ങളിലും സമ്മേളിച്ചു. ഇവകളിൽ ഉയർന്നുവന്ന നിർദേശങ്ങൾ നടപ്പാക്കുന്നതിൽ എൽഡിഎഫ്‌ സർക്കാരുകൾ വിജയിച്ചു. 1996ലെ ജനകീയാസൂത്രണവും 2006ലെ ആരോഗ്യ, വിദ്യാഭ്യാസമേഖലയിലെ അക്കാദമിക ജനകീയ പദ്ധതികളും ഉദാഹരണങ്ങൾ. 2016 ജനുവരിയിൽ തിരുവനന്തപുരത്ത്‌ ചേർന്ന നാലാമത് പഠന കോൺഗ്രസിൽ ഉരുത്തിരിഞ്ഞ ആശയങ്ങൾ എൽഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രകടനപത്രികയിൽ ഉൾപ്പെട്ടിരുന്നു.

വിദ്യാഭ്യാസ സെമിനാർ കോഴിക്കോട്ട്‌ : 2000 പേർ പങ്കെടുക്കും
അന്താരാഷ്‌ട്ര കേരള പഠന കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട്‌ ചേരുന്ന പൊതുവിദ്യാഭ്യാസ സെമിനാറിൽ 25 വിഷയം ചർച്ച ചെയ്യും. ഏപ്രിൽ 28 മുതൽ 30വരെ നടക്കാവ്‌ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിലാണ്‌ സെമിനാർ. രണ്ടായിരത്തിലേറെ പേർ പങ്കെടുക്കും.

ദേശീയ വിദ്യാഭ്യാസനയവും ബദൽ സമീപനവും, അധ്യാപക പ്രൊഫഷണലിസത്തിലെ തടസ്സങ്ങളും സാധ്യതകളും, വിജ്ഞാനസമൂഹവും സ്‌കൂൾ വിദ്യാഭ്യാസവും, ജീവിതഗന്ധിയായ ഗണിതപഠനം, ശാസ്‌ത്രബോധത്തിലേക്ക്‌ നയിക്കുന്ന ശാസ്‌ത്രപഠനം, ഭാഷാപഠനവും ഭാഷയിലൂടെയുള്ള പഠനവും, ചരിത്രബോധം ഉളവാക്കുന്ന ചരിത്രപഠനം, ആരോഗ്യം–- കല –-കായിക വിദ്യാഭ്യാസം, സാങ്കേതികവിദ്യ പഠനബോധന പ്രവർത്തനത്തിന്‌, പരീക്ഷകളിൽനിന്ന്‌ വിലയിരുത്തലിലേക്ക്‌, തൊഴിൽ ഉദ്‌ഗ്രഥിത വിദ്യാഭ്യാസം, എല്ലാ കുട്ടികളെയും ഉൾക്കൊള്ളുകയും ഉൾച്ചേർക്കുകയും ചെയ്യുന്ന പാഠ്യപദ്ധതി, അരികുവൽക്കരിക്കപ്പെടുന്നവരുടെ വിദ്യാഭ്യാസം, ലിംഗസമത്വവും ലിംഗനീതിയും, ജൻഡറും വിദ്യാഭ്യാസവും, പ്രായത്തിനും അഭിരുചിക്കനുഗുണമായ പഠനം, പൗരബോധവും സ്‌കൂൾ വിദ്യാഭ്യാസവും, ജനായത്ത വിദ്യാലയങ്ങൾ, വിദ്യാഭ്യാസ ഗവേഷണവും വിദ്യാഭ്യാസത്തിലെ ഗവേഷണവും, രക്ഷാ കൃർതൃവിദ്യാഭ്യാസം, സ്‌കൂൾ ജനാധിപത്യ സംവിധാനങ്ങൾ (പിടിഎ, എസ്‌എംസി, സ്‌കൂൾ പാർലമെന്റ്‌), തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും വിദ്യാഭ്യാസവും, ഘടനാപരമായ മാറ്റങ്ങൾ എന്നിവയാണ്‌ നിലവിൽ തെരഞ്ഞെടുത്തിട്ടുള്ള വിഷയ മേഖലകൾ. കൂടുതൽ വിഷയമേഖലകളുടെ നിർദേശവും പരിഗണിക്കും.

Related posts

പതിനെട്ടുകാരനേയും ബന്ധുവായ വയോധികനേയും, കടുവ കൊന്നു.

Aswathi Kottiyoor

എല്ലാ പട്ടിക വര്‍​ഗ ഊരുകളിലും ഡിജിറ്റല്‍ കണക്‌ടിവിറ്റി ലഭ്യമാക്കും: മന്ത്രി കെ രാധാകൃഷ്ണന്‍

Aswathi Kottiyoor

ജയ തുടക്കം ആവേശമുയര്‍ത്തി മേരികോം പ്രീക്വാര്‍ട്ടറിൽ

Aswathi Kottiyoor
WordPress Image Lightbox