26.8 C
Iritty, IN
July 5, 2024
  • Home
  • Kerala
  • *കേരള പോലീസ് ‘നിര്‍ഭയം ആപ്പ്’, ആപത്ഘട്ടങ്ങളില്‍ സ്ത്രീ സുരക്ഷ ഇനി വിരല്‍തുമ്പില്‍.*
Kerala

*കേരള പോലീസ് ‘നിര്‍ഭയം ആപ്പ്’, ആപത്ഘട്ടങ്ങളില്‍ സ്ത്രീ സുരക്ഷ ഇനി വിരല്‍തുമ്പില്‍.*

തിരുവനന്തപുരം: ആപത്ഘട്ടങ്ങളില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കാന്‍ ഇനി പൊലീസിന്റെ നിര്‍ഭയം മൊബൈല്‍ ആപ്പ്. നഗരത്തില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ച സഹചര്യത്തിലാണ് നിര്‍ഭയം ആപ്പിന്റെ സേവനം പരമാവധി ജനങ്ങളിലെത്തിക്കുവാന്‍ പൊലീസ് തയ്യാറെടുക്കുന്നത്. ഇതിനായി നഗരത്തിലെ വിവിധ കേന്ദ്രങ്ങളില്‍ സിറ്റി പൊലീസ് ഹെല്‍പ് ഡെസ്കുകള്‍ ആരംഭിച്ചു കഴിഞ്ഞു.
ആപത്കരമായ സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് നിര്‍ഭയം ആപ്ലിക്കേഷൻ ഉപയോഗിച്ച് അതിവേഗം പൊലീസുമായി ബന്ധപ്പെടുവാനും സഹായം പ്രയോജനപ്പെടുത്തുവാനും സാധിക്കും. അടിയന്തര സാഹചര്യങ്ങളിൽ ആപ്പിലെ പ്രസ്സ് ആന്റ് ഹോൾഡ് ബട്ടണിൽ അഞ്ച് സെക്കന്റ് നേരം വിരൽ അമർത്തി പിടിച്ചാൽ ഫോൺ ഉപയോഗിക്കുന്ന ആളിന്റെ ലൊക്കേഷൻ ഏറ്റവും അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ കൺട്രോൾ റൂമിലോ ലഭിക്കും. ഇന്റർനെറ്റ് കവറേജ് ഇല്ലാതെ തന്നെ സന്ദേശങ്ങളും ലൊക്കേഷനും പൊലീസുമായി പങ്കു വയ്ക്കാം എന്നതാണ് നിര്‍ഭയം ആപ്പിന്റെ പ്രധാന സവിശേഷത. സഹായം ആവശ്യപ്പെട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ പൊലീസ് സംഭവ സ്ഥലത്തെത്തും. കണ്‍ട്രോള്‍ റൂമിലേക്ക് സന്ദേശം എത്തും വിധമാണ് ആപ്പ് ക്രമീകരിച്ചിരിക്കുന്നത്.
ഓഡിയോ വീഡിയോ സന്ദേശങ്ങളും മറ്റ് ടെക്സ്റ്റ് മെസേജുകളും ആപ്പിലൂടെ പൊലീസിന് അതിവേഗം കൈമാറാം. അക്രമിയുടെ ശ്രദ്ധയില്‍പ്പെടാതെ തന്നെ ഫോട്ടോയും വീഡിയോയും ചിത്രീകരിക്കാന്‍ സാധിക്കും. ഒറ്റ ക്ലിക്കിലൂടെ അക്രമിയുടെ ഫോട്ടോ, വീഡിയോ എന്നിവ എടുത്തയക്കാനുള്ള ക്രമീകരണമാണ് ആപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്. തല്‍സമയം ലഭിക്കുന്ന ദൃശ്യങ്ങളും മറ്റും പൊലീസ് തെളിവായി സ്വീകരിക്കുകയും ചെയ്യും. ശബ്ദ സന്ദേശം അയക്കാനുള്ള ശ്രമത്തിനിടെ അക്രമി ഫോണ്‍ തട്ടിയെടുത്താലും സന്ദേശം ക്യാന്‍സല്‍ ചെയ്യാന്‍ സാധിക്കില്ല. ആൻഡ്രോയിഡ്,ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ നിര്‍ഭയം ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
*ഹെല്‍പ് ഡസ്ക് പത്ത് കേന്ദ്രങ്ങളില്‍
നഗരത്തിലെ പ്രധാനപ്പെട്ട 10 കേന്ദ്രങ്ങളിലാണ് നിർഭയം ആപ്പ് ഡൗൺലോഡ് പ്രോത്സാഹിപ്പിക്കുന്നതിനായി ഹെൽപ് ഡെസ്ക്കുകൾ സജ്ജീകരിച്ചിരിക്കുന്നത്. വഴുതക്കാട് വിമൻസ് കോളജ്, യൂണിവേഴ്സിറ്റി കോളജ്, പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് സമീപമുള്ള ബസ് സ്റ്റോപ്പ്, മ്യൂസിയം പൊലീസ് സ്റ്റേഷൻ മുൻവശം,പേരൂർക്കട ബസ് സ്റ്റോപ്പ് , വഞ്ചിയൂർ കോടതിയുടെ മുൻവശം, പട്ടം പിഎ‍സ‍്സി ഓഫിസിന് സമീപത്തെ ബസ് സ്റ്റോപ്പ്, സെക്രട്ടേറിയേറ്റിന് മുൻവശം, തമ്പാനൂർ ബസ് സ്റ്റാന്റിന് പുറത്തുള്ള ബസ് സ്റ്റോപ്പ്, കിഴക്കേകോട്ട പഴവങ്ങാടി ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് നിർഭയം ആപ്പ് ഹെൽപ്പ് ഡെസ്ക്കുകൾ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ഗൂഗിൾ പ്ലേ സ്റ്റോർ മുഖേനെയും നഗരത്തിൽ പൊലീസ് പ്രദർശിപ്പിച്ചിട്ടുള്ള പോസ്റ്ററുകളിലെ ക്യൂ ആർ കോഡ് സ്കാൻ ചെയ്തും ആപ്പ് വളരെ എളുപ്പം മൊബൈൽ ഫോണുകളിൽ ഡൗൺലോഡ് ചെയ്യാം. ആപ്പ് ഡൗൺലോഡ് ചെയ്യുന്നതിനും മറ്റു സംശയനിവാരണങ്ങൾക്കും ഹെൽപ്പ് ഡെസ്ക്കുമായി ബന്ധപ്പെടാം.

Related posts

നഷ്​ടം സഹിച്ച് ബസ് ഉടമകൾ; ഇ​ന്ധ​ന​ച്ചെ​ല​വു​പോ​ലും ല​ഭി​ക്കു​ന്നി​ല്ലെ​ന്ന്​

മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തിന് പാഠ്യപദ്ധതി; മന്ത്രി വി ശിവന്‍കുട്ടി

Aswathi Kottiyoor

മു​ഖ്യ​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ വാ​ഹ​ന​വ്യൂ​ഹം അ​പ​ക​ട​ത്തി​ൽ പെ​ട്ടു

Aswathi Kottiyoor
WordPress Image Lightbox