Uncategorized

കടൽത്തീരത്ത് ഇരിക്കവേ തിരയിൽപ്പെട്ടു; കൊല്ലത്തു രണ്ടു പേർ മരിച്ചു

കൊല്ലം: മുണ്ടയ്ക്കൽ പാപനാശം കടൽത്തീരത്ത് ശക്തമായ തിരയിൽപ്പെട്ടു പുരുഷനും സ്ത്രീയും മരിച്ചു. മടവൂർ പള്ളിക്കൽ സ്വദേശി ഒമനക്കുട്ടൻ (50), പരവൂർ കുറുമണ്ടൽ പുഞ്ചിറക്കുളം സൂര്യാസിൽ ആർ. ലതിക (50) എന്നിവരാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂന്നോടെയാണ് ദാരുണമായ സംഭവം. മുണ്ടയ്ക്കൽ പാപനാശത്തെ പുലിമുട്ടുകൾക്കിടയിലെ മണൽപ്പരപ്പിൽ ഇരിക്കുകയായിരുന്നു ഇരുവരും. ഇതിനിടെ ശക്തമായി അടിച്ചുകയറിയ തിരമാലയിൽ ഇരുവരും കടലിലേക്കു വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

അപകടം നടന്ന സ്ഥലത്തു മറ്റാരും ഉണ്ടായിരുന്നില്ല. അതിനാൽ ഇരുവരും തിരയിൽപ്പെട്ട വിവരം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. പിന്നീട് നിലവിളി കേട്ടതോടെയാണ് സമീപവാസികളായ യുവാക്കൾ സംഭവം അറിഞ്ഞത്. യുവാക്കൾ ഉടൻ കടലിൽ ഇറങ്ങി ഇരുവരെയും കരയ്ക്കെ‌ത്തിച്ചു. തുടർന്ന് സിപിആർ നൽകുകയും അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും ഇരുവരും മരിച്ചിരുന്നു.

ഇരുവരും എത്തിയ ബൈക്ക് അപകടത്തിനു ശേഷം റോഡരികിൽ കണ്ടെത്തി. ബൈക്കിൽ സൂക്ഷിച്ചിരുന്ന ബാഗിൽ ഓണത്തിനുള്ള വസ്ത്രങ്ങളും ഇരുവരുടെയും മൊബൈൽ ഫോണുകളും ഉണ്ടായിരുന്നു. പോലീസ് സ്ഥലത്തെത്തി മൊബൈൽ ഫോണുകൾ പരിശോധിച്ചാണ് ബന്ധുക്കളെ ബന്ധപ്പെട്ടത്. മൃതദേഹങ്ങൾ കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button