24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • സംസ്ഥാനത്ത് 4600 അക്ഷയ കേന്ദ്രങ്ങളുടെ കുറവ്
Kerala

സംസ്ഥാനത്ത് 4600 അക്ഷയ കേന്ദ്രങ്ങളുടെ കുറവ്

അക്ഷയ കേന്ദ്രങ്ങൾ അനുവദിക്കുന്നതിലെ കാലതാമസം സംസ്ഥാനത്തു സർക്കാരിന്റെ ഇ–സേവനങ്ങൾ വൈകിപ്പിക്കുന്നു. വിവിധ ജില്ലകളിലായി 4600ൽ അധികം അക്ഷയകേന്ദ്രങ്ങളുടെ കുറവാണുള്ളത്. 2004ൽ ഐടി വകുപ്പ് 6957 അക്ഷയ കേന്ദ്രങ്ങൾക്കു ശുപാർശ ചെയ്തെങ്കിലും നടപ്പായില്ല. നിലവിൽ വകുപ്പിനു കീഴിൽ 2761 അക്ഷയകേന്ദ്രങ്ങളാണു പ്രവർത്തിക്കുന്നത്

വിവിധ വകുപ്പുകളുടെ നൂറ്റിയൻപതോളം സേവനങ്ങൾ പൂർണമായും ഓൺലൈൻ ആയെങ്കിലും സാധാരണക്കാർ ഭൂരിഭാഗവും  ആശ്രയിക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ കുറവ് സേവനങ്ങൾ വൈകിപ്പിക്കുന്നു. നഗരമേഖലകളിലെ അക്ഷയ കേന്ദ്രങ്ങളിൽ  നീണ്ട ക്യൂവാണ്. തിരക്കു മൂലം ടോക്കൺ നൽകി വിടുകയാണു ചെയ്യുന്നത്. ചില സേവനങ്ങൾക്കായി ഒരു ദിവസത്തിലേറെ കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. 

അഭ്യസ്തവിദ്യരായ ഒട്ടേറെപ്പേർ അക്ഷയ കേന്ദ്രങ്ങൾക്കായി അപേക്ഷ നൽകിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ വൈകുന്നുവെന്നാണു പരാതി.  2 അക്ഷയകേന്ദ്രങ്ങൾ തമ്മിലുള്ള ദൂരപരിധി പഞ്ചായത്തുകളിൽ 2 കിലോമീറ്ററും മുനിസിപ്പാലിറ്റികളിൽ ഒന്നര കിലോമീറ്ററും കോർപറേഷൻ പരിധിയിൽ ഒരു കിലോമീറ്ററും ആണ്. അതേസമയം, സേവനങ്ങൾക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള ഫീസ് പ്രദർശിപ്പിക്കാത്ത അക്ഷയ കേന്ദ്രങ്ങൾക്ക് എതിരായ നടപടി ശക്തമാക്കാനും സർക്കാർ തീരുമാനിച്ചു. 

നടപടികൾ ഇങ്ങനെ

പ്രദേശത്തിന്റെ ആവശ്യകത അനുസരിച്ചാണ് അക്ഷയകേന്ദ്രം അനുവദിക്കുന്നത്. നിലവിലുള്ള കേന്ദ്രങ്ങളുമായി നിശ്ചിത ദൂരപരിധി പാലിക്കുകയും ജില്ലാ ഇ–ഗവേണൻസ് സൊസൈറ്റിയുടെ അംഗീകാരം ലഭിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ പുതിയ കേന്ദ്രത്തിന് അനുമതി നൽകും. അക്ഷയ ഡയറക്ടർ സമർപ്പിക്കുന്ന ശുപാർശ പരിഗണിച്ചു സർക്കാരാണ് ലൊക്കേഷനുകൾ അനുവദിക്കുന്നത്. സംരംഭക തിരഞ്ഞെടുപ്പിന് അക്ഷയ ഡയറക്ടർ നടത്തുന്ന ഓൺലൈൻ പരീക്ഷയും അഭിമുഖവും വിജയിക്കണം. റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് അക്ഷയ സംരംഭകരെ തിരഞ്ഞെടുക്കുന്നത്.

അടുത്ത് അക്ഷയ ഉണ്ടെങ്കിൽ ജല കാഷ് കൗണ്ടർ പൂട്ടും

തിരുവനന്തപുരം ∙ ജല അതോറിറ്റി ഓഫിസുകളുടെ 200 മീറ്റർ ചുറ്റളവിൽ അക്ഷയ കേന്ദ്രമുണ്ടെങ്കിൽ അവിടെ അതോറിറ്റിയുടെ കാഷ് കൗണ്ടർ നിർത്തലാക്കാൻ നടപടി തുടങ്ങി.  33 കാഷ് കൗണ്ടറു‍കളാണു നിർത്തുന്നത്.  സർക്കാരിനു കീഴിലെ എല്ലാ വകുപ്പുകളിലെയും സേവനങ്ങൾ ഓൺലൈനാക്കി ജനങ്ങൾക്കു ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് ജലഅതോറിറ്റി വിശദീകരണം. 

ജല അതോറിറ്റി കൗണ്ടറുകൾ നിർത്തലാക്കിയാൽ, വാട്ടർ ചാർജ് വർധനയ്ക്കൊപ്പം അക്ഷയ കേന്ദ്രത്തിന്റെ ഫീസ് കൂടി ജനം നൽകേണ്ടിവരും. കൗണ്ടറുകൾ നിർത്തലാക്കരുതെന്നു കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐഎൻടിയുസി) ആവശ്യപ്പെട്ടു. വിഷയം ചർച്ച ചെയ്യാൻ ഇന്നു വൈകിട്ട് 3.30ന് ചീഫ് എൻജിനീയർ (എച്ച്ആർഡി ആൻഡ് ജനറൽ) യോഗം വിളിച്ചു.

അക്ഷയ കേന്ദ്രം

ജില്ല, നിലവിലുള്ളത്, ശുപാർശ

തിരുവനന്തപുരം – 260, 599

കൊല്ലം –  168, 558

പത്തനംതിട്ട – 126, 362

ആലപ്പുഴ – 216, 572

കോട്ടയം – 199, 537

എറണാകുളം – 253, 701

ഇടുക്കി – 122, 413

തൃശൂർ – 236, 738

പാലക്കാട് – 230, 662

മലപ്പുറം – 297, 497

കോഴിക്കോട് – 197, 609

വയനാട് – 66, 206

കണ്ണൂർ – 234, 688

കാസർകോട് -127, 312

Related posts

വിശുദ്ധ ഖുർആൻ പൂർണ്ണമായി മനപ്പാഠം ആക്കി പേരാവൂർ സ്വദേശിപതിനാലുകാരൻ.’ മിസ്ബാഹുൽ ഹഖ്.,

Aswathi Kottiyoor

കേരളത്തിലേക്ക് 60 ലഹരി പാഴ്സൽ; ‘ഒന്നും അറിഞ്ഞില്ലെന്ന്’ കസ്റ്റംസും എക്സൈസും.

Aswathi Kottiyoor

കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

Aswathi Kottiyoor
WordPress Image Lightbox