20.8 C
Iritty, IN
November 23, 2024
  • Home
  • Kerala
  • ശബരി പാത ; പുതുക്കിയ അടങ്കൽ റെയിൽവേ ബോർഡ്‌ പരിഗണിക്കുന്നു
Kerala

ശബരി പാത ; പുതുക്കിയ അടങ്കൽ റെയിൽവേ ബോർഡ്‌ പരിഗണിക്കുന്നു

അങ്കമാലി എരുമേലി ശബരി റെയിൽപ്പാതയുടെ പുതുക്കിയ അടങ്കൽ റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. കേന്ദ്ര ബജറ്റിൽ 100 കോടി രൂപ പദ്ധതിക്കായി വകയിരുത്തിയ സാഹചര്യത്തിലാണ്‌ പദ്ധതിക്ക്‌ വേഗമേറുന്നത്‌. 3726.57 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന അടങ്കൽ കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ ലിമിറ്റഡാണ്‌ (കെ റെയിൽ) തയ്യാറാക്കിയത്. 2017ൽ തയ്യാറാക്കിയ എസ്റ്റിമേറ്റ് 2815 കോടി രൂപയായിരുന്നു. സതേൺ റെയിൽവേയുടെ ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ (നിർമാണവിഭാഗം), റെയിൽവേ ബോർഡ് അഡീഷണൽ മെമ്പർ (വർക്‌സ്) എന്നിവർ വഴിയാണ്‌ റെയിൽവേ ബോർഡിന്‌ കെ-–- റെയിൽ അടങ്കൽ സമർപ്പിച്ചത്. പദ്ധതിയുടെ പകുതി വഹിക്കാമെന്ന്‌ സംസ്ഥാന സർക്കാർ സമ്മതിച്ചിരുന്നു.

അങ്കമാലിമുതൽ രാമപുരംവരെയുള്ളത്‌ നേരത്തെ സമർപ്പിച്ചു. രാമപുരംമുതൽ എരുമേലിവരെയുള്ളതിന്റെ സ്ഥലനിർണയ സർവേ ലിഡാർ സാങ്കേതികവിദ്യ ഉപയോഗിച്ച് പൂർത്തിയാക്കി. ശബരിമല തീർഥാടകർക്ക്‌ സുഗമ യാത്രാസൗകര്യം ഒരുക്കുന്നതിനുപുറമെ ഇടുക്കി, എറണാകുളം, കോട്ടയം ജില്ലകളുടെ വാണിജ്യ, വ്യവസായ സാധ്യതകൾകൂടി ഉൾപ്പെടുന്നതാണ് പദ്ധതി. 1997––98ലെ റെയിൽവേ ബജറ്റാണ്‌ പദ്ധതി മുന്നോട്ടുവച്ചത്‌. ഈവർഷം പദ്ധതിയെ റെയിൽവേ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തി.

അങ്കമാലിമുതൽ എരുമേലിവരെ 110 കിലോമീറ്ററുള്ള റെയിൽപ്പാത പൂർത്തിയാകുന്നതോടെ പാലാ, തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പെരുമ്പാവൂർ, അങ്കമാലി എന്നീ അഞ്ച് നഗരസഭകൾക്കും 11 ചെറുപട്ടണങ്ങൾക്കും റെയിൽവേ സ്റ്റേഷനുകൾ ലഭിക്കും. പദ്ധതിനിർവഹണ ചുമതലയിൽ കെ-–- റെയിലിനെ പരിഗണിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സ്‌റ്റേഷനുകൾ
എരുമേലി, കാഞ്ഞിരപ്പള്ളി, ചെമ്മലമറ്റം, ഭരണങ്ങാനം, രാമപുരം, കരിങ്കുന്നം, തൊടുപുഴ, വാഴക്കുളം, മൂവാറ്റുപുഴ, കോതമംഗലം, ഓടക്കാലി, പെരുമ്പാവൂർ, കാലടി

ഇടുക്കിയും റെയിൽവേ 
ഭൂപടത്തിലേക്ക്‌ ; ആദ്യ സ്റ്റേഷൻ തൊടുപുഴയിൽ
ശബരി യാഥാർഥ്യമാകുന്നത്‌ ഇടുക്കിക്ക്‌ കൂടുതൽ ഗുണംചെയ്യും. സഞ്ചാരികളുടെ സ്വർഗമായ ഇടുക്കിയിലേക്ക് ട്രെയിൻ എത്തുന്നത്‌ പുതിയ അവസരങ്ങളുടെ ലോകം തുറക്കും. ഒപ്പം സുഗന്ധവ്യഞ്ജനങ്ങളുടെ വാണിജ്യത്തിനും കാർഷികമേഖലയ്‌ക്കും കൂടുതൽ സാധ്യത തുറക്കും.ഇന്ത്യയിലെ ആദ്യത്തെ മോണോ റെയിൽ സംവിധാനം ‘കുണ്ടളവാലി റെയിൽവേ’ സ്ഥാപിക്കപ്പെട്ട ജില്ലയാണ്‌ ഇടുക്കി. 1902ൽ സ്ഥാപിതമായ സംവിധാനം 1908ൽ നാരോ ഗേജ്‌ പാതയായി. മൂന്നാർമുതൽ ടോപ് സ്റ്റേഷൻവരെ നീണ്ട പാത കച്ചവട ആവശ്യങ്ങൾക്കായി ബ്രിട്ടീഷുകാർ ഉപയോഗിച്ചു. 1924ലെ പ്രളയത്തിൽ തകർന്നു. പിന്നീട്‌ റോഡ് ഗതാഗതം പുനഃസ്ഥാപിച്ചതോടെ റെയിൽവേ ഭൂപടത്തിൽനിന്ന്‌ ഇടുക്കി മാഞ്ഞു.

ശബരി പാതയിൽ തൊടുപുഴയിലായിരിക്കും ഇടുക്കിയിലെ ആദ്യ സ്‌റ്റേഷൻ. രാമമംഗലം– തൊടുപുഴ റോ‍ഡും കോലാനി ബൈപാസും ചേരുന്ന പ്രദേശത്തായിരിക്കുമിത്‌. തൊമ്മൻകുത്ത്, ഇടുക്കി ആർച്ച് ഡാം, പുള്ളിക്കാനം, കുളമാവ് തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും തൊടുപുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, മുതലക്കോടം സെന്റ് ജോർജ് ഫെറോന പള്ളി തുടങ്ങിയ ആരാധനാലയങ്ങളും സമീപമാണ്. കരിങ്കുന്നം സ്റ്റേഷൻ മൂലമറ്റം പവർ ഹൗസ്, എഫ്സിഐ, കിൻഫ്ര സ്‌പൈസ് പാർക്ക്‌ എന്നിവിടങ്ങളിലേക്ക് പ്രവേശന കവാടമാകും.

എറണാകുളം ജില്ലയിൽ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത്‌ ഉയരുന്ന സ്റ്റേഷൻ ചീയപ്പാറ വെള്ളച്ചാട്ടം, മൂന്നാർ, അടിമാലി എന്നിവിടങ്ങളിലേക്ക്‌ എളുപ്പവഴിയാകും. കോട്ടയത്തെ ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി സ്റ്റേഷനുകളിൽനിന്നും ഇടുക്കിയിലേക്ക്‌ വേഗമെത്താം.

Related posts

പരസ്‌പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കാത്തിരിക്കേണ്ട ആവശ്യമില്ല; വ്യവസ്ഥ ഒഴിവാക്കാം’

ആരോഗ്യ മേഖലയെ പ്രകീർത്തിച്ച് വിയറ്റ്‌നാം പ്രതിനിധി; മന്ത്രി വീണാ ജോർജുമായി ചർച്ച നടത്തി

Aswathi Kottiyoor

ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള ആക്രമണം തടയാൻ ശക്തമായ നിയമനിർമ്മാണമെന്ന് മന്ത്രി വീണാ ജോർജ്

Aswathi Kottiyoor
WordPress Image Lightbox