ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ മുന്നറിയിപ്പില്ലാതെ നിലയ്ക്കലെത്തി; ആകാശത്ത് പത്ത് സെക്കൻ്റ് നിന്ന് മടങ്ങിപ്പോയി

നിലയ്ക്കൽ: ശബരിമല നിലയ്ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറങ്ങാതെ മടങ്ങിയത് ആശയക്കുഴപ്പത്തിനും പരിഭ്രാന്തിക്കും ഇടയാക്കി. ZP5151 എന്ന രജിസ്ട്രേഷൻ നമ്പറിലുള്ള ഇന്ത്യൻ എയർ ഫോഴ്സിന്റെ ഹെലികോപ്റ്ററാണ് നിലയ്ക്കലിലെ ഹെലിപ്പാഡിന് മുകളിലെത്തിയത്. ഹെലിപ്പാഡിൽ ലാൻഡ് ചെയ്യുമെന്ന് കരുതിയെങ്കിലും ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ നിന്ന ശേഷം ഹെലികോപ്റ്റർ തിരികെ പറന്നുപോവുകയായിരുന്നു. ഹെലികോപ്റ്റർ എത്തിയതിനെക്കുറിച്ചോ തിരികെ പോയതിന്റെ കാരണത്തെക്കുറിച്ചോ നിലയ്ക്കലിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിന് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. അതീവ സുരക്ഷാ മേഖലയായ ശബരിമലയിലും പരിസരങ്ങളിലും വ്യോമസേനയുടെ ഹെലികോപ്റ്റർ സുരക്ഷാ പരിശോധനയുടെ ഭാഗമായി എത്തിയതാണോ അതോ നിരീക്ഷണപ്പറക്കലായിരുന്നോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇന്ത്യൻ വ്യോമസേനയോ കേരള പൊലീസോ ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.




