Uncategorized

കൈക്കൂലി വാങ്ങിയെന്ന് പരാതി; വില്ലേജ് മുന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം

കല്‍പ്പറ്റ: ഭൂമിയുടെ വില നിര്‍ണയ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് കൈക്കുലി വാങ്ങിയെന്ന പരാതിയില്‍ മുട്ടില്‍ സൗത്ത് വില്ലേജ് മുന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ കെ.ഒ. സിന്ധുവിനെതിരേ വിജിലന്‍സ് ട്രൈബ്യൂണല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവായിവില്ലേജില്‍ താമസക്കാരിയായ വനിതയുടെ പരാതിയാണ് ഉത്തരവിന് ആധാരം. 5.05 സെന്‍റ് സ്ഥലത്തിന് വില നിര്‍ണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ 5,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതില്‍ 3,500 രൂപ നല്‍കിയിട്ടും സര്‍ട്ടിഫിക്കറ്റ് അനുവദിച്ചില്ലെന്നുമാണ് പരാതി.

പ്രാഥമികാന്വേഷണത്തിനുശേഷം വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ക്കെതിരേ വിജിലന്‍സ് ട്രൈബ്യൂണല്‍ അന്വേഷണം ശിപാര്‍ശ ചെയ്തിരുന്നു. റിപ്പോര്‍ട്ട് പരിശോധിച്ച സര്‍ക്കാര്‍ ഓഫിസര്‍ക്കെതിരേ വിജിലന്‍സ് ട്രൈബ്യൂണല്‍ അന്വേഷണത്തിന് താത്കാലിക തീരുമാനമെടുത്തു. പിന്നീട് കുറ്റപത്രവും കുറ്റാരോപണ പത്രികയും നല്‍കി. തുടര്‍ന്ന് പ്രതിവാദപത്രികയില്‍ അഭ്യര്‍ഥിച്ചതുപ്രകാരം ഓഫിസറെ വിജിലന്‍സ് അഡീഷണല്‍ സെക്രട്ടറി നേരില്‍ക്കേട്ടു.

കൈക്കുലി ആവശ്യപ്പെടുകയോ വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് പ്രതിവാദ പത്രികയിലും വിജിലന്‍സ് അഡീഷണല്‍ സെക്രട്ടറി മുമ്പാകയെും ഓഫിസര്‍ ബോധിപ്പിച്ചത്. ഉയര്‍ന്ന വില കാണിച്ച് വാല്യുവേഷന്‍ സര്‍ട്ടിഫിക്കറ്റ് നിയമപരമായി നല്‍കാന്‍ സാധിക്കില്ലെന്ന നിലപാട് സ്വീകരിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിന്നിലെന്നും പ്രതിവാദ പത്രികയില്‍ ബോധിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ നേരത്തേയെടുത്ത താത്കാലിക തീരുമാനം സ്ഥിരപ്പെടുത്തിയാണ് സര്‍ക്കാര്‍ ഉത്തരവ്.

കോഴിക്കോട് വിജിലന്‍സ് ട്രൈബ്യൂണല്‍ കേസില്‍ സമഗ്രാന്വേഷണം സമയബന്ധിതമായി നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ പറയുന്നു. സര്‍ക്കാരിനുവേണ്ടി കേസ് നടത്തുന്നതിന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോയെ ചുമതലപ്പെടുത്തി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button