എൻഎസ്‌യുഐ നേതാവിനെ മർദിച്ച പൊലീസുകാർക്കെതിരെ കേസെടുക്കണം; ജയ്പൂരിൽ കോൺഗ്രസ് നേതാക്കളുടെ പ്രതിഷേധം

ജയ്പൂർ: ദില്ലിയിൽവെച്ച് എൻഎസ്‌യുഐ നേതാവിനെ മർദിച്ച ഡൽഹി പൊലീസ് വനിതാ കോൺസ്റ്റബിളിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് രാജസ്ഥാൻ കോൺഗ്രസ് അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദോട്ടസരയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാക്കൾ ജയ്പൂർ പൊലീസ് കമ്മീഷണറേറ്റിൽ രാത്രി മുഴുവൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു. മോത്തി ഡുംഗ്രി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറായില്ലെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. ഇതേത്തുടർന്നാണ് നേതാക്കൾ പൊലീസ് കമ്മീഷണറേറ്റിലെത്തിയത്.
കമ്മീഷണറേറ്റിന്റെ ഇടനാഴിയിൽ കിടന്നാണ് നേതാക്കൾ പ്രതിഷേധം നടത്തിയത്. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കില്ലെന്ന് ഗോവിന്ദ് സിംഗ് ദോട്ടസര വ്യക്തമാക്കി. രാജ്യത്ത് ജനങ്ങൾക്കിടയിൽ രണ്ട് നിയമങ്ങൾ ഉണ്ടാകാൻ പാടില്ലെന്നും ബിജെപി ഭരിക്കുന്ന രാജസ്ഥാനിൽ പരാതി നൽകിയിട്ടും എന്തുകൊണ്ടാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാത്തതെന്നും അദ്ദേഹം ചോദിച്ചു.
ഒക്ടോബർ 13ന് ഡൽഹിയിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഡൽഹി പൊലീസ് കോൺസ്റ്റബിൾ ചഞ്ചൽ യാദവ് തന്നെ മർദിച്ചതെന്ന് എൻഎസ്‌യുഐ നേതാവ് പരാതിപ്പെട്ടിരുന്നു. സംഭവത്തിൽ മലയാളിയായ ആതിരയ്ക്കും രാജസ്ഥാൻ സ്വദേശിയായ ഋതുവിനും പൊലീസ് മർദനമേറ്റിരുന്നു. ആതിര നൽകിയ പരാതിയിൽ കേരള പൊലീസ് സീറോ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ, രാജസ്ഥാനിൽ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ ആരോപിക്കുന്നത്.




