ന്യൂഡൽഹി: ഫെബ്രുവരി 14 പശു ആലിംഗന ദിനം(കൗ ഹഗ് ഡേ) ആയി ആചരിക്കണമെന്ന ഉത്തരവ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് പിൻവലിച്ചു. പ്രണയദിനത്തിൽ പശുവിനെ കെട്ടിപ്പിടിക്കണമെന്ന ഫെബ്രുവരി ആറാം തീയതിയിലെ ഉത്തരവ് വ്യാപക വിമർശനത്തിന് ഇടയാക്കിയതിന് പിന്നാലെയാണ് നടപടി.
ഉത്തരവ് പിൻവലിക്കുന്നതായി മൃഗക്ഷേമ ബോർഡ് സെക്രട്ടറി എസ്.കെ. ദത്ത പുറപ്പെടുവിച്ച സർക്കുലറിൽ വ്യക്തമാക്കി. എന്നാൽ എന്ത് കാരണത്താലാണ് ഉത്തരവ് പിൻവലിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
പാശ്ചാത്യ സംസ്കാരത്തിന്റെ അതിപ്രസരം തടയാനും ഇന്ത്യൻ സംസ്കാരത്തെ ഉയർത്തിപ്പിടിക്കാനുമാണ് പശുവിനെ ആലിംഗനം ചെയ്യാനുള്ള പരിപാടികൾ നടത്താൻ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയത്.