ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 3,28,083 പുതിയ റേഷൻ കാർഡുകൾ വിതരണം ചെയ്തെന്നു മന്ത്രി ജി.ആർ.അനിൽ.
77,313 പിങ്ക് കാർഡുകളും 2,44,012 വെള്ളക്കാർഡുകളും 6,758 ക്ഷേമ സ്ഥാപനങ്ങൾക്കുള്ള കാർഡുകളുമാണ് വിതരണം ചെയ്തത്. റേഷൻ കാർഡുകൾ ലഭ്യമാക്കുന്നതിനുള്ള സാങ്കേതിക തടസങ്ങൾ മാറ്റി വാടകയ്ക്കു താമസിക്കുന്നവർക്കും തെരുവോരത്തു താമസിക്കുന്നവർക്കും ആധാർകാർഡ് പരിശോധിച്ചു റേഷൻ കാർഡ് നൽകുന്നതിനു സർക്കാരിന് കഴിഞ്ഞു. അനർഹർ കൈവശം വച്ചിരുന്ന റേഷൻകാർഡുകൾ സറണ്ടർ ചെയ്യുന്നതുൾപ്പെടെ 20,687 എഎവൈ കാർഡുകൾ 2,66,875 പിഎച്ച്എച്ച് കാർഡുകളും അർഹരായവർക്ക് തരംമാറ്റി നൽകാനും സാധിച്ചു. സർക്കാരിന്റെ രണ്ടാം വർഷ 100 ദിന പരിപാടിയിൽ ഉൾപ്പെടുത്തി 50,461 പേർക്കു മുൻഗണനാ റേഷൻ കാർഡുകൾ നൽകാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആഗിൽ അറസ്റ്റിലായത് 2172 പേർ
സംസ്ഥാനത്തെ ഗുണ്ടകളെ അമർച്ച ചെയ്യുന്നതിനായി കേരള പോലീസ് നടത്തിയ ഓപ്പറേഷൻ ആഗ് പ്രത്യേക ഡ്രൈവിൽ കഴിഞ്ഞ ദിവസം വരെ 2172 പേർ അറസ്റ്റിലായിട്ടുണ്ടെ ന്നു മുഖ്യമന്ത്രി പിണറായി വിജയൻ. വിവിധ കേസുകളിൽ വാറണ്ട ുള്ള 900 പ്രതികളെ അറസ്റ്റ് ചെയ്തു. ഇതിന്റെ ഭാഗമായി 4085 സ്പെഷ്യൽ ഡ്രൈവുകൾ നടത്തി 2030 കേസുകൾ രജിസ്റ്റർ ചെയ്തു. ഓപ്പറേഷൻ ആഗ് തുടരുവാൻ സംസ്ഥാന പോലീസ് മേധാവി കർശന നിർദേശം നൽകി.
ഈറ്റ് റൈറ്റ് ആപ് ഉടൻ
സംസ്ഥാനത്ത് ഹൈജീൻ റേറ്റിംഗുള്ള ഹോട്ടലുകളുടെ വിവരങ്ങൾ പൊതുജനങ്ങൾക്കും ലഭ്യമാകുന്ന രീതിയിലുള്ള ഈറ്റ് റൈറ്റ് ആപ്പ് ഉടൻ പ്ലേസ്റ്റോറിൽ ലഭ്യമാകുമെന്നു മന്ത്രി വീണാ ജോർജ്. ഭക്ഷണ ശാലകളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.