23.8 C
Iritty, IN
October 5, 2024
  • Home
  • Uncategorized
  • വയനാട്ടില്‍ കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യംചെയ്ത നാട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍.*
Uncategorized

വയനാട്ടില്‍ കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യംചെയ്ത നാട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍.*

വയനാട്ടില്‍ കടുവ ചത്ത സംഭവം: വനംവകുപ്പ് ചോദ്യംചെയ്ത നാട്ടുകാരന്‍ തൂങ്ങിമരിച്ച നിലയില്‍.*
അമ്പലവയല്‍ (വയനാട്): പൊന്‍മുടിക്കോട്ടയില്‍ ദിവസങ്ങളോളം ഭീതിപരത്തിയ കടുവ ചത്തനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വനംവകുപ്പ് അധികൃതര്‍ ചോദ്യംചെയ്ത നാട്ടുകാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അമ്പുകുത്തി പാടിപറമ്പ് നാലുസെന്റ് കോളനിയിലെ ഹരിയെ പുലര്‍ച്ചെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹരിയെ കഴിഞ്ഞ ദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തിരുന്നു. ഒരാഴ്ച മുമ്പാണ് പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ കുട്ടിക്കടുവയെ കഴുത്തില്‍ കുരക്ക് മുറുകി ചത്ത നിലയില്‍ കണ്ടെത്തിയത്. വൈകുന്നേരം അഞ്ച് മണിയോടെ ഹരിയടക്കമുള്ളവര്‍ കടുവ ചത്ത് കിടക്കുന്നത് കണ്ടെന്നാണ് വനംവകുപ്പിന് ലഭിച്ചിരുന്ന വിവരം.ഒന്നരവയസ്സുള്ള ആണ്‍കടുവയെ ചത്ത നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് സ്ഥലം ഉടമക്കെതിരെ വനംവകുപ്പ് കേസെടുത്തിരുന്നു. എന്നാല്‍ തന്റെ പറമ്പില്‍ അതിക്രമിച്ച് കടന്ന് കുരുക്ക് സ്ഥാപിച്ചവരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മുഹമ്മദ് അമ്പലവയല്‍ പോലീസില്‍ പരാതി നല്‍കി, ഇതോടെയാണ് കടുവയുടെ ജഡം ആദ്യം കണ്ടവരെക്കുറിച്ച് അന്വേഷണം തുടങ്ങിയത്.

ഹരിയുടെ മരണത്തില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് ബത്തേരിയില്‍ ദേശീയപാത ഉപരോധിക്കും. ചോദ്യംചെയ്യലിനുശേഷം കേസില്‍ കുടുക്കുമെന്ന് ഹരി ഭയപ്പെട്ടിരുന്നതായി കുടുംബം പറയുന്നു. കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ ആയിരുന്നു ഹരിയെന്നും കുടുംബം പറയുന്നു. എന്നാല്‍, ആരോപണം വനംവകുപ്പ് നിഷേധിച്ചിട്ടുണ്ട്. ഹരിയെ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നും സാക്ഷിയാക്കിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു. കാര്യങ്ങള്‍ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നാണ് വിശദീകരണം.

ഏതാണ്ട് ഒന്നരവയസ്സു പ്രായമുള്ള ആണ്‍കടുവയാണ് അടുത്തിടെ ചത്തത്. അമ്പുകുത്തി 19 പാടിപറമ്പ് പാതയോരത്തെ തോട്ടത്തിലാണ് ജഡം കണ്ടെത്തിയത്. കഴുത്തില്‍ കുരുക്കുകുരുങ്ങിയനിലയിലായിരുന്നു ജഡം. കടുവ ചത്തത് കഴുത്തില്‍ കുരുക്കുമുറുകിയാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ തോട്ടമുടമയുടെപേരില്‍ കേസെടുത്തു.ചത്ത കടുവയെ കണ്ടെത്തിയ തോട്ടത്തിന്റെ ഉടമയായ പള്ളിയാലില്‍ മുഹമ്മദിന്റെ പേരിലാണ് വന്യജീവിസംരക്ഷണനിയമത്തിലെ വേട്ടയാടല്‍ നിരോധനനിയമപ്രകാരം കേസെടുത്തത്. കടുവയെ ചത്തനിലയില്‍ കണ്ടെത്തിയ ദിവസം അമ്പുകുത്തി വെള്ളച്ചാട്ടം, റേഷന്‍കടയ്ക്ക് സമീപത്തെ പാറയില്‍നിന്ന് ഒരു പുലി റോഡിലേക്കിറങ്ങുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. സമീപത്തെ തോട്ടത്തിലേക്കാണ് പുലി പിന്നീട് കയറിപ്പോയത്. സമീപവാസികള്‍ പുലിയെ തിരയുന്നതിനിടെയാണ് പാടിപറമ്പിലെ തോട്ടത്തില്‍ കടുവയുടെ ജഡം കണ്ടെത്തിയത്. ഉടന്‍ വനപാലകരെ വിവരമറിയിച്ചു.

ഏഴുമണിയോടെ വനപാലകരെത്തി ജഡം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടുപോയിരുന്നു. പൊന്‍മുടിക്കോട്ട, എടക്കല്‍, അമ്പുകുത്തി പ്രദേശങ്ങളില്‍ രണ്ടുമാസത്തിലേറെയായി വന്യമൃഗങ്ങളെ ആക്രമിച്ച കടുവകളില്‍ ഒന്നാണ് ചത്തത്. പൊന്‍മുടിക്കോട്ടയില്‍ രണ്ടുമാസംമുമ്പ് വനംവകുപ്പിന്റെ കൂട്ടിലകപ്പെട്ട കടുവയുടെ കുഞ്ഞാണിതെന്നാണ് നിഗമനം.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline: 1056, 0471-2552056)

Related posts

‘സാധനം വാങ്ങാൻ ആളെത്തുന്നതും കാത്ത് കൊച്ചുവേളിയിൽ ഒളിച്ചിരുന്നു’; മയക്കുമരുന്നുമായി യുവാവ് പിടിയിൽ

Aswathi Kottiyoor

കൊല്ലത്തെ തട്ടിക്കൊണ്ടുപോകൽ കേസ്: കുട്ടിയുടെ അച്ഛൻ താമസിച്ച ഫ്ലാറ്റിൽ പൊലീസ് പരിശോധന

Aswathi Kottiyoor

50 അടി താഴ്ചയുള്ള കിണർ വൃത്തിയാക്കാനിറങ്ങി, താഴെയെത്തിയതും ശ്വാസംമുട്ടി; തൊഴിലാളിക്ക് രക്ഷയായി ഫയർഫോഴ്സ്

Aswathi Kottiyoor
WordPress Image Lightbox