Uncategorized

കാസർകോട്ടെ തൂഫാൻ കേസ്; രണ്ട് മാസത്തിനിടെ പ്രതികൾക്ക് 49 ലക്ഷം രൂപയുടെ ഇടപാട്; പണം അയച്ചത് ബെംഗളൂരു യുവതിക്ക്

കാസര്‍കോട്: മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ കോഡിനേറ്റര്‍ എന്നവകാശപ്പെടുന്നയാള്‍ ഉള്‍പ്പെട്ട കാസര്‍കോട്ടെ എംഡിഎംഎ കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികളുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതില്‍ നിന്നാണ് സംഘത്തിന് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിച്ചത്. പ്രതികളുടെ അക്കൗണ്ടുകളില്‍ നിന്ന് ബെംഗളൂരുവിലേക്ക് പണം അയച്ചുവെന്നും രണ്ട് മാസത്തിനിടെ മാത്രം 49 ലക്ഷം രൂപയുടെ ഇടപാടുകളാണ് നടന്നതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു.

കേസിലെ പ്രതികളായ മുഹമ്മദ് ഹുസൈന്‍, സൈനുല്‍ ആബിദ്, അബ്ദുള്‍ സലാം എന്നിവരുടെ അക്കൗണ്ടുകളില്‍ നിന്നും ബെംഗളൂരുവിലെ റിയ എന്ന യുവതിയുടെ രണ്ട് അക്കൗണ്ടുകളിലേക്കാണ് പണം അയച്ചതെന്നും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരിക്കടത്തിന് പ്രതികളെ സഹായിച്ചത് റിയ എന്ന യുവതിയാണെന്നും നൈജീരിയന്‍ സംഘത്തില്‍ നിന്നും എംഡിഎംഎ വാങ്ങുമ്പോള്‍ കൂടെ റിയ ഉണ്ടായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇടനിലക്കാരില്ലാതെയായിരുന്നു നൈജീരിയന്‍ സംഘവുമായുള്ള ആബിദിന്റെ ഇടപാട്.

ബെംഗളൂരുവില്‍ നിന്ന് സ്വകാര്യ ബസിലാണ് എംഡിഎംഎ എറണാകുളത്ത് എത്തിച്ചത് എന്നാണ് വിവരം. പ്രതികളുടെ വിദേശയാത്രകളും അന്വേഷണ പരിധിയിലുണ്ട്. പ്രതി അബ്ദുള്‍ സലാം ഒരു വര്‍ഷത്തിനിടെ നടത്തിയത് നിരവധി വിദേശ യാത്രകളാണ് എന്നാണ് വിവരം. തായ്‌ലന്‍ഡ്, മലേഷ്യ, യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള യാത്ര ലഹരി ഇടപാടുകളുടെ ഭാഗമായിരുന്നുവെന്നാണ് സംശയം. വിദേശത്ത് ഒളിവിലുള്ള കുപ്രസിദ്ധ ഗുണ്ടാ നേതാവ് അനസ് പെരുമ്പാവൂരിന്റെ ലഹരി ഇടപാടുകളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും സൂചന ഉണ്ട്. അബ്ദുള്‍ സലാം നേരത്തെ അനസ് പെരുമ്പാവൂരിന്റെ സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ആളാണ്. മറ്റൊരു പ്രതിയായ സൈനുല്‍ ആബിദിന്റെ കേസുകളുടെ വിശദാംശങ്ങളും പൊലീസ് ശേഖരിച്ചു. സൈബര്‍ തട്ടിപ്പ് അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് ആബിദ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button