Uncategorized

‘സമീപകാലത്ത് മുഖ്യമന്ത്രി പാര്‍ട്ടിക്കും മുകളിൽ; പിണറായി വിജയനെ തിരുത്താന്‍ സെക്രട്ടറിക്ക് പോലും ധൈര്യമില്ല’

കോഴിക്കോട്: തളിപ്പറമ്പില്‍ പി കെ ശ്യാമളയായിരുന്നില്ല എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെങ്കില്‍ താന്‍ മത്സരരംഗത്ത് ഉണ്ടാവില്ലായിരുന്നുവെന്ന് നിയുക്ത എംഎല്‍എ ടി കെ ഗോവിന്ദന്‍. മണ്ഡലത്തില്‍ എന്‍ സുകന്യ മത്സരിക്കുന്നതിനെ നൂറ് ശതമാനം സ്വാഗതം ചെയ്തിരുന്നു. അവരുടെ പേര് പലരും നിര്‍ദേശിച്ചിരുന്നുവെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ നിന്നും ഒരു വനിതാ സ്ഥാനാര്‍ത്ഥി മത്സരിക്കണം. അത് തളിപ്പറമ്പില്‍ നിന്നായിരിക്കണം. അത് ശ്യാമളയായിരിക്കണം എന്നായിരുന്നു പാര്‍ട്ടി നിലപാട്. പലരും സുകന്യയുടെ പേര് പറഞ്ഞിരുന്നു. പക്ഷെ ഏകകണ്ഠമായി ശ്യാമളയെ തെരഞ്ഞെടുത്തുവെന്ന റിപ്പോര്‍ട്ട് സംസ്ഥാന സെക്രട്ടറിയേറ്റിന് ജയരാജന്‍ കൊടുക്കുകയായിരുന്നുവെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. പി പി ദിവ്യയെ അവര്‍ എടുത്ത നിലപാടിന്മേലാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. എന്നാല്‍ ദിവ്യയോട് എടുത്ത നിലപാടല്ല ആന്തൂര്‍ വിഷയത്തില്‍ ശ്യാമളയോട് എടുത്തത്. ശ്യാമള സംരക്ഷിക്കപ്പെടുകയായിരുന്നുവെന്നും ടി കെ ഗോവിന്ദന്‍ ഉന്നയിച്ചു.സമീപകാലത്ത് മുഖ്യമന്ത്രി പാര്‍ട്ടിക്ക് മുകളിലും സെക്രട്ടറി പാര്‍ട്ടി താഴെയുമാണെന്നും ടി കെ ഗോവിന്ദന്‍ വിമര്‍ശനാത്മകമായി ചൂണ്ടിക്കാട്ടി. പിണറായി വിജയനെ തിരുത്താന്‍ പാര്‍ട്ടി സെക്രട്ടറിക്ക് പോലും ധൈര്യം ഇല്ല. ഇപ്പോള്‍ എല്ലാം മുഖ്യമന്ത്രി തീരുമാനിക്കും. പാര്‍ട്ടി കാര്യങ്ങളും ഭരണകാര്യങ്ങളും മുഖ്യമന്ത്രി തീരുമാനിക്കും. അതിനെ ചോദ്യം ചെയ്യാന്‍ ഒരാളും ധൈര്യം കാണിച്ചില്ലെന്നാണ് പാര്‍ട്ടിയുടെ തകര്‍ച്ചയ്ക്ക് കാരണം. എം വി ഗോവിന്ദന്‍ ആ അധികാരം ഉപയോഗിക്കാത്തത് ദൗര്‍ബല്യമാണ്. ഭരിക്കുന്നവര്‍ തോന്നുന്നതുപോലെ ചെയ്ത് പാര്‍ട്ടികൊണ്ട് അംഗീകരിപ്പിക്കുകയാണ്. ഭരണത്തെക്കുറിച്ച് പാര്‍ട്ടിക്ക് അകത്ത് ചര്‍ച്ച നടന്നില്ല. താഴെയുള്ള വികാരം അംഗീകരിക്കാന്‍ മുകളിലുള്ളവര്‍ തയ്യാറായില്ലെന്നും ടി കെ ഗോവിന്ദന്‍ പറഞ്ഞു. താന്‍ തളിപ്പറമ്പില്‍ നിന്നും മത്സരിക്കുന്ന വിവരം പിണറായി വിജയനോട് സംസാരിച്ചിട്ടില്ല. മത്സരിക്കാന്‍ അര്‍ഹതയുള്ളയാളാണെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button