കേരള ചിക്കൻ സാമൂഹികാരോഗ്യം ഉറപ്പ് നൽകും
: ഡോ.എ കൌശിഗൻ ഐ.എ.എസ്
കേരളത്തിൽ സുരക്ഷിതവും സ്ഥായിയും ആരോഗ്യകരവുമായ കോഴിയിറച്ചി ഉൽപ്പാദിപ്പിക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ കേരള ചിക്കൻ പദ്ധതി വഴി സാമൂഹികാരോഗ്യം ഉറപ്പ് നൽകുമെന്ന് മൃഗസംരക്ഷണ വകുപ്പ് ഡയറക്ടർ ഡോ.എ കൌശിഗൻ ഐ.എ.എസ്. കുടുംബശ്രീയും മൃഗസംരക്ഷണ വകുപ്പും സംയുകതമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച വർക്ക്ഷോപ്പിനെ സ്വാഗതം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുതൽമുടക്കിനേക്കാൾ ലാഭം കിട്ടുന്ന ഉൽപ്പാദന മേഖല കൂടിയാണ് ബ്രോയിലർ ചിക്കനെങ്കിലും കേരള ചിക്കൻ ഉൽപ്പാദന ചെലവിൽ മാത്രമല്ല ഗുണമേൻമയിലും ഏറെ മുന്നിലാണെന്ന് വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്ത് കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറും കുടുംബശ്രീ ബ്രോയിലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ചെയമാൻ & മാനേജിംഗ് ഡയറക്ടർ കൂടിയായ ജാഫർ മാലിക്ക് ഐ.എ.എസ് പറഞ്ഞു. ഭക്ഷ്യസുരക്ഷ മുൻനിർത്തി സുരക്ഷിത ചിക്കൻ ഉൽപ്പാദിപ്പിച്ച് നൽകുന്നതിലൂടെ സാമൂഹികാരോഗ്യത്തിനൊപ്പം കുടുംബശ്രീയ്ക്ക് വരുമാനം കൂടിയാണ് ലക്ഷ്യമിടുന്നതെന്നും ജാഫർ മാലിക്ക് ഐ.എ.എസ് പറഞ്ഞു.
സൂക്ഷ്മാണുക്കൾക്കെതിരെയുള്ള ചെറുത്തുനിൽപ്പ് എന്ന വിഷയത്തിൽ സംവാദങ്ങൾ വർക്ക്ഷോപ്പിന്റെ ഭാഗമായി നടന്നു. ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് എന്നത് ഭാവിയിലെ പ്രശ്നമല്ല ,വർത്തമാന കാലത്തെ പ്രശ്നമാണെന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അണുബാധാ രോഗവിഭാഗം തലവൻ ഡോ.അരവിന്ദ് ആർ പറഞ്ഞു. നിലവിൽ ആന്റിബയോട്ടിക്കുകളുടെ അമിതോപയോഗം കാരണം ലോകത്ത് ഒരു കോടി മരണങ്ങൾ സംഭവിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. മൽസ്യ-മാംസാദികൾ, പച്ചക്കറികൾ എന്നിവ കഴിക്കുന്നതിലൂടെ മാത്രമല്ല ഡോക്ടറുടെ കുറിപ്പ് ഇല്ലാതെ ഓൺലൈൻ വഴി വാങ്ങുന്ന വേദനസംഹാരികളും മറ്റ് മരുന്നുകളും വഴിയുമാണ് 50-60 ശതമാനം രോഗങ്ങളും വരുന്നതെന്നും അദ്ദേഹം പറഞ്ഞു. പൌൾട്രി റെഗുലേഷൻ ആക്ടു് പോലുളള നിയമങ്ങും ചട്ടങ്ങളും നിലവിൽ വന്നാൽ ഇത്തരം പ്രത്യാഘാതങ്ങൾ കുറയ്ക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
ആന്റിബയോട്ടിക്കുകളുടെ അതിപ്രസരം നിറഞ്ഞ ഇക്കാലത്ത്, ഏറെ ആരോഗ്യവും സുരക്ഷിതവുമായ ജൈവ രീതിയിൽ വളർത്തുന്ന കേരള ചിക്കന് വിപണിയിൽ വലിയ പ്രാധാന്യം ലഭിക്കുമെന്ന് വെറ്ററിനറി സർവ്വകലാശാലയുടെ ഏവിയൻ സയൻസസ് കോളേജ് സ്പെഷ്യൽ ഓഫീസർ ഡോ.എസ് ഹരികൃഷ്ണൻ പറഞ്ഞു. കോഴികളെ വളർത്തുന്നവർ ബയോസെക്യൂരിറ്റി രീതിയിൽ പക്ഷികളെ വളർത്താൻ ശ്രദ്ധിക്കണം. സന്ദർശകർക്ക് കർശന നിയന്ത്രണം, കോഴിഫാം പരിസരം, വാഹനങ്ങൾ ,വെള്ളം, പൌൾട്രി ഉപകരണങ്ങൾ തുടങ്ങിയവ വൃത്തിയായി സൂക്ഷിക്കുന്നതിലൂടെ പക്ഷികളുടെ അസുഖങ്ങൾ ഒരു പരിധി വരെ തടഞ്ഞു നിർത്താനാകുമെന്നതിനാൽ എല്ലാ കോഴികർഷകരും ഇവ കർശനമായും പിന്തുടരണമെന്നും ഡോ.എസ് ഹരികൃഷ്ണൻ പറഞ്ഞു.
സ്ഥായിയായ ആരോഗ്യ സുരക്ഷ ഉറപ്പുവരുത്തി എങ്ങനെ ബ്രോയിലർ കോഴികളെ ഉൽപ്പാദിപ്പിക്കാം എന്ന വിഷയത്തെ ആസ്പദമാക്കി നടന്ന വർക്ക്ഷോപ്പിൽ ഡോ.ഹരികൃഷ്ണൻ എസ് ,ഡോ. സൂര്യ ശങ്കർ, ഡോ.ജെസ്സ് ജോർജ്, ഡോ.പുണ്യമൂർത്തി, ഡോ.ശ്രീനിവാസ് ഗുപ്ത, ഡോ.നൌഷാദ് അലി ,ഡോ.ടോണി ജോസ്, ഡോ.നടരാജൻ , ഡോ.ഈപ്പൻ ജോൺ, ഡോ.സെൽവകുമാർ, ഡോ.റാണാ രാജ് , ഡോ. ചന്ദ്രപ്രസാദ്, ഡോ.സ്വപ്ന സൂസൻ എബ്രഹാം, ഡോ.ബിജുലാൽ, ഡോ.സജീവ് കുമാർ, ഡോ.സുനിൽ കുമാർ, ഡോ.അനുരാജ്, ഡോ.സുധി ആർ, ഡോ.ടി.എം ബീനാ ബീവി, ഡോ.റെനി ജോസഫ്, ഡോ.ബേബി കെ കെ,ഡോ.ബിനോജ് ചാക്കോ, എന്നിവർ പങ്കെടുത്തു സംവദിച്ചു. മൃഗസംരക്ഷണ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ.കെ സിന്ധു നന്ദി പ്രകാശിപ്പിച്ചു.
- Home
- Uncategorized
- കേരള ചിക്കൻ സാമൂഹികാരോഗ്യം ഉറപ്പ് നൽകും : ഡോ.എ കൌശിഗൻ ഐ.എ.എസ്