തിരുവനന്തപുരം∙ വന്യജീവി ആക്രമണം നിയന്ത്രിക്കാനുള്ള പദ്ധതിക്ക് സംസ്ഥാന ബജറ്റിൽ തുക വകയിരുത്തിയേക്കും. 400 കോടിയുടെ പദ്ധതിയാണ് അംഗീകാരത്തിനായി വനം വകുപ്പ് ധനവകുപ്പിനു സമർപ്പിച്ചിരിക്കുന്നത്. നാട്ടിലിറങ്ങുന്ന വന്യജീവികളെ കാട്ടിലേക്കു തുരത്താൻ ദ്രുതകർമ സേനയുടെ (ആർആർടി) 25 യൂണിറ്റുകൾ രൂപീകരിക്കാനും വനാതിർത്തിയിൽ 20 ഫോറസ്റ്റ് സ്റ്റേഷനുകൾ സജ്ജമാക്കാനും വനംവകുപ്പ് ശുപാർശ ചെയ്തു.
പ്രശ്നം രൂക്ഷമായ വയനാട്, ഇടുക്കി, പാലക്കാട് ജില്ലകളിലെ പദ്ധതികൾക്കായിരിക്കും കൂടുതൽ തുക. സൗരോർജ വേലി, കിടങ്ങുകൾ, ക്രാഷ് ഗാർഡ് റോപ് ഫെൻസിങ്, കിടങ്ങുകൾ എന്നിവയ്ക്കു പുറമേ തൂക്കിയിടാവുന്ന സൗരോർജ വേലി, ജൈവവേലി എന്നിവ സ്ഥാപിക്കാൻ കൂടുതൽ തുക ആവശ്യപ്പെട്ടിട്ടുണ്ട്.
മുന്നറിയിപ്പു സംവിധാനം, ഡ്രോൺ ഉപയോഗിച്ചുള്ള തിരച്ചിൽ, വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ സ്ഥാപിക്കൽ തുടങ്ങിയവയ്ക്കും തുക ആവശ്യപ്പെട്ടിട്ടുണ്ട്.