27.8 C
Iritty, IN
July 7, 2024
  • Home
  • Kerala
  • അദാനി ഗ്രൂപ്പ് ഓഹരികൾ കൂപ്പുകുത്തി; ഇടിവ് 20 ശതമാനത്തിൽ മേലെ
Kerala

അദാനി ഗ്രൂപ്പ് ഓഹരികൾ കൂപ്പുകുത്തി; ഇടിവ് 20 ശതമാനത്തിൽ മേലെ

അദാനി ഗ്രൂപ്പ് ഓഹരികള്‍ക്ക് മാർക്കറ്റിൽ വൻ തകർച്ച. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ ഇരുപതു ശതമാനത്തോളം ഇടിവാണ് ഗ്രൂപ്പ് ഓഹരികള്‍ക്കുണ്ടായത്. അദാനി ഗ്രൂപ്പിന്‍റെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. അദാനി ഗ്രൂപ്പ് ഓഹരിവില പെരുപ്പിച്ചുകാട്ടി വിപണയെ കബളിപ്പിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിറകെയാണ് ഓഹരികൾ കൂപ്പുകുത്തിയത്. യഥാര്‍ത്ഥ മൂല്യത്തിന്റെ 85 ശതമാനം വരെ ഓഹരിവില പെരുപ്പിച്ചുകാട്ടിയെന്നാണ് ആക്ഷേപം.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്നലെ അഞ്ച് ശതമാനത്തോളം ഇടിവ് നേരിട്ട അദാനി ഓഹരികള്‍ ഇന്ന് കൂപ്പുകുത്തുകയായിരുന്നു. ബുധനാഴ്ച റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെ ഏകദേശം 90,000 കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയില്‍ അദാനി ഗ്രൂപ്പ് നേരിട്ടത്. നിക്ഷേപകര്‍ ഓഹരികള്‍ വിറ്റൊഴിച്ച് തുടങ്ങിയതോടെ ഹിന്‍ഡന്‍ബര്‍ഗിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന അറിയിപ്പുമായി അദാനി ഗ്രൂപ്പ് രംഗത്തുവന്നിരുന്നു. എല്ലാ അദാനി കമ്പനികളും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്. അദാനി ഗ്രൂപ്പിന്റെ ഇടിവ് മുംബൈ, ദേശീയ ഓഹരി സൂചികളിലും പ്രതിഫലിച്ചു.

യുഎസ് ആസ്ഥാനമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രണ്ട് വര്‍ഷം കൊണ്ട് നടത്തിയ പഠനങ്ങളിലെ കണ്ടെത്തലുകളാണ് അദാനി ഗ്രൂപ്പിന് തിരിച്ചടിയാകുന്നത്. കമ്പനിയുടെ അക്കൗണ്ടിങ്ങിലും ഭരണ സംവിധാനത്തിലും വലിയ ക്രമക്കേടുകളുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നത്. വിപണിയില്‍ വലിയ കൃത്രിമം നടത്തുന്ന അദാനി ഗ്രൂപ്പിന്റെ ഏഴ് കമ്പനികളുടെ ഓഹരിവില ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഒരുകൂട്ടം കടലാസ് കമ്പനികള്‍ ഉപയോഗിച്ചാണ് അദാനിയുടെ തട്ടിപ്പെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഗണ്യമായ തോതില്‍ കടംവാങ്ങിക്കൂട്ടുന്നതും സംശയദൃഷ്ടിയോടെയാണ് ഹിന്‍ഡന്‍ബര്‍ഗ് ചൂണ്ടിക്കാട്ടുന്നത്. അദാനി ഗ്രൂപ്പിന്റെ മുന്‍ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചും വിവിധ രാജ്യങ്ങളിലെ രേഖകള്‍ പരിശോധിച്ചുമാണ് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.

എന്നാല്‍ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങളെല്ലാം വസ്തുതാ വിരുദ്ധമാണെന്നാണ് അദാനി ഗ്രൂപ്പിന്റെ വിശദീകരണം. ജനുവരി 27ന് നടത്താനിരുന്ന ഓഹരി പൊതുവില്‍പന അട്ടിമറിക്കാനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടതെന്നും അദാനി ഗ്രൂപ്പ് ആരോപിക്കുന്നു.അദാനി അടുത്തിടെ വാങ്ങിയ എസിസി, അംബുജ സിമന്റ്‌സ് ഓഹരികളും തകര്‍ന്നു. ബ്ലൂംബര്‍ഗ് ശതകോടീശ്വര പട്ടികയില്‍ രണ്ടാമതായിരുന്ന ഗൗതം അദാനി നാലാം സ്ഥാനത്തേക്ക് വീണിരുന്നു. പതിനയ്യായിരം കോടി ഡോളര്‍ ആസ്തി പന്ത്രണ്ടായിരമായി കുറഞ്ഞിരുന്നു.

Related posts

ജില്ലയിൽ കമീഷൻ ചെയ്‌തത്‌ 300 സൗര നിലയങ്ങൾ

Aswathi Kottiyoor

ലേബൽ അംഗീകരിക്കുന്നതിനുള്ള അധികാരം ജോയിന്റ് എക്സൈസ് കമീഷണർമാർക്ക് നൽകും: മന്ത്രി

Aswathi Kottiyoor

ഡ്രൈവര്‍മാരുടെ ലഹരി ഉപയോഗം: പോലീസും എം.വി.ഡിയും മിന്നല്‍ പരിശോധന നടത്തണമെന്ന് ഹൈക്കോടതി.

Aswathi Kottiyoor
WordPress Image Lightbox