കാഠ്മണ്ഡു: വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക ബില്‍ പാസ്സാക്കാത്തതിനെത്തുടര്‍ന്ന് നേപ്പാള്‍ വിമാനദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരത്തില്‍ വന്‍തുക കുറവുണ്ടാവും. എയര്‍ ക്യാരിയേഴ്‌സ് ലയബിലിറ്റി ആന്‍ഡ് ഇന്‍ഷുറന്‍സ് ഡ്രാഫ്റ്റ് ബില്ലിന് അംഗീകാരം നല്‍കാത്തതിനെത്തുടര്‍ന്നാണ് കുടുംബങ്ങള്‍ക്ക് ദശലക്ഷങ്ങളുടെ കുറവ് ഉണ്ടാവുക. 2020ല്‍ അന്തിമരൂപം നല്‍കിയ ബില്ലാണ് രണ്ടുവര്‍ഷത്തിലേറെയായി അംഗീകാരം കിട്ടാതെ കെട്ടിക്കിടക്കുന്നത്.1999ലെ മോണ്ട്രിയല്‍ കണ്‍വെന്‍ഷനിലെ ഉപാധികള്‍ അംഗീകരിച്ച് രണ്ടുവര്‍ഷത്തിന് ശേഷമാണ് ബില്ലിന് അന്തിമരൂപം നല്‍കിയത്. കണ്‍വെന്‍ഷനിലെ ഉപാധികള്‍ പ്രകാരം വിമാന ദുരന്തങ്ങളിലുണ്ടാവുന്ന മരണങ്ങള്‍ക്കും പരിക്കുകള്‍ക്കും വിമാനക്കമ്പനിയാണ് കാരണക്കാര്‍. നേപ്പാളിലെ പുതിയ ബില്‍ പ്രകാരം നിലവിലെ നഷ്ടപരിഹാരത്തില്‍ നിന്ന് അഞ്ച് ഇരട്ടി വര്‍ധനയാണ് ഉണ്ടാവുക. വിമാനദുരന്തങ്ങളിലെ ഇരകള്‍ക്ക് കുറഞ്ഞ നഷ്ടപരിഹാരം ഒരുലക്ഷം യു.എസ്. ഡോളര്‍ ആണ് ആഭ്യന്തര വിമാനക്കമ്പനികള്‍ നല്‍കേണ്ടത്. 80 ലക്ഷത്തിലേറെയാണ് ഇന്ത്യന്‍ രൂപയില്‍ ഇതിന്റെ മൂല്യം. നിലവില്‍ 20,000 യു.എസ്. ഡോളറാണ് കുറഞ്ഞ നഷ്ടപരിഹാരത്തുക.വിമാന അപകടമുണ്ടായി 60 ദിവസത്തിനുള്ളില്‍ വിമാനക്കമ്പനിയിലോ ഏജന്റുമാര്‍വശമോ നഷ്ടപരിഹാരം അവകാശപ്പെടണമെന്ന് പുതിയ ബില്‍ പറയുന്നു. മോണ്ട്രിയല്‍ കണ്‍വെന്‍ഷന്റെ പരിഷ്‌കരിച്ച പതിപ്പാണ് ബില്ലെന്ന് നേപ്പാള്‍ ടൂറിസം വകുപ്പ് അവകാശപ്പെട്ടു. കണ്‍വെന്‍ഷനിലെ ഉപാധികളില്‍ ആഭ്യന്തര വിമാനക്കമ്പനികള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്ത വളരെയേറെ ഉപാധികള്‍ ഉണ്ടായിരുന്നെന്നും വകുപ്പ് പറയുന്നു. ബില്ലിന്റെ കരട് തയ്യാറാണെന്നും ഉടന്‍ തന്നെ മന്ത്രിസഭയില്‍ അവതരിപ്പിക്കുമെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു. മന്ത്രിസഭ അംഗീകാരം നല്‍കിയ ശേഷം പാര്‍ലമെന്റിന്റെ പരിഗണനയ്ക്ക് വിടും.
സര്‍ക്കാരുകള്‍ മാറി വരുന്നതും രാജ്യത്തെ രാഷ്ട്രീയ അസ്ഥിരതയുമാണ് ബില്‍ നിയമമാവുന്നത് വൈകാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതേസമയം, വിമാനദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം വൈകാതെ നല്‍കുമെന്ന് അപകടത്തില്‍പ്പെട്ട യെതി എയര്‍ലൈന്‍സ് വിമാനം ഇന്‍ഷുര്‍ ചെയ്ത ഹിമാലയന്‍ എവറസ്റ്റ് ഇന്‍ഷുറന്‍സ് കമ്പനി അറിയിച്ചു.
ജനുവരി 15-നാണ് ജീവനക്കാരടക്കം 72 പേരുടെ മരണത്തിനിടയായ വിമാന അപകടം നേപ്പാളില്‍ നടന്നത്. പൊഖാറയില്‍ ലാന്‍ഡിങ്ങിന് തൊട്ടുമുമ്പ് വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്ന് വീഴുകയായിരുന്നു. ദുരന്തത്തില്‍ മരിച്ചവരില്‍ അഞ്ച് ഇന്ത്യക്കാരുമുണ്ടായിരുന്നു.