22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • ലോകനെറുകയിൽ കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം
Kerala

ലോകനെറുകയിൽ കേരളത്തിന്റെ ഉത്തരവാദിത്വ ടൂറിസം

കേരള ടൂറിസം വാനോളമുയർന്ന നിമിഷം; ന്യൂയോർക്ക്‌ ടൈംസ്‌ പ്രസിദ്ധീകരിച്ച, ലോകത്ത്‌ കണ്ടിരിക്കേണ്ട 52 ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയിൽ കേരളവും. ആ നേട്ടത്തിലേക്ക്‌ വഴിവച്ചത്‌ കോട്ടയം ജില്ലയിലെ ഉത്തരവാദിത്വ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി വിപുലമായ പ്രവർത്തനങ്ങൾ നടക്കുന്ന കുമരകവും മറവൻതുരുത്തും വൈക്കവും. ഈ മൂന്നുപ്രദേശങ്ങളുടെ പേരും കേരളത്തിലെ ഉത്തരവാദിത്വ ടൂറിസം മിഷനെയും പ്രത്യേകം പരാമർശിച്ചാണ്‌ ന്യൂയോർക്ക്‌ ടൈംസിന്റെ റിപ്പോർട്ട്‌. പ്രദേശവാസികളെക്കൂടി ഉൾപ്പെടുത്തി, അവർക്ക്‌ വരുമാനമുണ്ടാക്കുന്ന ടൂറിസം നയമാണ്‌ കേരളത്തിലേതെന്ന്‌ റിപ്പോർട്ടിൽ പറയുന്നു.

കായൽ സൗന്ദര്യത്തിന്റെ 
പാരമ്യത്തിൽ കുമരകം
കുമരകത്തെ കായലോര ഭംഗി ആസ്വദിച്ചുള്ള ജലയാത്രയും പക്ഷിസങ്കേതവും പ്രശസ്‌തമാണ്‌. ഇതോടൊപ്പമാണ്‌, ഗ്രാമീണ ജീവിതവും സംസ്‌കാരവും നേരിട്ടറിയാനുള്ള സൗകര്യങ്ങളുമായി ഉത്തരവാദിത്വ ടൂറിസം മിഷൻ പദ്ധതിയും നടപ്പാക്കുന്നത്‌. നാടൻ ഭക്ഷണത്തിന്റെ രുചിവൈവിധ്യം വേറെ.

ഹൗസ്‌ബോട്ടാണ്‌ കുമരകത്തെ പ്രധാന ആകർഷണം. ആകെയുള്ളത്‌ 130 ഹൗസ്‌ബോട്ടുകൾ. സഞ്ചാരികൾക്ക്‌ പ്രദേശവാസികൾക്കൊപ്പം ഓലമെടയാനും തഴപ്പായ നെയ്യാനും മീൻപിടിക്കാനുമെല്ലാം അവസരമുണ്ട്‌. നാട്ടിൻപുറത്തെ കലാപരിപാടികൾ ആസ്വദിച്ചുള്ള യാത്ര സഞ്ചാരികൾക്ക്‌ നവ്യാനുഭവമേകും.

കഥകൾ കേട്ട്‌ 
മറവൻതുരുത്തിലേക്ക്‌
മറവൻതുരുത്തിൽ എത്തുന്നവരെ ആദ്യം സ്വീകരിക്കുക ആ നാടിന്റെ ചരിത്രകഥകളാണ്‌. ഉത്തരവാദിത്വ ടൂറിസം മിഷന്റെ ഭാഗമായി പരിശീലനം നേടിയ സ്‌റ്റോറി ടെല്ലേഴ്‌സാണ്‌ കഥകൾ പറഞ്ഞ്‌ സഞ്ചാരികളെ സ്വീകരിക്കുക. വാട്ടർസ്ട്രീറ്റ് പദ്ധതിയിലൂടെ ആഗോള ശ്രദ്ധ നേടിയ ടൂറിസം കേന്ദ്രമാണ്‌ മറവൻതുരുത്ത്‌. ജലാശയങ്ങളെ വീണ്ടെടുത്ത് സംരക്ഷിച്ച് ടൂറിസംത്തിനായി ഉപയോഗപ്പെടുത്തുന്ന പദ്ധതിയാണിത്.

കായലും പുഴകളും 18 കനാലുകളും കണ്ടൊരു യാത്ര. കനാൽ കയാക്കിങ് ആണ്‌ മുഖ്യ ആകർഷണം. ഒപ്പം നാട്ടിലെ മൺപാത്ര നിർമാണം, ഓലമെടയൽ, സർപ്പക്കാവുകൾ, കൂടാതെ തീയാട്ടും ഗരുഡൻതൂക്കവുമെല്ലാം കണ്ടാസ്വദിക്കാം. ഇവയുടെ ചരിത്രവും പശ്‌ചാത്തലവും അറിയാം. വീടുകളിൽ ചെന്ന്‌ നാടൻ ഉല്പന്നങ്ങൾ വാങ്ങാം. സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെടുന്ന ആറ്റുവേലക്കടവ്, തുരുത്തുമ്മ തൂക്കുപാലം എന്നിവിടങ്ങളിൽ ഫ്ലോട്ടിങ് ബോട്ട് ജെട്ടി ഉൾപ്പെടെയുള്ള വികസന പ്രവർത്തനങ്ങൾക്ക്‌ ഈയിടെ ടൂറിസം വകുപ്പ്‌ ഒരുകോടി രൂപ അനുവദിച്ചിരുന്നു.

പെപ്പർ ടൂറിസത്തിൽ 
ഉയർന്ന്‌ വൈക്കം
പങ്കാളിത്ത ടൂറിസം പദ്ധതിയായി വൈക്കത്ത്‌ “പെപ്പർ ടൂറിസം’ പൂർണരൂപത്തിലായത്‌ 2020ലായിരുന്നു. 2020 നവംബറിൽ വൈക്കം അന്താരാഷ്‌ട്ര റൂറിസം ഡെസ്‌റ്റിനേഷനായി പ്രഖ്യാപിച്ചു. വൈക്കത്തഷ്‌ടമിയെക്കുറിച്ചും ന്യൂയോർക്ക്‌ ടൈംസിന്റെ റിപ്പോർട്ടിൽ പരാമർശമുണ്ട്‌.

Related posts

ചർച്ച ചെയ്യാൻ വിഷയങ്ങളേറെ; നിയമസഭാ സമ്മേളനം ഇന്ന് മുതൽ

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ.യു.പി.സ്കൂളിൽ ഓണാഘോഷം

Aswathi Kottiyoor

എറണാകുളം-അങ്കമാലി അതിരൂപത ഭൂമിയിടപാടിൽ പുറമ്പോക്ക് ഉൾപ്പെട്ടിട്ടില്ലെന്ന് സർക്കാർ.

Aswathi Kottiyoor
WordPress Image Lightbox