24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • 8 വർഷം കൊല്ലപ്പെട്ടത്‌ 6 പേർ; 3 കടുവകളെ പിടികൂടി
Kerala

8 വർഷം കൊല്ലപ്പെട്ടത്‌ 6 പേർ; 3 കടുവകളെ പിടികൂടി

വയനാട്ടിൽ കടുവ ആക്രമണത്തിൽ 2015നുശേഷം കൊല്ലപ്പെട്ടത്‌ ആറുപേർ. 2015ൽ മൂന്നുപേരും 2019, 20 വർഷങ്ങളിൽ ഓരോരുത്തരും ഒടുവിൽ വ്യാഴാഴ്‌ച ഒരാളുമാണ്‌ കൊല്ലപ്പെട്ടത്. കഴിഞ്ഞ വർഷംമാത്രം മൂന്നു കടുവകളെ വനംവകുപ്പ്‌ പിടികൂടിയിരുന്നു. വന്യമൃഗശല്യം രൂക്ഷമായതോടെ, ഇവയുടെ പുനരധിവാസത്തിന്‌ കുറിച്യാട്‌ റേഞ്ചിലെ കുപ്പാടിലെ പെപ്പർയാഡിൽ അനിമൽ ഹോസ്‌പൈസ്‌ ആൻഡ്‌ പാലിയേറ്റീവ്‌ കെയർ പ്രവർത്തന സജ്ജമാക്കിയിരുന്നു. ഇതിനുശേഷം ബേഗൂർ റേഞ്ചിൽനിന്ന്‌ മാർച്ച്‌ 10നും ചെതലത്തറ റേഞ്ചിൽനിന്ന്‌ ജൂലൈ 20നും മുത്തങ്ങ റേഞ്ചിൽനിന്ന്‌ ഒക്ടോബർ 28നുമാണ്‌ കടുവകളെ പിടികൂടിയത്‌. ജനവാസ മേഖലകളിലിറങ്ങി ഭീതി സൃഷ്ടിച്ച മൂന്നിനെയും ഇവിടെ സംരക്ഷിക്കുന്നു.

ഏഷ്യൻ ആനകളുടെ സാന്നിധ്യം ഏറ്റവും കൂടുതലുള്ള വയനാട്‌ വന്യജീവി സങ്കേതത്തിന്റെ മൊത്തം വിസ്‌തീർണം 344.4 ചതുരശ്ര കിലോ മീറ്ററാണ്‌. വന്യജീവികളുടെ എണ്ണത്തിലെ വർധനയും ഭക്ഷ്യക്ഷാമവുമാണ്‌ മൃഗങ്ങൾ പുറത്തേക്കിറങ്ങാൻ കാരണം. അധിനിവേശ സസ്യങ്ങളായ സെന്ന, ലന്റാന, യൂപ്പട്ടോറിയം, കുടമരം, ഇലപ്പുള്ളി തുടങ്ങിയവയുടെ കടന്നുകയറ്റം ആവാസവ്യവസ്ഥയ്‌ക്ക്‌ ആഘാതം ഏൽപ്പിക്കുന്നതായും പഠനമുണ്ട്‌.

വന്യമൃഗ ആക്രമണം വർധിച്ചതോടെ വയനാട്‌ കേന്ദ്രീകരിച്ച്‌ ദ്രുതകർമസേന (ആർആർടി) യൂണിറ്റ്‌ പ്രവർത്തിക്കുന്നുണ്ട്‌. ആർആർടിയും എലിഫന്റ്‌ സ്‌ക്വാഡും സംയുക്തമായാണ്‌ പ്രവർത്തിക്കുന്നത്‌. മനുഷ്യ–- വന്യജീവി സംഘർഷം തടയാനും ലഘൂകരിക്കാനുമായി 2022 ജനുവരിയിൽ കലക്ടർ ചെയർമാനും ഡിവിഷണൽ ഫോറസ്‌റ്റ്‌ ഓഫീസർ കൺവീനറുമായി ജില്ലാതല സമിതിയും രൂപീകരിച്ചു.

സങ്കേതത്തിൽ നിലവിൽ 196.94 കിലോ മീറ്ററിൽ സൗരവേലിയും 212.96 കിലോ മീറ്ററിൽ ട്രഞ്ചും 5.6 കിലോ മീറ്ററിൽ ആനവേലിയും സ്ഥാപിച്ചിട്ടുണ്ട്‌. ഇത്‌ അപര്യാപ്‌തമായതിനാൽ 18 കോടിയോളം രൂപയുടെ പ്രതിരോധ സംവിധാനങ്ങൾ ആവശ്യമാണെന്നും കണക്കാക്കുന്നു. പ്രദേശത്ത്‌ ഹാങ്ങിങ്‌ സോളാർ ഫെൻസിങ്‌ നിർമിക്കണമെന്നാണ്‌ ജില്ലാതല സമിതിയുടെ ശുപാർശ.

Related posts

വെഞ്ഞാറമൂടിൽ അമിതവേഗത്തിലെത്തിയ ആംബുലൻസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു.

Aswathi Kottiyoor

കോവിഡ് മരണം: നഴ്‌സുമാരുടെ കുടുംബത്തിന് ധനസഹായം

Aswathi Kottiyoor

വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണം; പ്രതികൾക്ക് ജാമ്യം

Aswathi Kottiyoor
WordPress Image Lightbox