കേരള നിയമസഭയുടെ എട്ടാം സമ്മേളനം 23ന് വിളിച്ചുചേർക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും തുടക്കം. പ്രസംഗം തയ്യാറാക്കാൻ കെ എൻ ബാലഗോപാൽ, കെ രാജൻ, റോഷി അഗസ്റ്റിൻ, കെ കൃഷ്‌ണൻകുട്ടി, എ കെ ശശീന്ദ്രൻ എന്നിവർ അംഗങ്ങളായ മന്ത്രിസഭാ ഉപസമിതിയെ ചുമതലപ്പെടുത്തി. ആവശ്യമായ വിവരങ്ങൾ വകുപ്പുകളിൽനിന്ന് ശേഖരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരീധരനെ നേരത്തേ മന്ത്രിസഭാ യോഗം ചുമതലപ്പെടുത്തിയിരുന്നു.
സംസ്ഥാന ബജറ്റ് ഫെബ്രുവരി മൂന്നിന് അവതരിപ്പിക്കാൻ ആലോചിക്കുന്നു. സഭാ സമ്മേളനത്തിൽ പൂർണ ബജറ്റ് പാസാക്കും. ബജറ്റ് തയ്യാറാക്കൽ നടപടി പുരോഗമിക്കുന്നു. വിവിധ വിഭാഗങ്ങളുമായി ധനമന്ത്രി ചർച്ചയിലാണ്. വ്യാഴാഴ്‌ച വൈസ് ചാൻസലർമാർ അടക്കം ഉന്നത വിദ്യാഭ്യാസമേഖലയിലെ അക്കാദമിക പണ്ഡിതരുമായി ആശയവിനിമയം നടത്തി. വനിത, യുവജന സംഘടനകളുമായുള്ള ചർച്ചയും പൂർത്തിയായി. ഒന്നിനാണ് കേന്ദ്ര ബജറ്റ് അവതരണം.