ഭരണഘടനയെ അവഹേളിച്ചതിനെ തുടർന്നു സജി ചെറിയാൻ മന്ത്രിസ്ഥാനം രാജിവച്ച സാഹചര്യം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ ഗവർണർ, മുഖ്യമന്ത്രിയോടു നിർദേശിച്ചേക്കും. ഭരണഘടനയെ അവഹേളിച്ചെന്ന പരാതിയിൽ സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടി വന്ന സാഹചര്യത്തിൽ നിയമപരമായി മാറ്റം വന്നോ? പ്രതിപക്ഷം ഉന്നയിക്കുന്ന നിയമപരമായ ആശങ്കകൾക്ക് അടിസ്ഥാനമുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾക്കാണു ഗവർണർ വ്യക്തത തേടുന്നത്.
ഇന്നു വൈകുന്നേരം ഏഴിന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തിരുവനന്തപുരത്തു മടങ്ങിയെത്തിയ ശേഷമാകും ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനോടു വ്യക്തത തേടുക. തിരുവല്ല കോടതിയിൽ നിലവിലുള്ള കേസിലടക്കം മുഖ്യമന്ത്രി നൽകുന്ന വ്യക്തതയുടെ അടിസ്ഥാനത്തിലാകും സത്യപ്രതിജ്ഞയിൽ തീരുമാനമെടുക്കുക.
ബുധനാഴ്ചയാണ് സജി ചെറിയാന്റെ സത്യപ്രതിജ്ഞയ്ക്കു മുഖ്യമന്ത്രി ഗവർണർ ആരിഫ് മുഹമ്മദ്ഖാനോടു സമയം തേടിയത്. നാലിനു ഉച്ചകഴിഞ്ഞു സത്യപ്രതിജ്ഞ ചെയ്യാൻ അവസരം ഒരുക്കണമെന്നു ശിപാർശ. ഇതേ തുടർന്ന് ഗവർണർ സുപ്രീംകോടതിയിലേയും ഹൈക്കോടതിയിലേയും മുതിർന്ന അഭിഭാഷകരുടെ നിയമോപദേശം തേടി. സജി ചെറിയാനെ മന്ത്രിസ്ഥാനത്തേയ്ക്കു മടക്കിക്കൊണ്ടു വരാനുള്ള മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർക്കു ഭരണഘടനാ പരമായി തള്ളിക്കളയാൻ കഴിയില്ലെന്നാണു ഭൂരിഭാഗം പേരും നൽകിയ നിയമോപദേശമെന്നാണു സൂചന.
എന്നാൽ, സജി ചെറിയാനെതിരേ തിരുവല്ല കോടതിയിൽ കേസ് നിലവിലുള്ള സാഹചര്യത്തിൽ സത്യപ്രതിജ്ഞയ്ക്കു നിയമ പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിലായിരുന്നു രാജ്ഭവന് ആശങ്ക.
മന്ത്രിസഭയിൽ മടങ്ങിയെത്തുന്ന സജി ചെറിയാന് നേരത്തേ വഹിച്ചിരുന്ന ഫിഷറീസ്, സാംസ്കാരികം, യുവജനക്ഷേമ വകുപ്പുകൾ നൽകുമെന്നാണു ധാരണ. വകുപ്പുകൾ മൂന്നു മന്ത്രിമാർക്കായി വീതിച്ചു നൽകുകയായിരുന്നു. വെള്ളിയാഴ്ച ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സജി ചെറിയാനെ മന്ത്രിസഭയിലേക്കു മടക്കിക്കൊണ്ടു വരാൻ തീരുമാനിച്ചത്.
ഭരണഘടനയെ വിമർശിച്ച് കഴിഞ്ഞ ജൂലൈ മൂന്നിനായിരുന്നു സജി ചെറിയാന്റെ വിവാദ പ്രസംഗം. നിയമസഭയിൽ അടക്കം ഇത് ഏറെ വിവാദങ്ങൾക്ക് ഇടയാക്കി. തുടർന്നാണ് ജൂലൈ ആറിനു സജി ചെറിയാൻ രാജിവച്ചത്.
സജി ചെറിയാനെതിരെ കേസ് നിലനിൽക്കില്ലെന്ന റിപ്പോർട്ട് പോലീസ് തിരുവല്ല സബ് കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, കേസ് അവസാനിപ്പിക്കാൻ പോലീസ് നൽകിയ അപേക്ഷയിൽ കോടതി തീരുമാനം എടുത്തിട്ടില്ല. ഇതിനിടയിൽ സജി ചെറിയാനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നു ഹർജിക്കാരൻ പ്രഖ്യാപിച്ചിട്ടുണ്ട്. കേസ് കോടതി തീർപ്പാക്കും മുൻപുള്ള സജി ചെറിയാന്റെ മടങ്ങിവരവിനെ പ്രതിപക്ഷവും എതിർക്കുകയാണ്.