ക്രിസ്മസ് ദിനമായ ഡിസംബർ 25ന് ബിവറേജസ് കോർപറേഷൻ ചില്ലറ വിൽപനശാലകൾ വഴിയുള്ള മദ്യവിൽപ്പന കഴിഞ്ഞ വർഷത്തേക്കാൾ കുറവ്. ഇത്തവണ ക്രിസ്മസ് ദിനത്തിൽ 89.52 കോടിയുടെ മദ്യമാണു വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇത് 90.03 കോടിയായിരുന്നു.
എന്നാൽ ഡിസംബർ 22 മുതൽ 25 വരെയുള്ള ക്രിസ്മസ് ദിനങ്ങളിൽ മുൻ വർഷത്തേക്കാൾ അഞ്ചു ശതമാനത്തോളം അധിക മദ്യവിൽപ്പന നടന്നതായാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ഡിസംബർ 22 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ബെവ്കോ ചില്ലറ വിൽപ്പനശാലകൾ വഴി വിറ്റത് 282 കോടിയുടെ ഇന്ത്യൻ നിർമിത വിദേശ മദ്യമാണ്. കഴിഞ്ഞ വർഷം ഇതേ ദിവസങ്ങളെ അപേക്ഷിച്ച് 12 കോടിയുടെ വർധന. കൈകാര്യച്ചെലവ് കിഴിച്ചാൽ സർക്കാർ ഖജനാവിലേക്ക് നേരിട്ടെത്തിയത് 250 കോടി.