24.4 C
Iritty, IN
October 4, 2024
  • Home
  • Kerala
  • മെഡിക്കൽ കോളേജ്‌ വനിതാ ഹോസ്‌റ്റൽ സമയനിയന്ത്രണം ; രക്ഷിതാക്കളുടെ അനുമതിയോടെ പുറത്തിറങ്ങാം
Kerala

മെഡിക്കൽ കോളേജ്‌ വനിതാ ഹോസ്‌റ്റൽ സമയനിയന്ത്രണം ; രക്ഷിതാക്കളുടെ അനുമതിയോടെ പുറത്തിറങ്ങാം

കോഴിക്കോട്‌ മെഡിക്കൽ കോളേജ്‌ വനിതാ ഹോസ്‌റ്റലിലെ സമയനിയന്ത്രണത്തിനെതിരെ കോഴിക്കോട്, തൃശൂർ, എറണാകുളം മെഡിക്കൽ കോളേജുകളിലെ വിദ്യാർഥിനികൾ നൽകിയ ഹർജി ഹൈക്കോടതി തീർപ്പാക്കി. ഹോസ്റ്റലിൽനിന്ന് രാത്രി ഒമ്പതരയ്‌ക്കുശേഷം കുടുംബകാര്യങ്ങൾക്കോ മറ്റ്‌ ആവശ്യങ്ങൾക്കോ രക്ഷിതാക്കളുടെ രേഖാമൂലമുള്ള അനുമതിയോടെ വിദ്യാർഥികൾക്ക് പുറത്തുപോകാമെന്ന്‌ കോടതി നിർദേശിച്ചു. ക്യാമ്പസിനകത്തുതന്നെ പോകാനാണെങ്കിൽ വാർഡന്റെ പ്രത്യേകാനുമതി മതി. മതിയായ കാരണങ്ങളില്ലാതെ ഈ ആവശ്യങ്ങൾ നിഷേധിക്കരുതെന്നും കോടതി വ്യക്തമാക്കി.

മെഡിക്കൽ കോളേജ് ഹോസ്റ്റലുകളിലെ സമയനിയന്ത്രണവുമായി ബന്ധപ്പെട്ട്‌ സർക്കാരിന്റെ പുതിയ ഉത്തരവ്, ഈ നിർദേശങ്ങൾ ഉൾപ്പെടുത്തി ഭേദഗതി ചെയ്ത് പുറത്തിറക്കണമെന്നും ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ നിർദേശിച്ചു. അതേസമയം, എൻജിനിയറിങ് കോളേജ്‌ ഹോസ്റ്റലിലും ഇളവ് വേണമെന്ന ആവശ്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഈ വിഷയം ജനുവരി 10ന് പരിഗണിക്കും. യുജിസി ചട്ടമനുസരിച്ചുള്ള ആഭ്യന്തര ലൈംഗികാതിക്രമ പ്രതിരോധസമിതി എല്ലാ കോളേജിലും രണ്ടുമാസത്തിനകം രൂപീകരിക്കണം. ഹോസ്‌റ്റലുകളിൽ ലിംഗഭേദമടക്കം ഒരുവിധ വിവേചനവും പാടില്ലെന്ന യുജിസി റഗുലേഷനും നടപ്പാക്കണം. പുതിയ നിർദേശങ്ങൾ നടപ്പാക്കിയത് വിലയിരുത്താൻ ഹർജി ജനുവരി 31ന് വീണ്ടും പരിഗണിക്കും.

ഹർജി കോടതിയുടെ പരിഗണനയ്‌ക്കെത്തിയതിനെ തുടർന്ന് ആൺ––പെൺ ഭേദമില്ലാതെ രാത്രി 9.30 വരെ ഹോസ്റ്റലിൽ പ്രവേശനം അനുവദിച്ച് സർക്കാർ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് രക്ഷിതാക്കളുടെ ഉൽക്കണ്ഠയും വിദ്യാർഥികളുടെ താൽപ്പര്യവും കണക്കിലെടുത്തുള്ളതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഈ സർക്കാർ ഉത്തരവ് എല്ലാ മെഡിക്കൽ കോളേജിലും നടപ്പാക്കാൻ പ്രിൻസിപ്പൽമാർക്ക്‌ ഹൈക്കോടതി നിർദേശം നൽകിയിരുന്നു. പുതിയ ഉത്തരവിൽ ലിംഗസമത്വം പാലിച്ചിട്ടുണ്ടെന്ന്‌ സംസ്ഥാന വനിതാ കമീഷനും കോടതിയെ അറിയിച്ചിരുന്നു. സർക്കാരിന്റെ ചിന്തപോലും മാറ്റാനുതകുന്നവിധം ഇത്തരമൊരു ഹർജിയുമായി കോടതിയെ സമീപിച്ച ഫിയോണ ജോസഫ്, ഗീതു കൃഷ്ണ, തെസ്നി ബാനു എന്നീ വിദ്യാർഥികളെ കോടതി അഭിനന്ദിച്ചു.

രക്ഷിതാക്കളുടെ ഉൽക്കണ്‌ഠ തള്ളാനാകില്ല
വിദ്യാർഥികൾക്ക്‌ 18 വയസ്സായി എന്നതിന്റെ പേരിൽ രക്ഷിതാക്കളുടെ ഉൽക്കണ്ഠ തള്ളാനാകില്ലെന്ന്‌ ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പറഞ്ഞു. 9.30 കഴിഞ്ഞും പുറത്തുപോകുന്നതിൽമാത്രമാണ് എതിർപ്പുള്ളത്. നിയന്ത്രണങ്ങളില്ലാത്ത ക്യാമ്പസ് എന്ന രീതിയിലേക്ക് നാം എത്തിയിട്ടില്ല. മൗലികാവകാശംപോലും നിയന്ത്രിക്കപ്പെടുന്ന അവസ്ഥയുണ്ട്. അടിസ്ഥാന അച്ചടക്കം പാലിക്കുകയെന്നത് അവകാശങ്ങളിലേക്കുള്ള കടന്നുകയറ്റമായി കാണാനാകില്ല. ഹോസ്റ്റൽ എപ്പോഴും തുറന്നുവയ്‌ക്കണമെന്നത് സംബന്ധിച്ച് നിലവിലെ സാഹചര്യത്തിൽ ഒരു തീർപ്പ് സാധ്യമല്ല. ആദ്യം സമൂഹം സുരക്ഷ ഉറപ്പുവരുത്തുകയും അതിനനുസരിച്ച് മാറുകയും വേണമെന്ന്‌ അദ്ദേഹം പറഞ്ഞു.

Related posts

കുടുംബശ്രീ തൊഴിൽ സർവ്വേയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് കെ-ഡിസ്‌ക് ഹെൽപ് ലൈനിൽ ബന്ധപ്പെടാം: മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

യുവ കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

Aswathi Kottiyoor

തമിഴ്‌നാട്ടിലേക്കുളള ബസ് യാത്രക്കാര്‍ക്കും ഇ- പാസ് നിര്‍ബന്ധമാക്കി;ദുരിതത്തിലായി യാത്രക്കാര്‍……….

Aswathi Kottiyoor
WordPress Image Lightbox