24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആകാശത്തും ഭൂമിയിലും ടിക്കറ്റ്‌ കൊള്ള ; ആശ്വാസം കെഎസ്‌ആർടിസി
Kerala

ആകാശത്തും ഭൂമിയിലും ടിക്കറ്റ്‌ കൊള്ള ; ആശ്വാസം കെഎസ്‌ആർടിസി

ക്രിസ്‌മസ്‌–-പുതുവത്സരം പ്രമാണിച്ച്‌ കേരളത്തിലേക്ക്‌ യാത്രചെയ്യുന്നവരെ പിഴിയാൻ മത്സരം. വിമാനങ്ങളിലും സ്വകാര്യബസുകളിലും ട്രെയിനുകളിലും യാത്രക്കാരുടെ കീശകീറുംവിധമാണ്‌ നിരക്കുകൾ. വിദേശത്തെയും ഇതരസംസ്ഥാനങ്ങളിലെയും മലയാളികൾ ‘കൊള്ള’യ്ക്ക്‌ ഇരയാകുന്ന സങ്കടത്തിലും പ്രതിഷേധത്തിലുമാണ്‌ .

ബസിൽ 7000 രൂപവരെ
ബംഗളൂരുവിൽനിന്ന്‌ കൊച്ചിയിലേക്കുള്ള യാത്രയ്ക്ക്‌ നിരക്ക്‌ തോന്നുംവിധമാണ്‌ സ്വകാര്യബസുകൾ ഈടാക്കുന്നത്‌. ഇരുപത്തിമൂന്നിനുള്ള ടിക്കറ്റിന്‌ 7000 രൂപവരെയെത്തി. 6000, 5000, 4199, 3999 തുടങ്ങിയ നിരക്കിലും ടിക്കറ്റുണ്ട്‌. മടക്കയാത്രയ്ക്കുള്ള ടിക്കറ്റിനും 5500വരെ വാങ്ങുന്നു. ബംഗളൂരുവിൽനിന്ന്‌ തിരുവനന്തപുരത്തേക്കുള്ള ടിക്കറ്റ്‌ നിരക്കും കുത്തനെ കൂട്ടി. ചെന്നൈയിൽനിന്ന്‌ കൊച്ചിക്ക്‌ 4150, 4070, 3950, 3900 എന്നിങ്ങനെ പോകുന്നു നിരക്ക്‌.

ആശ്വാസം കെഎസ്‌ആർടിസി
തിരക്കും സ്വകാര്യബസുകളുടെ അമിതനിരക്കും ശ്രദ്ധയിൽപ്പെട്ടതോടെ ബംഗളൂരു, ചെന്നൈ, മൈസൂരു എന്നിവിടങ്ങളിലേക്ക്‌ കെഎസ്‌ആർടിസി അധിക സർവീസുകൾ ആരംഭിച്ചു. സൂപ്പർ ഡീലക്‌സ്‌ എയർബസ്‌ മുതൽ സ്വിഫ്‌റ്റ്‌ വരെ സർവീസ്‌ നടത്തുന്നു. 871 രൂപമുതൽ 1584 രൂപവരെയാണ്‌ ബംഗളൂരു–-കൊച്ചി നിരക്ക്‌.

വിമാനയാത്രയും പൊള്ളും
വ്യോമയാന കമ്പനികളും യാത്രക്കാരെ കൊള്ളയടിക്കുന്നു. ടിക്കറ്റ്‌ നിരക്ക്‌ ദിവസവും ഉയരുന്നു. ചൊവ്വാഴ്ച ദുബായ്–കൊച്ചി യാത്രയ്ക്ക് ഗൾഫ് എയർ, സൗദി എയർ, ഖത്തർ എയർവേയ്സ്, ഒമാൻ എയർ, കുവൈറ്റ് എയർവേയ്സ് എന്നിവ ഈടാക്കിയത്‌ 40,000 രൂപവരെ. നവംബറിൽ 16,000 രൂപമുതൽ 18,000 രൂപവരെയായിരുന്നു. എയർ ഇന്ത്യയുടെ നിരക്ക് 31,000 രൂപവരെയായി. ഇൻഡിഗോ 33,000 രൂപയും എമിറേറ്റ്സ് 40,000 രൂപയും ഈടാക്കുന്നു. ഒമാൻ, ദോഹ, ജിദ്ദ, ഷാർജ എന്നിവിടങ്ങളിൽനിന്നുള്ള സർവീസുകൾക്കും സിംഗപ്പുർ, ക്വാലാലംപുർ, ലണ്ടൻ സർവീസുകൾക്കും നിരക്ക് കുത്തനെ കൂട്ടി. ആഭ്യന്തര യാത്രാനിരക്കിലും സ്ഥിതി വ്യത്യസ്‌തമല്ല. 10,000 രൂപയിൽ താഴെയായിരുന്ന ഡൽഹി–-കൊച്ചി ടിക്കറ്റ്‌ നിരക്ക്‌ 26,500 വരെയായി. ബംഗളൂരുവിൽനിന്നുള്ള സർവീസുകൾക്ക് 6600ൽനിന്ന് 18,000 രൂപയും മുംബൈയിൽനിന്നുള്ളത്‌ 8000ൽനിന്ന്‌ 28,000 രൂപയുമായി. കൊള്ള തടയാൻ കേന്ദ്രസർക്കാർ ഇടപെടുന്നുമില്ല.

ട്രെയിൻ ടിക്കറ്റുമില്ല, 
സ്‌പെഷ്യലുമില്ല
ട്രെയിൻ യാത്രക്ക്‌ ടിക്കറ്റ്‌ കിട്ടാത്ത സ്ഥിതിയാണ്‌. 400ന്‌ മുകളിലേക്ക്‌ വെയ്‌റ്റിങ്‌ ലിസ്‌റ്റ്‌ ഉയർന്നു. പല ട്രെയിനുകളിലും ബുക്കിങ്‌ സ്വീകരിക്കുന്നില്ല. ക്രിസ്‌മസ്‌ സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടില്ല. ശബരിമല തീർഥാടനം പ്രമാണിച്ച്‌ അനുവദിച്ച 10 ട്രെയിനുകളിലാകട്ടെ സാധാരണ നിരക്കിനേക്കാൾ കൂടുതലും. ഹൈദരാബാദ്‌–-കോട്ടയം യാത്രയ്ക്ക്‌ സാധാരണ സ്ലീപ്പർ ടിക്കറ്റിന്‌ 590 രൂപയാണെങ്കിൽ ഇവയിൽ 795 രൂപയാണ്‌.

Related posts

പത്തു വർഷമായി വീടു പണി നടക്കുന്നു; നാട്ടിൽ വരുന്നത് വല്ലപ്പോഴും: ഇടപഴകാതെ സുരേഷ്.

Aswathi Kottiyoor

വിശ്രമ മുറികളിൽ യൂനിഫോമും തൊപ്പിയും തൂക്കിയിടരുത്; പൊലീസുകാർ വീട്ടിൽ നിന്ന് യൂനിഫോം ധരിച്ച് എത്തണം -കർശന നിർദേശങ്ങളുമായി ഡി.ഐ.ജി

Aswathi Kottiyoor

സിഎഫ്എൽടിസികളിലെ സ്റ്റാഫ് നഴ്‌സുമാരുടെ സേവനം തുടരും : മന്ത്രി എം വി ഗോവിന്ദൻമാസ്റ്റർ

Aswathi Kottiyoor
WordPress Image Lightbox