30.4 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സുപ്രീം കോടതിയിലേക്ക് പോകുന്നതും അബദ്ധ റിപ്പോർട്ട്
Kerala

സുപ്രീം കോടതിയിലേക്ക് പോകുന്നതും അബദ്ധ റിപ്പോർട്ട്

പരിസ്ഥിതി ലോല മേഖലയിലെ (ബഫർ സോൺ) ജനവാസ പ്രദേശങ്ങൾ സംബന്ധിച്ച് ഇപ്പോൾ പുറത്തുവന്ന ഉപഗ്രഹ സർവേ റിപ്പോർട്ടല്ല സുപ്രീം കോടതിയിൽ സമർപ്പിക്കുകയെന്ന് ഇന്നലെ രാവിലെ കോഴിക്കോട്ടു വിശദീകരിച്ച വനം മന്ത്രി എ.കെ.ശശീന്ദ്രൻ, പിന്നീടു മലക്കംമറിഞ്ഞു. റിപ്പോർട്ട് കോടതിയിൽ നൽകാതിരിക്കാൻ കഴിയില്ലെന്നു മന്ത്രി ‘മനോരമ’യോടു പറഞ്ഞു.
‘‘ജനുവരി രണ്ടാം വാരം കേസ് സുപ്രീം കോടതിയിൽ വരികയാണ്. ജനങ്ങളുടെ പരാതികൾ പരിഹരിക്കുന്ന തിരുത്തലുകളോടെ അതിനകം പുതിയ റിപ്പോർട്ട് തയാറാക്കുക സാധ്യമല്ല. അപാകതകളുള്ള റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുന്നതു സംബന്ധിച്ചു കർഷക സംഘടനകൾക്കും ജനങ്ങൾക്കും ആശങ്കയുണ്ട്. വിദഗ്ധ സമിതിയുടെ റിപ്പോർട്ട് അനുബന്ധമായി സമർപ്പിക്കാൻ സുപ്രീം കോടതിയോടു സാവകാശം തേടാനാണു കേരളം ഉദ്ദേശിക്കുന്നത്’’– മന്ത്രി അറിയിച്ചു.

കോടതി ഉത്തരവു പാലിച്ച് ഒരു റിപ്പോർട്ട് നൽകേണ്ടതുണ്ടെന്നും അതു വേഗത്തിലാക്കാനാണ് ഉപഗ്രഹ സർവേ നടത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ കണ്ണൂരിൽ പറഞ്ഞു. ഈ റിപ്പോർട്ട് അന്തിമ രേഖയല്ലെന്നും റിപ്പോർട്ട് കുറ്റമറ്റതാക്കാനുള്ള ശ്രമത്തിലാണു സർക്കാരെന്നും പറഞ്ഞു.

ഉപഗ്രഹ സർവേ റിപ്പോർട്ടിൽ വിട്ടുപോയ നിർമിതികളുടെയും മറ്റും വിവരങ്ങൾ ചേർക്കാനും പരാതികൾ അറിയിക്കാ‍നുമായി ജനങ്ങൾക്ക് അനുവദിച്ചിരിക്കുന്ന സമയപരിധി 15 ദിവസംകൂടി നീട്ടാൻ വിദഗ്ധ‍ സമിതിയോടു വനം വകുപ്പ് ആവശ്യപ്പെട്ടു. നാളത്തെ സമിതി യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും. ഇപ്പോൾ നിശ്ചയിച്ചിരിക്കുന്ന സമയപരിധി 23 വരെയാണ്. പരാതികൾ തരംതിരിച്ച ശേഷം, പരിസ്ഥിതിലോല മേഖലയായി നിശ്ചയിച്ചിരിക്കുന്ന 115 വില്ലേജുകളിൽ രണ്ടു മാസത്തിനകം നേരിട്ടുള്ള സ്ഥലപരിശോധന നടത്തി കോടതിക്ക് അടുത്ത റിപ്പോ‍ർട്ട് നൽകാനാണു സർക്കാരിന്റെ ആലോചന. വിദഗ്ധ സമിതിയുടെ കാലാവധി രണ്ടു മാസംകൂടി നീട്ടി സർക്കാർ ഉത്തരവ് ഇന്ന് ഇറങ്ങി‍യേക്കും.

ഉപഗ്രഹ സഹായത്തോടെ തയാറാക്കിയതു പ്രാഥമിക റിപ്പോർട്ട് മാത്രമാണെന്നും വിട്ടുപോയവ ഫീൽഡ് സർവേയിൽ കൂട്ടിച്ചേർക്കുമെന്നുമാണ് സിപിഎം സെക്രട്ടേറിയറ്റിന്റെ വിശദീകരണം. ആശങ്കകൾ പരിഹരിക്കുമെന്നു സർക്കാർ വ്യക്തമാക്കിയിരിക്കെ തെറ്റായ പ്രചാരവേലകൾ നടത്തുന്നവരുടെ താൽപര്യങ്ങൾ തിരിച്ചറിയണമെന്നും സിപിഎം ആവശ്യപ്പെട്ടു.

Related posts

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് ആയിരത്തി തൊള്ളായിരത്തി അമ്പത്തിയേഴ് കോടി അഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി

Aswathi Kottiyoor

ആസൂത്രിത കുപ്രചാരണം ; ലക്ഷ്യം സഹകരണത്തിലെ 
5 ലക്ഷം കോടി

Aswathi Kottiyoor

മോഷ്ടാവ് മരിച്ചത് കഴുത്ത് ഞെരിച്ചപ്പോള്‍; വീട്ടുടമ അറസ്റ്റില്‍: എല്ല് പൊട്ടി ശ്വാസനാളത്തില്‍

Aswathi Kottiyoor
WordPress Image Lightbox