24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • മരുന്നു നിരോധിച്ചുകളയും, കഴിച്ചു കഴിഞ്ഞശേഷം; മോശം മരുന്നു തിന്നാൻ മലയാളിക്ക് വിധി
Kerala

മരുന്നു നിരോധിച്ചുകളയും, കഴിച്ചു കഴിഞ്ഞശേഷം; മോശം മരുന്നു തിന്നാൻ മലയാളിക്ക് വിധി

മരുന്നുകളുടെ നിലവാര പരിശോധന വൈകുന്നതിനാൽ കേരളീയർ മോശം മരുന്നുകൾ കഴിച്ചുതീർക്കുന്നു. ഡ്രഗ് കൺട്രോൾ വിഭാഗം അടുത്തിടെ പിൻവലിക്കാൻ തീരുമാനിച്ച 3 മരുന്നുകളുടെ വളരെക്കുറച്ചു ഭാഗമേ തിരിച്ചുപിടിക്കാനായുള്ളൂ. ബാക്കി രോഗികൾക്കു കൊടുത്തുതീർത്തു. ഡ്രഗ് കൺട്രോൾ വിഭാഗത്തിന്റെ പരിശോധനയും കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്‌സിഎൽ) നടപടികളും നീണ്ടുപോയതാണ് ഈ മരുന്നുകൾ രോഗികൾക്കു കൊടുക്കാനിടയായത്.

ഹരിയാനയിലെ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് വിതരണം ചെയ്ത കാൽസ്യം, ആസ്പിരിൻ, മെറ്റ്ഫോമിൻ ഗുളികകളാണു നിലവാര പരിശോധനയിൽ പരാജയപ്പെട്ടത്. തുടർന്ന് ഇവ ആശുപത്രികളിൽനിന്നു പിൻവലിക്കാൻ കെഎംഎസ്‌സിഎൽ തീരുമാനിച്ചു. എന്നാൽ, ആലുവ ഡിപ്പോയിൽനിന്നു തിരുവനന്തപുരത്ത് എത്തിച്ച 2.55 ലക്ഷം കാൽസ്യം ഗുളികകളിൽ 94,095 എണ്ണം മാത്രമാണു തിരികെയെത്തിയത്. ബാക്കി 1.60 ലക്ഷത്തിലേറെ ഗുളികകളും രോഗികൾ കഴിച്ചു. ഹൃദ്രോഗത്തിനുള്ള 12 ലക്ഷം ആസ്പിരിൻ ഗുളികയിൽ തിരികെ ലഭിച്ചത് 5,57,450 എണ്ണം മാത്രമാണ്. രണ്ടു ബാച്ചിലായി പ്രമേഹത്തിനുള്ള 1.09 കോടി മെറ്റ്ഫോർമിൻ ഗുളികകളിൽ തിരികെയെത്തിയത് 14.90 ലക്ഷത്തിൽ താഴെ മാത്രമാണെന്നും വിവരാവകാശ മറുപടിയിൽ വ്യക്തമായി.

ഗുണനിലവാര പരിശോധനയിൽ പരാജയപ്പെടുന്നതുകൊണ്ട് മരുന്നുകമ്പനിക്കു നഷ്ടമൊന്നും സംഭവിക്കുന്നില്ല. ദേശീയ ആരോഗ്യ ദൗത്യത്തിന്റെ 4.58 കോടി രൂപ വിനിയോഗിച്ച് 2021–22ൽ മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിൽനിന്ന് 5 ഇനം മരുന്നുകൾ വാങ്ങിയതിൽ മൂന്നും നിലവാര പരിശോധനയിൽ പരാജയപ്പെട്ടെങ്കിലും 4.16 കോടി രൂപ കമ്പനിക്കു കൊടുത്തുതീർത്തിട്ടുണ്ട്.

തിരുവനന്തപുരം, വയനാട്, ആലപ്പുഴ, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിലെ ആരോഗ്യകേന്ദ്രങ്ങളിൽനിന്നാണു വ്യാപക പരാതികൾ വന്നത്. പാക്കറ്റിൽനിന്ന് എടുക്കുമ്പോൾ മരുന്ന് പൊടിയുന്നതായും ഉപയോഗിച്ച രോഗികൾക്ക് അസ്വസ്ഥതകൾ വന്നതായും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

വിതരണം കഴിഞ്ഞ് മാസങ്ങൾക്കു ശേഷമാണ് ഡ്രഗ് കൺട്രോൾ വിഭാഗം മരുന്നുകൾ പരിശോധനയ്ക്ക് എടുക്കുന്നത്. വർഷങ്ങൾക്കു മുൻപ് കെഎംഎസ്‌സിഎൽ നടപടിയെടുത്ത സ്ഥാപനമായിട്ടും അതിന്റെതന്നെ കോടികളുടെ മരുന്ന് ഒരു പരിശോധനയും കൂടാതെ വാങ്ങുകയായിരുന്നു.

വ്യാജമെന്നു പോലും പറയാവുന്ന ഇത്തരം മരുന്ന് ഒരിക്കൽ നൽകിയ കമ്പനിയിൽനിന്നു വീണ്ടും വാങ്ങുന്നതിൽ കെഎംഎസ്‌സിഎൽ ഉദ്യോഗസ്ഥർ ഉന്നയിച്ച എതിർപ്പുകൾ തള്ളിയാണ് ഇതേ കമ്പനിക്ക് ഓർഡർ നൽകിയത്. നിലവാരമില്ലാത്ത മരുന്നുകൾ തിരിച്ചെടുത്ത് പുതിയതു നൽകാൻ കമ്പനിയോട് ആവശ്യപ്പെട്ടതു മാത്രമാണ് പ്രശ്നത്തിൽ കെഎം എസ്‌സിഎൽ എടുത്ത നടപടി.

Related posts

കാറില്‍ ചാരി നിന്നതിന് മര്‍ദ്ദനം: ശിഹ്ഷാദിനെതിരെ വധശ്രമത്തിന് കേസ്

Aswathi Kottiyoor

പ്രവേശനോത്സവം ആഘോഷമാക്കി കാഴ്ചപരിമിതർക്കുള്ള വിദ്യാലയത്തിലെ കുരുന്നുകൾ

Aswathi Kottiyoor

കാൻസർ കേന്ദ്രങ്ങളും മെഡിക്കൽ കോളേജുകളും മറ്റു ആശുപത്രികളും ഉൾപ്പെടുത്തി കാൻസർ ചികിത്‌സ വികേന്ദ്രീകരിക്കും: മുഖ്യമന്ത്രി

Aswathi Kottiyoor
WordPress Image Lightbox