സ്കൂൾ സമയക്രമത്തിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ടു തീരുമാനം എടുത്തിട്ടില്ലെന്നു മന്ത്രി വി. ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു. യൂണിഫോം എന്തുവേണമെന്ന് സ്കൂളുകൾക്കു തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു.
പുരോഗമനപരമായ വിദ്യാഭ്യാസ സംവിധാനം നിലവിലുള്ളിടത്ത് എല്ലാം ഇത്തരം മാറ്റങ്ങൾ സ്വീകരിച്ചിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ പൊതു അഭിപ്രായം ആരായുന്നതിനുള്ള ആശയം മാത്രമാണു മുന്നോട്ടുവച്ചതെന്നും എൻ. ഷംസുദ്ദീന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി മന്ത്രി നിയമസഭിൽ അറിയിച്ചു.
മതപഠനം നഷ്ടപ്പെടുത്തുക എന്ന ഉദ്ദേശ്യം സർക്കാരിനില്ല. വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽനിന്ന് ലിംഗപരമായ സവിശേഷതയാൽ ഒരു കുട്ടിയെയും മാറ്റി നിർത്താൻ പാടില്ലെന്ന ആശയമാണ് ജനകീയ ചർച്ചയ്ക്കായി മുന്നോട്ടു വച്ചതെന്നും മന്ത്രി പറഞ്ഞു. മിക്സ്ഡ് ബെഞ്ച് എന്ന ആശയം ആലോചനയിൽ ഇല്ലെന്ന് പിന്നീട് മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.