24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പ്രസവവേദനയിൽ പുളഞ്ഞു; ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് കിലോമീറ്ററോളം.
Kerala

പ്രസവവേദനയിൽ പുളഞ്ഞു; ഗർഭിണിയെ തുണിയിൽ കെട്ടി ചുമന്നത് കിലോമീറ്ററോളം.

അട്ടപ്പാടിയിൽ ഗർഭിണിയെ തുണിയിൽകെട്ടി ചുമന്ന് ആശുപത്രിയിലെത്തിച്ചു. പൂർണ ഗർഭിണിയായ സുമതി മുരുകനെയാണ് ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസിൽ കയറ്റുന്നതിനു വേണ്ടി കാട്ടുവഴിയിലൂടെ മൂന്നു കിലോമീറ്ററോളം ചുമന്നത്. ആശുപത്രിയിൽ എത്തിയ ഉടൻ ഇവർ പ്രസവിച്ചു. കടുകുമണ്ണ ഊരിൽനിന്ന് അർധരാത്രിയാണ് നാട്ടുകാർ സുമതിയെ ആംബുലൻസിൽ എത്തിച്ചത്. പ്രസവവേദനയാൽ പുളഞ്ഞ യുവതിക്ക് തുണയായത് ആരോഗ്യ പ്രവർത്തകരാണ്. പുതൂർ പഞ്ചായത്തിലെ പ്രാക്തന ഗോത്രവർഗ്ഗക്കാരായ കുറുമ്പർ താമസിക്കുന്ന ഊരാണ് കടുക് മണ്ണ. പുറം ലോകവുമായി ബന്ധപ്പെടുവാൻ ഇവർക്ക് ഉള്ള ഏക ആശ്രയം ഒരു തൂക്കു പാലമാണ്. ഭവാനിപ്പുഴക്ക് കുറുകേ കെട്ടിയ ഇതു കടന്ന് മൂന്നു കിലോമീറ്ററോളം വന്യമൃഗശല്യം ഉള്ള കാടിന് ഉള്ളിൽ കൂടി ആനവായി എത്തിയെങ്കിലേ വാഹനങ്ങൾ ലഭിക്കൂ.

അർധരാത്രി 12.45ഓടു കൂടിയാണ് ഊര് സ്വദേശിനിയായ സുമതിക്ക് പ്രസവ വേദന ആരംഭിച്ചത്. തുടർന്ന് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സായ പ്രിയ ജോയിയെ ഇവർ വിളിച്ചു. ആംബുലൻസ് സൗകര്യത്തിനായി പല സ്ഥലങ്ങളിലേക്ക് വിളിച്ചെങ്കിലും ലഭിച്ചില്ല. നിരന്തര പരിശ്രമങ്ങൾക്ക് ശേഷം 2.30ന് കോട്ടത്തറയിൽനിന്നും ഉള്ള 108 ആംബുലൻസ് എത്തി.

സ്വകാര്യ വാഹനങ്ങൾക്കായി ശ്രമിച്ചു എങ്കിലും ആനപ്പേടി കാരണം ആരും വന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. 2.30ന് വാഹനം എത്തിയെങ്കിലും മഴയിൽ നനഞ്ഞ് തെന്നിക്കിടന്ന റോഡ് കാരണം കടുക് മണ്ണക്ക് പോകാതെ ആനവായിൽ വാഹനം നിർത്തേണ്ടി വന്നു. മഴ മൂലം തെന്നിക്കിടന്ന കുത്തിറക്കമിറങ്ങി, കാട്ടാന ശല്യം വകവക്കാതെ നാട്ടുകാർ ഇവരെ തുണിയിൽകെട്ടി ചുമന്ന് ആനവായ് വരെ എത്തിച്ചു. പുലർച്ചെ അഞ്ചോടെയാണ് ആനവായ് എത്തുന്നത്. തുടർന്ന് ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചു.

Related posts

വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തുന്ന ദമ്പതികളുടെ മതമോ ജാതിയോ പരിശോധിക്കരുതെന്ന് സർക്കാർ

Aswathi Kottiyoor

കെഎസ്ആർടിസിയിൽ കോവിഡ് പ്രതിസന്ധി ഇല്ല: വ്യാജ പ്രചരണങ്ങൾക്കെതിരെ നടപടി: മന്ത്രി ആൻ്റണി രാജു

Aswathi Kottiyoor

ഇന്നു രാത്രി കർശന പോലീസ് പരിശോധന, മദ്യപിച്ചു കറങ്ങിയാൽ പണിയാകും

Aswathi Kottiyoor
WordPress Image Lightbox