ലഹരിക്കെതിരേയുള്ള നടപടികൾ ശക്തമാക്കിയതിനു പിന്നാലെ എക്സൈസ്- പോലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കണ്ടെത്തലിൽ സംസ്ഥാനത്തെ 263 വിദ്യാലയങ്ങളിൽ ലഹരി വ്യാപനമുണ്ടെന്നു കണ്ടെത്തിയതായി മന്ത്രി എം.ബി. രാജേഷ് നിയമസഭയിൽ പറഞ്ഞു. ഇവിടെ നിരീക്ഷണം ശക്തമാക്കാൻ കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മാത്യു കുഴൽനാടന്റെ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി പറയവേ മന്ത്രി പറഞ്ഞു.
ജനകീയ നിരീക്ഷണം ശക്തമായതോടെ ലഹരിമാഫിയ ആക്രമണം അഴിച്ചുവിടുന്ന സാഹചര്യവുമുണ്ട്. ലഹരി മാഫിയയെ അടിച്ചൊതുക്കാനുള്ള നടപടി സർക്കാർ സ്വീകരിക്കും. ഈ വർഷം 24,563 മയക്കുമരുന്നു കേസുകൾ രജിസ്റ്റർ ചെയ്തു. 27,088 പേരെ അറസ്റ്റ് ചെയ്തു. ഈ സർക്കാർ അധികാരത്തിൽ എത്തിയ ശേഷം 7177 എൻപിഎസ് കേസുകൾ രജിസ്റ്റർ ചെയ്തതായും മന്ത്രി പറഞ്ഞു.
അധികം ലഹരിമരുന്നുകളും സംസ്ഥാനത്തിന് പുറത്തുനിന്നാണ് ഇവിടേക്കു കൊണ്ടുവരുന്നത്. ചെക്ക് പോസ്റ്റുകൾ ഇല്ലാത്ത അതിർത്തി റോഡുകളിൽ മൊബൈൽ പട്രോളിംഗ് യൂണിറ്റുകൾ വാഹന പരിശോധനനടത്തും.
സംസ്ഥാനത്തെ 14 ചെക്ക്പോസ്റ്റുകളിൽ സിസിടിവി കാമറ സ്ഥാപിച്ച് പരിശോധനാ സുതാര്യത ഉറപ്പുവരുത്തും. അതിർത്തി റോഡുകളിൽ വാഹന പരിശോധന ശക്തിപ്പെടുത്തുന്നതിന് കെമു (കേരള എക്സൈസ് മൊബൈൽ ഇന്റവെൻഷൻ യൂണിറ്റ്) ഉടൻ ആരംഭിക്കും.
എക്സൈസിൽ ഡിജിറ്റൽ വയർലെസ് സംവിധാനം സ്ഥാപിക്കാനുള്ള നടപടി അന്തിമഘട്ടത്തിലാണ്. മൂന്ന് സോണുകളിലായി ആധുനിക ചോദ്യം ചെയ്യൽ മുറികൾ സ്ഥാപിച്ചു. സൈബർ സെൽ നവീകരിച്ചു കേസ് അന്വേഷണം ഫലപ്രദമാക്കും. മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ ഉതകുന്ന പുതിയ ഡ്രഗ് ഡിറ്റക്ഷൻ കിറ്റുകൾ വിതരണം ചെയ്തുവരുന്നതായും മന്ത്രി പറഞ്ഞു.