കണ്ണൂർ: പരിമിതികൾ മറന്നുള്ള മുന്നേറ്റങ്ങൾ… ആവേശത്തോടെയുള്ള ആർപ്പുവിളിയും ആരവങ്ങളും… ഒടുവിൽ തിളക്കമാർന്ന വിജയങ്ങൾ. ജില്ലാ പഞ്ചായത്തിന്റെയും സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന “ഉണർവ് 2022′ ലോക ഭിന്നശേഷി വാരാഘോഷത്തിന്റെ ഭാഗമായി കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടത്തിയ കായികമേളയാണ് അതിജീവന സന്ദേശമായത്. ജില്ലയിലെ ബഡ്സ് സ്കൂളുകളിലെയും സ്പെഷൽ സ്കൂളുകളിലെയും വിദ്യാർഥികളാണ് മത്സരങ്ങളിൽ പങ്കെടുത്തത്. സബ്ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലായി 400പേർ കായിക മേളയിൽ മാറ്റുരച്ചു. 50, 100 മീറ്റർ ഓട്ട മത്സരം, ഷോട്ട് പുട്ട്, സോഫ്റ്റ് ബോൾ ത്രോ, വീൽ ചെയർ റെയ്സ് എന്നിവയിലെല്ലാം വിദ്യാർഥികൾ കഴിവ് തെളിയിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ ഡവലപ്മെന്റ് കമ്മീഷണർ ഡി.ആർ. മേഘശ്രീ അധ്യക്ഷത വഹിച്ചു.
വി.കെ. സുരേഷ് ബാബു, വിൻസി ആൻ പീറ്റർ ജോസഫ്, എം. അഞ്ജു മോഹൻ, പി.കെ. നാസർ, ഒ. വിജയൻ, എ. ഷിജു, ഉമ്മർ വിളക്കോട്, ദാസൻ മേക്കിലേരി, പി.കെ. ഹാഷിം, ടി.വി. മോഹനൻ, പി.കെ. സിറാജ് എന്നിവർ പങ്കെടുത്തു. കലാമത്സരങ്ങൾ നാളെ പോലീസ് സഭാ ഹാളിൽ നടക്കും. ഭിന്നശേഷി സൗഹൃദ ജില്ല എന്നവിഷയത്തിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ആറിന് നടക്കുന്ന ശില്പശാലയോടെ വാരാഘോഷം സമാപിക്കും.