കേരള പോലീസ് അക്കാദമിയിൽ അടിസ്ഥാന പരിശീലനം പൂർത്തിയാക്കിയ 18 സി ബാച്ചിലെ വനിതാ പോലീസ് സേനാംഗങ്ങളുടെ പാസിംഗ് ഔട്ട് പരേഡ് പോലീസ് അക്കാദമിയിലെ പരേഡ് ഗ്രൗണ്ടിൽ വച്ച് ഇന്ന് നടക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി അഭിവാദ്യം സ്വീകരിക്കും. സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഉൾപ്പെടെ ഉന്നത പോലീസുദ്യോഗസ്ഥർ പരേഡിൽ പങ്കെടുക്കും. 109 വനിതകളാണ് കഴിഞ്ഞവർഷം ഡിസംബർ എട്ടിന് പരിശീലനം ആരംഭിച്ചത്. ഒമ്പത് മാസത്തെ അടിസ്ഥാന പരിശീലനത്തിന്റെ ഭാഗമായി വിവിധ തരം ആയുധങ്ങൾ ഉപയോഗിക്കുന്നതിലും കൗണ്ടർ അർബൻ ടെററിസം, ബോംബ് ഡിറ്റക്ഷൻ, വി.ഐ.പി സെക്യൂരിറ്റി എന്നിവയിലും വനിതകൾ പരിശീലനം നേടി. ഇന്ത്യൻ ഭരണഘടന, ഇന്ത്യൻ ശിക്ഷാനിയമം, ക്രിമിനൽ നടപടിക്രമം, തെളിവ് നിയമം, പൊലീസ് സ്റ്റേഷൻ മാനേജ്‌മെന്റ്, ട്രാഫിക്ക് മാനേജ്‌മെന്റ്, കേസന്വേഷണം, വി.ഐ.പി ബന്തവസ്, കരാട്ടെ, യോഗ, ഹൈ അൾട്ടിട്യൂഡ് ട്രൈനിംഗ്, കോസ്റ്റൽ സെക്യൂരിറ്റി ട്രൈനിംഗ് , ഡിസാസ്റ്റർ മാനേജ്‌മെന്റ്, ഫോറൻസിക് സയൻസ്, ഫോറൻസിക് മെഡിസിൻ, സൈബർ കുറ്റകൃത്യങ്ങൾ, ക്രിമിനോളജി, പീനോളജി, വിക്ടിമോളജി, ആയുധ പരിശീലനം, ഫയറിംഗ്, സെല്ഫ് ഡിഫെൻസ്, നീന്തൽ, ഡ്രൈവിംഗ് എന്നിവയിലും പരിശീലനം നൽകി. മലപ്പുറത്തെ സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഭീകരവിരുദ്ധ പരിശീലനവും ഹൈ ആൾട്ടിട്ട്യൂഡ് പരിശീലനവും നേടിക്കഴിഞ്ഞു.
പരിശീലനം പൂർത്തിയാക്കി കേരള പോലീസിന്റെ ഭാഗമാകുന്ന ഈ ബാച്ചിൽ ഉന്നത വിദ്യാഭ്യാസം നേടിയ നിരവധി പേരാണുള്ളത്. എം സി എ – 2 എം ബി എ – 1 എം ടെക് – 2 ബി ടെക് – 11 ബി എഡ് – 8 ബിരുദാനന്ത ബിരുദം – 23 ബിരുദം – 51 ഡിപ്ലോമ – 3 എന്നിങ്ങനെയാണ് ഇവരുടെ വിദ്യാഭ്യാസ യോഗ്യത.