23.8 C
Iritty, IN
October 6, 2024
  • Home
  • Kerala
  • സെസും സർചാർജും ; കേന്ദ്രം കവരുന്നത്‌ 5 ലക്ഷം കോടി
Kerala

സെസും സർചാർജും ; കേന്ദ്രം കവരുന്നത്‌ 5 ലക്ഷം കോടി

സെസും സർചാർജുംവഴി കേന്ദ്ര സർക്കാർ കൊള്ളയടിക്കുന്നത്‌ അഞ്ചു ലക്ഷം കോടിയോളം രൂപ. നികുതികൾക്കുപുറമെ, അധികമായി ശേഖരിക്കുന്ന വൻതുകയിൽ ഒരുരൂപയും സംസ്ഥാനങ്ങൾക്ക്‌ നൽകുന്നില്ല. പതിനഞ്ചാം കേന്ദ്ര ധന കമീഷൻ കണക്കിൽ ഈയിനത്തിൽ നടപ്പുവർഷം 4.94 ലക്ഷം കോടി രൂപ കേന്ദ്ര സർക്കാരിനുമാത്രമായി കിട്ടും. നികുതിയേതരം ഉൾപ്പെടെ ഈവർഷം കേന്ദ്രത്തിന്റെ ആകെ വരുമാനം 26.84 ലക്ഷം കോടി രൂപ. ഇതിൽ 18.4 ശതമാനം സെസും സർചാർജുംവഴിയാണ്‌. ഇതിന്റെ സിംഹഭാഗവും എക്‌സൈസിലെ പ്രത്യേക അധിക നികുതിയും പെട്രോൾ, ഡീസൽ എന്നിവയിലെ റോഡ്‌ സെസുമാണ്‌.

ധന കമീഷൻ അനുമാനത്തിൽ ഈവർഷം കേന്ദ്ര നികുതി വരുമാനം 23.62 ലക്ഷം കോടി രൂപയാണ്‌. സംസ്ഥാനങ്ങൾക്ക്‌ ലഭിക്കുന്നത്‌ 7.33 ലക്ഷം കോടിമാത്രം. ധന കമീഷൻ പ്രത്യേക സഹായം, റവന്യു കമ്മി ഗ്രാന്റ്‌, തദ്ദേശ സ്ഥാപന സഹായം, കേന്ദ്രാവിഷ്‌കൃത പദ്ധതി വിഹിതം എന്നിവയെല്ലാം ചേർത്ത്‌ 4.55 ലക്ഷം കോടി രൂപകൂടി കേന്ദ്രം സംസ്ഥാനങ്ങൾക്ക്‌ നൽകണം. ഇതുകിഴിച്ചാലും, 11.74 ലക്ഷം കോടി രൂപയാണ്‌ നികുതിവരുമാനത്തിൽനിന്നുമാത്രം കേന്ദ്ര സർക്കാരിന്‌ ലഭിക്കുക. നികുതിയേതരംകൂടി കൂട്ടിയാൽ 14.96 ലക്ഷം കോടി രൂപ. ഇതിൽ മുഖ്യപങ്കും സംസ്ഥാനങ്ങളുടെ പ്രവർത്തനത്തിലൂടെ ലഭിക്കുന്നതാണ്‌.

റവന്യു ചെലവിൽ കേന്ദ്ര പങ്കാളിത്തം വൻതോതിൽ കുറയുന്നതായി ധന കമീഷൻ കുറ്റപ്പെടുത്തുന്നു. 2010–-11ൽ രാജ്യത്തിന്റെ മൊത്തം ചെലവിന്റെ 45.2 ശതമാനം കേന്ദ്രം വഹിച്ചുവെങ്കിൽ, ഇപ്പോൾ 37.5 ശതമാനംമാത്രം. സംസ്ഥാനങ്ങളുടെ ചെലവ്‌ 54.8 ൽനിന്ന്‌ 62.5 ശതമാനമായി ഉയർന്നു.

അർഹതയുള്ളത്‌ കിട്ടാനും പെടാപ്പാട്‌
അർഹതയുള്ള കേന്ദ്രസഹായം കിട്ടാനും കേരളം പെടാപ്പാടിലാണ്‌. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ ഈമാസം രണ്ടുതവണ നേരിട്ട്‌ ചർച്ച നടത്തിയതിന്റെ ഫലമാണ്‌ കഴിഞ്ഞദിവസങ്ങളിൽ ലഭിച്ച 2316 കോടി രൂപയുടെ അനുമതി. ജിഎസ്‌ടി നഷ്ടപരിഹാര കുടിശ്ശികയിൽ 773 കോടിക്കും കഴിഞ്ഞവർഷത്തെ കടമെടുപ്പ്‌ പരിധിയിലെ നീക്കിയിരിപ്പ്‌ 1543 കോടിക്കും അനുമതി ലഭിച്ചു. വൈദ്യുതി മേഖലയിലെ പരിഷ്‌കരണങ്ങളുടെ ഭാഗമായി കടമെടുപ്പ്‌ പരിധി അര ശതമാനം ഉയർത്താമെന്നതിലും അനുകൂലപ്രതികരണം ഉറപ്പാക്കി. പല തവണ കേരളം ഉന്നയിച്ച ആവശ്യങ്ങളാണിവ. നവംബർ ആദ്യം സ്വകാര്യ പരിപാടിക്ക്‌ തിരുവനന്തപുരത്തെത്തിയ കേന്ദ്ര ധനമന്ത്രിയെ മന്ത്രി ബാലഗോപാൽ നേരിട്ടുകണ്ട്‌ വിഷയങ്ങൾ അവതരിപ്പിച്ചു. തുടർന്ന്‌, ഡൽഹിയിലും നടന്ന കൂടിക്കാഴ്‌ചയുടെകൂടി ഫലമാണ്‌ നടപടി.

സെസും 
സർചാർജും
അടിസ്ഥാന നികുതിക്കും തീരുവയ്‌ക്കുംപുറമെ, നികുതിയിൽ ചുമത്തുന്ന അധിക തുകയാണ്‌ സെസും സർചാർജും. അസാധാരണ സാഹചര്യങ്ങളിൽ മാത്രമാണ്‌ ഇവ ഈടാക്കാൻ ഭരണഘടന അനുവദിക്കുന്നത്‌. ഇതിനെ ദുരുപയോഗം ചെയ്‌താണ്‌ കേന്ദ്രം പതിൻമടങ്ങ് സെസും സർചാർജും ഏർപ്പെടുത്തുന്നത്‌. സംസ്ഥാനങ്ങൾക്ക്‌ വിഭജിക്കേണ്ടതില്ലാത്ത സെസും സർചാർജും പൂർണമായും കേന്ദ്രത്തിനാണ്‌.

Related posts

ക്രമസമാധാന പാലനത്തിനും ജനക്കൂട്ട നിയന്ത്രണത്തിനും ആവശ്യമുളള ഡ്രോണുകള്‍ സ്വന്തമായി വികസിപ്പിക്കാന്‍ കേരളാപോലീസ്

Aswathi Kottiyoor

സ്‌കൂളുകൾ തുറക്കാൻ വിപുലമായ തയ്യാറെടുപ്പ്: മുഖ്യമന്ത്രി

Aswathi Kottiyoor

ജ​വാ​ൻ മ​ദ്യ​ത്തി​ന്‍റെ ഉ​ദ്പാ​ദ​നം കൂ​ട്ടാ​ൻ ശി​പാ​ർ​ശ

Aswathi Kottiyoor
WordPress Image Lightbox