വിഴിഞ്ഞത്ത് സമരസമിതി പ്രവർത്തകർ ഞായറാഴ്‌ച വൈകിട്ട് പൊലീസ് സ്‌റ്റേഷൻ ആക്രമിച്ചു. സംഘർഷത്തിൽ 35 പൊലീസുകാർക്ക് പരിക്ക്. ഒരാളുടെ പരിക്ക് ഗുരുതരം. സ്‌റ്റേഷൻ വളപ്പിലുണ്ടായിരുന്ന അഞ്ചു ജീപ്പും രണ്ട് പൊലീസ് ബസും 20 ബൈക്കും സ്‌റ്റേഷനിലെ കംപ്യൂട്ടറുകളും വയർലെസ് സെറ്റ് ഉൾപ്പെടെയുള്ള ഉപകരണങ്ങളും തകർത്തു.
ദൃശ്യം പകർത്തിയ മാധ്യമപ്രവർത്തകനെയും ആക്രമിച്ചു. ആംബുലൻസുകൾ അക്രമികൾ തടഞ്ഞിട്ടതിനാൽ പൊലീസുകാരെ ആശുപത്രിയിലേക്ക് മാറ്റാനായിട്ടില്ല. പൊലീസ് പ്രതിഷേധക്കാർക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. ലാത്തി വീശി.
കഴിഞ്ഞദിവസത്തെ ആക്രമണത്തിൽ കസ്റ്റഡിയിലെടുത്ത അഞ്ചുപേരെ വിട്ടയക്കാനാവശ്യപ്പെട്ട് വൈദികരുടെ നേതൃത്വത്തിൽ പൊലീസ് സ്‌റ്റേഷൻ വളയുകയായിരുന്നു. ഗ്രിൽ തകർത്താണ് സമരക്കാർ അകത്തുകയറിയത്.
വൈകിട്ട് ആറരമുതലാണ് പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തത്. ഇതോടെ കൂടുതൽ സായുധ പൊലീസിനെ വിന്യസിച്ചു. സിറ്റി പൊലീസ് കമീഷണർ സ്‌പർജൻകുമാറും ക്യാമ്പ് ചെയ്യുന്നുണ്ട്. സ്‌റ്റേഷൻ പരിധിയിലുള്ള മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം തിങ്കൾമുതൽ ഒരാഴ്ചത്തേക്ക് നിരോധിച്ചു. സമരസമിതി നേതാക്കളുമായി സബ് കലക്ടർ അശ്വതി ശ്രീനിവാസും എഡിഎം അനിൽ ജോസും ചർച്ച ആരംഭിച്ചു.
ശനിയാഴ്ച മുല്ലൂരിൽ തുറമുഖത്തിനായി സമരംചെയ്യുന്ന ജനകീയ സമരസമിതിയുടെ പന്തൽ അടിച്ചുതകർത്തതോടെയാണ് പ്രദേശത്ത് സംഘർഷം തുടങ്ങിയത്. ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരസമിതി 22ന് ഹൈക്കോടതിയിൽ നൽകിയ ഉറപ്പ് ലംഘിച്ചാണ് പാറയുമായെത്തിയ ലോറികൾ തടഞ്ഞത്.
ശനിയാഴ്‌ച തുറമുഖനിർമാണം തടഞ്ഞ് സംഘർഷമുണ്ടാക്കിയതിന് 50 വൈദികർക്കും കണ്ടാലറിയാവുന്ന 1000 പേർക്കുമെതിരെ വിഴിഞ്ഞം പൊലീസ് കേസെടുത്തു. ലത്തീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ ഒന്നാം പ്രതിയും സഹായമെത്രാൻ ആർ ക്രിസ്‌തുദാസും വികാരി ജനറൽ യൂജിൻ പെരേരയും രണ്ടും മൂന്നും പ്രതികളുമായാണ് കേസ്. അന്യായമായി സംഘം ചേരൽ, ദേഹോപദ്രവം ഏൽപ്പിക്കൽ തുടങ്ങിയ വിവിധ വകുപ്പുകൾ ചേർത്ത് അഞ്ചു കേസ് രജിസ്റ്റർ ചെയ്‌തു. പൊലീസുകാരനെ കല്ലെറിഞ്ഞ് പരിക്കേൽപ്പിച്ചതിനും കേസുണ്ട്. കസ്‌റ്റഡിയിലെടുത്ത വിഴിഞ്ഞം സ്വദേശി സെൽറ്റന്റെ അറസ്‌റ്റ് രേഖപ്പെടുത്തി.