24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • വിവാഹം മുസ്‌ലിം വ്യക്തിനിയമപ്രകാരമെങ്കിലും പോക്സോ നിയമം ബാധകം: ഹൈക്കോടതി
Kerala

വിവാഹം മുസ്‌ലിം വ്യക്തിനിയമപ്രകാരമെങ്കിലും പോക്സോ നിയമം ബാധകം: ഹൈക്കോടതി

മുസ്‌ലിം വ്യക്തിനിയമപ്രകാരമുള്ള വിവാഹം ആയാലും പോക്സോ (കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയൽ) നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കിയിട്ടില്ലെന്നു ഹൈക്കോടതി. പോക്സോ നിയമം നിലവിൽ വന്ന ശേഷം വിവാഹത്തിന്റെ പേരിലായാലും പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗികബന്ധം കുറ്റകരമാണ്. വിവാഹ പങ്കാളികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ ഇത്തരം സാഹചര്യത്തിൽ പോക്സോ നിയമം ബാധകമാകുമെന്നു കോടതി വ്യക്തമാക്കി.

14 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി വിവാഹം ചെയ്തു ഗർഭിണിയാക്കിയ കേസിൽ ബംഗാൾ സ്വദേശിയായ മുസ്‌ലിം യുവാവു നൽകിയ ജാമ്യഹർജി തള്ളിക്കൊണ്ടാണു ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ഉത്തരവ്. ഒരു കുട്ടിയുടെ പൂർണ വികാസത്തിനു വിഘാതമാകുന്ന ബാലവിവാഹം സമൂഹത്തിനു വിനാശകരമാണെന്നു കോടതി പറഞ്ഞു. കുട്ടികളെ ലൈംഗിക അതിക്രമങ്ങളിൽനിന്നു സംരക്ഷിക്കാനാണു പോക്സോ നിയമം കൊണ്ടുവന്നത്. വിവാഹത്തിന്റെ പേരിൽ പോലും കുട്ടികൾക്കെതിരെ അതിക്രമങ്ങൾ പാടില്ലെന്നുള്ള നിയമത്തിന്റെ ലക്ഷ്യം മാനിക്കണമെന്നു കോടതി ചൂണ്ടിക്കാട്ടി.

ഗർഭിണിയായ പെൺകുട്ടി ചികിത്സയ്ക്കെത്തിയപ്പോൾ, ആധാർ കാർഡ് പരിശോധനയിൽ 16 തികഞ്ഞിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്ന് കവിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽനിന്നു പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോക്സോ ഉൾപ്പെടെ വകുപ്പുകളിൽ തിരുവല്ല പൊലീസ് കേസ് എടുത്തു. പെൺകുട്ടിയെ താൻ വിവാഹം ചെയ്തതാണെന്നു കാണിച്ചാണു ഹർജിക്കാരൻ ജാമ്യം തേടിയത്. മുസ്‌ലിം വ്യക്തിനിയമം അനുസരിച്ച് 18 വയസ്സിൽ താഴെയും വിവാഹങ്ങൾക്കു സാധുതയുണ്ടെന്നു വാദിച്ചു.

എന്നാൽ, ബാലവിവാഹ നിരോധന നിയമം നിലവിൽ വന്നതോടെ അതിനു മുകളിലായി വിവാഹവുമായി ബന്ധപ്പെട്ട വ്യക്തിനിയമങ്ങൾക്കു സാധുതയുണ്ടോ എന്നതു സംശയകരമാണെന്നു കോടതി പറഞ്ഞു. മാത്രമല്ല, ബാലവിവാഹം മനുഷ്യാവകാശ ലംഘനമായാണു കണക്കാക്കപ്പെടുന്നത്. ഈ കേസിൽ രക്ഷിതാക്കളുടെ അറിവില്ലാതെ പതിനാലുകാരിയെ വശീകരിച്ചു ബംഗാളിൽനിന്നു തട്ടിക്കൊണ്ടു വന്നു എന്ന് ആക്ഷേപം ഉള്ളപ്പോൾ വ്യക്തിനിയമപ്രകാരം പോലും വിവാഹത്തിന്റെ സാധുത സംശയകരമാണ്. പെൺകുട്ടിക്ക് ഇപ്പോഴും 16 തികഞ്ഞിട്ടില്ല. അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കാനാവില്ലെന്നു കോടതി വ്യക്തമാക്കി.

Related posts

ഇടത്തരം കുടുംബങ്ങളുടെ വരുമാനവളർച്ച : രാജ്യത്ത് ഒന്നാമത് മലപ്പുറം

Aswathi Kottiyoor

എല്ലാ ജില്ലയിലും ഖാദി റെഡിമെയ്‌ഡ്‌ യൂണിറ്റ്‌ ആരംഭിക്കും: മന്ത്രി പി രാജീവ്‌

Aswathi Kottiyoor

വിദ്യാഭ്യാസ മേഖലയിൽ ആറ് വർഷത്തിനിടെ അഭൂതപൂർവമായ മാറ്റങ്ങളുണ്ടായി: ധന മന്ത്രി

Aswathi Kottiyoor
WordPress Image Lightbox