അമ്പായത്തോട്: വർഷങ്ങളായുള്ള അമ്പായത്തോട് പട്ടയപ്രശ്നത്തിന് പരിഹാരമെന്നോണം അവസാനഘട്ട റവന്യൂ-വനംവകുപ്പ് സംയുക്ത സർവേനടപടികൾക്ക് തുടക്കമായി. ഇരിട്ടി താലൂക്ക് ഭൂരേഖ തഹസിൽദാർ എം ലക്ഷ്മണൻ, അസിസ്റ്റന്റ് തഹസിൽദാർ ജോമോൻ ജോസഫ്, വനംവകുപ്പ് കൊട്ടിയൂർ റേഞ്ചർ സുധീർ നരോത്ത്, ഫോറസ്റ്റ് ഓഫീസർ സി.കെ. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനയ്ക്കായെത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം, വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പംതുരുത്തിയിൽ, പഞ്ചായത്ത് അംഗങ്ങളായ ഷെർലി പടിയാനിക്കൽ, ജീജ ജോസഫ്, ഷാജി പൊട്ടയിൽ, ബാബു കാരിവേലിൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
1950 കളിൽ കുടിയേറിയ പ്രദേശത്തെ 94ൽ ഏറെ കുടുംബങ്ങൾ 1988 മുതല്‍ പട്ടയത്തിനായി തുടങ്ങിയ നടപടികള്‍ 30 വര്‍ഷത്തിലേറെയായിട്ടും പൂര്‍ത്തീകരിച്ചിരുന്നില്ല. മന്ദംചേരി മുതല്‍ പാല്‍ച്ചുരം വരെ ബാവലിപ്പുഴയരികിലും പന്നിയാംമലയിലുമായാണ് വനംവകുപ്പ് അവകാശമുന്നയിക്കുന്ന 9.328 ഹെക്ടര്‍ ഭൂമി സ്ഥിതി ചെയ്യുന്നത്.
പ്രദേശത്ത് ബാവലിപ്പുഴയ്ക്ക് അക്കരെ വനമാണ്. ഈ വനത്തിന്റെ ബാക്കി ഭാഗം പുഴയ്ക്കിക്കരെ കൃഷിഭൂമിയില്‍ ഉണ്ടെന്നാണ് വനംവകുപ്പിന്റെ അവകാശവാദം. തർക്കത്തെ തുടർന്ന് പലതവണ വകുപ്പുകൾ സംയുക്ത പരിശോധന നടത്തിയെങ്കിലും ഭൂമി തങ്ങള്‍ക്ക് ലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിഞ്ഞ പ്രദേശവാസികൾക്ക് പട്ടയം ലഭിച്ചിരുന്നില്ല.
കഴിഞ്ഞ മാസം കണ്ണൂർ കളക്ടറേറിൽ നടന്ന ഇംപ്ലിമെന്റിംഗ് കമ്മിറ്റി യോഗ തീരുമാനപ്രകാരമാണ് പട്ടയനടപടികൾ വേഗത്തിലാക്കാൻ തീരുമാനിച്ചത്. ഇതേത്തുടർന്നാണ് അടിയന്തരമായി സർവേ പൂർത്തീകരിച്ച് റിപ്പോർട്ട് സർക്കാരിന് കൈമാറാനൊരുങ്ങുന്നത്.
നിലവിൽ നടക്കുന്ന സർവേ മൂന്നു ദിവസംകൊണ്ട് പൂർത്തിയാക്കി റിപ്പോർട്ട് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കായി ഓൺലൈൻ അപേക്ഷയായി സമർപ്പിക്കും. ഇതിനുശേഷമാകും പട്ടയപ്രശ്നത്തിൽ തുടർനടപടികൾ സ്വീകരിക്കുക.
പലതവണ സംയുക്ത പരിശോധന നടത്തിയെങ്കിലും പട്ടയം നൽകുന്ന കാര്യം പിന്നെയും നീളുകയായിരുന്നു. സ്ഥലത്തിന് എൻഒസി ലഭിക്കുന്നതിനായി വനംവകുപ്പിനെ സമീപിച്ചപ്പോൾ അനുകൂല നിലപാട് ഉണ്ടായില്ല. വനം അതിർത്തി ജെണ്ട കൃഷിഭൂമിയിലാക്കാമെങ്കിൽ എൻഒസി നൽകാമെന്ന നിലപാടാണ് വനംവകുപ്പ് പുലർത്തിയത്. ഇതോടെ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കയിലായ പ്രദേശവാസികള്‍ ഇതോടെ കൂത്തുപറമ്പ് മുൻസിഫ് കോടതിയില്‍ ഇന്‍ജംക്ഷൻ ഫയല്‍ ചെയ്തു.
കോടതി കമ്മീഷനെ നിയമിക്കുകയും കമ്മീഷൻ കഴിഞ്ഞ ജനുവരി ആറിന് പ്രദേശം സന്ദർശിച്ച് റിപ്പോർട്ട് തയാറാക്കി ഓഗസ്റ്റ് 31 സമർപ്പിക്കുകയുമായിരുന്നു. വനം അതിര്‍ത്തി ജെണ്ട പുഴയ്ക്ക് അക്കരെയാണെന്നും പ്രദേശത്ത് 60-70 വര്‍ഷം പഴക്കമുള്ള തെങ്ങ് ഉള്ളതായും വ്യക്തമായതായി കാണിക്കുന്നതായിരുന്നു കമ്മീഷൻ റിപ്പോർട്ട്.
ഇതോടെ വനം വകുപ്പിന്റെ അവകാശവാദം പൊളിയുകയും പട്ടയവുമായി ബന്ധപ്പെട്ട നടപടികൾ കൂടുതൽ വേഗത്തിലാകുകയുമായിരുന്നു.