അനധികൃതമായി റേഷൻ മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരിൽ നിന്നും കാർഡ് പിടിച്ചെടുക്കാൻ സംസ്ഥാന ഭക്ഷ്യ പൊതുവിതരണ വകുപ്പ് നടപ്പാക്കിയ ‘ഓപ്പറേഷൻ യെല്ലോ’ പദ്ധതിയിൽ ഒക്ടോബർ 31 വരെ 6914 അനധികൃത മുൻഗണനാ കാർഡുകൾ പിടിച്ചെടുത്ത് മുൻഗണനേതര വിഭാഗങ്ങളിലേക്ക് മാറ്റി. ആകെ 1.18 കോടി രൂപ പിഴ ഈടാക്കുന്നതിന് നോട്ടീസ് നൽകിയതായി ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ. അനിൽ അറിയിച്ചു.
ഓപ്പറേഷൻ യെല്ലോ പദ്ധതി ഡിസംബർ 31വരെ തുടരും. എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി അനധികൃതമായി കാർഡുകൾ കൈവശം വച്ചിരിക്കുന്ന വമ്പൻമാരെയാണ് സർക്കാർ ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഏതെങ്കിലും ഒരു മാനദണ്ഡം തെറ്റിയെന്ന കാരണത്താൽ സാധാരണക്കാരനെ ദ്രോഹിക്കുന്ന സമീപനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഉണ്ടാകാൻ പാടില്ലെന്ന് മന്ത്രി നിർദേശിച്ചു.
അനധികൃത റേഷൻ കാർഡുകളെക്കുറിച്ച് 9188527301, 9188521967 എന്നീ നമ്പറുകളിൽ വിളിച്ചറിയിക്കാം. വിവരം നൽകുന്നയാളുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും.