കണ്ണൂർ: പെൻഷൻ തുകയും ഇതിനോടനുബന്ധിച്ച് ലഭിക്കുന്ന ആനുകൂല്യങ്ങളുടെ തുകയും നിശ്ചയിക്കുന്നതിൽ തീരുമാനമാകാത്തതിനാൽ കർഷക പെൻഷൻ പദ്ധതി മെല്ലെപ്പോക്കിൽ.
രണ്ടാം പിണറായി സർക്കാരിന്റെ കാലയളവിൽ 2021 ഡിസംബറിലാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. പദ്ധതിയുടെ തുടക്കത്തിൽ 20 ലക്ഷം അംഗങ്ങളെ ചേർക്കാൻ ശ്രമിച്ച സർക്കാരിന് 2022 നവംബർ അഞ്ചുവരെ 13,548 അംഗങ്ങളെ മാത്രമേ ചേർക്കാൻ സാധിച്ചുള്ളൂ. പെൻഷൻ പദ്ധതിക്ക് പ്രചാരണം നൽകുന്നതിൽ സർക്കാരും കൃഷിവകുപ്പും വിമുഖത കാണിക്കുന്നതായും ആക്ഷേപമുണ്ട്.
കർഷക പെൻഷൻ പദ്ധതിയിൽ ചേരുന്നവർക്ക് പെൻഷനു പുറമേ അനാരോഗ്യ ആനുകൂല്യം, അവശതാ ആനുകൂല്യം, ചികിത്സാസഹായം, പ്രസവാനുകൂല്യം, വിവാഹധനസഹായം, വിദ്യാഭ്യാസ ധനസഹായം, മരണാനന്തര ആനുകൂല്യം തുടങ്ങി പതിനൊന്നോളം ആനുകൂല്യങ്ങൾ ലഭിക്കും. ഇതിനുനൽകേണ്ട തുകയെക്കുറിച്ച് ഇതുവരെയും ധാരണയായില്ല. തുക നിശ്ചയിക്കാൻ അടുത്ത ദിവസം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കുന്നുണ്ട്.
ക്ഷേമപദ്ധതിയിൽ അംഗങ്ങളാകുന്നവരുടെ മക്കൾക്ക് പ്രഫഷണൽ കോഴ്സുകൾക്ക് നിശ്ചിത സീറ്റുകളിൽ സംവരണം ഏർപ്പെടുത്തുക, സ്വന്തമായി വീടില്ലാത്ത അംഗത്തിന് കുറഞ്ഞ പലിശനിരക്കിൽ ഭവനവായ്പാ പദ്ധതിക്കുള്ള ഏകജാലക സംവിധാനം ഏർപ്പാടാക്കുക, കർഷകരുടെ മാനസികസമ്മർദം ഒഴിവാക്കുന്നതിന് ബോർഡിന്റെ കീഴിൽ കൗൺസലിംഗ് സെന്ററുകൾ ആരംഭിക്കുക, വൈദ്യസഹായം കാര്യക്ഷമമാക്കാൻ ഇഎസ്ഐ മാതൃകയിൽ ആശുപത്രി സംവിധാനം ലഭ്യമാക്കുക തുടങ്ങിയ കാര്യങ്ങളിലും തീരുമാനമായില്ല.
പെൻഷൻ പദ്ധതിയുടെ സുഗമമായ നടത്തിപ്പിനായി നിലവിൽ തൃശൂർ, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ ഓഫീസ് തുറന്നെ ങ്കിലും ജീവനക്കാരെ നിയമിച്ചിട്ടില്ല. ധനവകുപ്പിന്റെ അനുമതി ലഭിക്കാത്തതാണു കാരണം. മൂന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർമാരെയാണ് ഡെപ്യൂട്ടേഷനിൽ നിലവിൽ നിയമിച്ചിരിക്കുന്നത്.