കണ്ണൂര്‍: തലശേരിയില്‍ കാറില്‍ ചാരിനിന്നതിന് യുവാവ് ചവിട്ടിപ്പരിക്കേല്‍പിച്ച ആറുവയസുകാരനെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ആശുപത്രിയിലെത്തി കണ്ടു. രാജസ്ഥാൻ സ്വദേശിയായ ഗണേശിനാണ് മർദനമേറ്റത്. തലശേരി താലൂക്ക് ആശുപത്രിയിലാണ് ഗണേശ് ചികിത്സയിൽ കഴിയുന്നത്.
കാറില്‍ ചാരിനിന്നതിന് കുട്ടിയെ ചവിട്ടി തെറിപ്പിക്കുക എന്നത് നമുക്കൊന്നും ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യമാണെന്ന് സതീശന് പറഞ്ഞു. ഈ കുട്ടി ചാരിനിന്നാല്‍ കാറിന് വല്ലതും സംഭവിക്കുമോ എന്നും അദ്ദേഹം ചോദിച്ചു. കേരളത്തിലാണ് ഇത് നടന്നതെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല.
പോലീസ് സ്റ്റേഷനില്‍നിന്ന് പ്രതിയെ വിട്ടയച്ചത് പ്രധാനപ്പെട്ട ആരോ വിളിച്ചു പറഞ്ഞിട്ടാണെന്നും സതീശന് ആരോപിച്ചു. പോലീസിന്റെ മേല്‍ ശക്തമായ സമ്മര്‍ദം ചെലുത്തിയിട്ടാണ് പ്രതിയെ രാത്രി വിട്ടയച്ചത്. കുട്ടിയോടു ക്രൂരകൃത്യം ചെയ്തയാളെ പോലീസ് സ്റ്റേഷനില്‍നിന്ന് വിട്ടയയ്ക്കാന് ആരാണ് ശിപാര്‍ശ ചെയ്തതെന്ന് പോലീസ് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.