സംസ്ഥാനത്ത് അരി വില കൂടുന്നത് തടയാന്‍ സര്‍ക്കാര്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയെന്ന് ഭക്ഷ്യമന്ത്രി ജി.ആര്.അനില്‍. ഈ മാസം തന്നെ ആന്ധ്രയില്‍നിന്നുള്ള അരി കേരളത്തിലെത്തിക്കുമെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിന് ആവശ്യമായ അരിയുടെ 18 ശതമാനം മാത്രമാണ് ആന്ധ്രയില്‍ ഉല്പാദിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍നിന്നാണ് ഇവിടേയ്ക്ക് ബാക്കി അരി എത്തിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിലുണ്ടാകുന്ന വിലക്കയറ്റം സ്വാഭാവികമായും സംസ്ഥാനത്തും പ്രതിഫലിക്കുന്നതാണെന്നും മന്ത്രി കൂട്ടിചേര്‍ത്തു.
വിലക്കയറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുള്ള സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ സഞ്ചരിക്കുന്ന അരിവണ്ടി ഭക്ഷ്യമന്ത്രി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു. ഇന്നു മുതല്‍ അരിവണ്ടി സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ എത്തിതുടങ്ങും.
സപ്ലൈക്കോയുടെ ഔട്ട്ലെറ്റ് ഇല്ലാത്ത സംസ്ഥാനത്തെ 500 ഓളം വരുന്ന താലൂക്ക്, പഞ്ചായത്ത് കേന്ദ്രങ്ങളിലാണ് അരിവണ്ടി എത്തുക. ജയ, കുറുവ, മട്ട, പച്ചരി, ഇനങ്ങളിലായി ആകെ 10 കിലോ അരിയാണ് ഈ സംവിധാനത്തിലൂടെ നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിക്കുക.