കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എണ്‍വയോണ്‍മെന്റ് സെന്റർ ബഫർസോണിനെ സംബന്ധിച്ച് തയാറാക്കിയ ഭൗതിക സ്ഥല പരിശോധനാ റിപ്പോർട്ട് അടിയന്തരമായി പരസ്യപ്പെടുത്തണമെന്ന് പശ്ചിമഘട്ട ജനസംരക്ഷണ ഫൗണ്ടേഷൻ സംസ്ഥാന സർക്കാരിനോടും ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണൻ സമിതിയോടും ആവശ്യപ്പെട്ടു.
ബഫർ സോൺ വിഷയത്തിൽ ഒരു കിലോമീറ്റർ സംരക്ഷിത മേഖലയിലുള്ള കൃഷിയിടങ്ങൾ, സ്ഥാപനങ്ങൾ, വീടുകൾ, മറ്റ് നിർമാണങ്ങളും ഇതര വിവിധ പ്രവർത്തനങ്ങളും ശേഖരിക്കുന്നതിനായി സർക്കാർ സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോണ്‍മെന്റ് സെന്ററിനെ ചുമതലപ്പെടുത്തുകയും അവർ റിപ്പോർട്ട് സർക്കാരിന് നൽകുകയും ചെയ്തു.
ഈ റിപ്പോർട്ടിൽ 50,000ൽ അധികം നിർമാണങ്ങൾ ബഫർസോണ്‍ മേഖലകളിലുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഈ റിപ്പോർട്ടിനെ സംബന്ധിച്ച് ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണന്റെ നേതൃത്വത്തിൽ രൂപീകൃതമായ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം എറണാകുളത്ത് സിറ്റിംഗ് നടത്തിയെങ്കിലും റിപ്പോർട്ട് പ്രസിദ്ധപ്പെടുത്തിയിട്ടില്ല.
വിവിധ ബഫർ സോണുകളെ സംബന്ധിച്ച കൃത്യമായ അതിരുകളും ഇതു സബന്ധിച്ച് നടത്തിയ പഠനത്തിന്റെ റിപ്പോർട്ടും ബഫർ സോണുകളുടെ എല്ലാ വില്ലേജ് ഓഫീസുകളിലും താലൂക്ക് ഓഫീസുകളിലും ജനങ്ങളുടെ അറിവിലേക്കും കോപ്പി എടുക്കുന്നതിനുമായി നൽകണം.
ജസ്റ്റീസ് തോട്ടത്തിൽ രാധാകൃഷ്ണൻ വിദഗ്ധസമിതി അവരുടെ ഒരു സൈറ്റ് പുതുതായി രൂപീകരിച്ച് അതിൽ ഈ റിപ്പോർട്ട് അപ്ലോഡ് ചെയ്യണം. റിപ്പോർട്ടിനെ സംബന്ധിച്ച് പരാതിയുള്ളവർക്ക് ആ സൈറ്റിലേക്കോ സമിതിയുടേതായുള്ള ഇ-മെയിൽ വിലാസത്തിലേക്കോ പരാതികൾ സമർപ്പിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും പശ്ചിമഘട്ട ജനസംരക്ഷണ ഫൗണ്ടേഷൻ ആവശ്യപ്പെട്ടു.
ഫൗണ്ടേഷന്റെ അടിയന്തര യോഗത്തിൽ ചെയർമാൻ ജയിംസ് വടക്കൻ, കണ്‍വീനർ ജോയി കണ്ണംചിറ, റിസർച്ച് വിഭാഗം മേധാവി ഡോ. മാനുവൽ തോമസ്, രാഷ്ട്രീയ കിസാൻ മസ്ദൂർ സംഘ് നേതാക്കളായ കെ.വി. ബിജു, അഡ്വ. ബിനോയ് തോമസ്, മുതലാംതോട് മണി, ഇഎഫ്എൽ സംരക്ഷണ സമിതി ചെയർമാൻ ജോയി ചെട്ടിമാട്ടേൽ, അഡ്വ. സുമിൻ, ജിന്നറ്റ് മാത്യു എന്നിവർ പ്രസംഗിച്ചു.