24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • വയനാട് രണ്ട് ഇ-വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജം; 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളും ഒരുങ്ങി;
Kerala

വയനാട് രണ്ട് ഇ-വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സജ്ജം; 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളും ഒരുങ്ങി;

ഇന്ധന വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് ഗിയര്‍ മാറ്റുന്ന വാഹന ഉടമകള്‍ക്ക് പിന്തുണയുമായി കെ.എസ്.ഇ.ബിയുടെ അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍. ഇലക്ട്രിക് വാഹനങ്ങള്‍ വേഗത്തില്‍ ചാര്‍ജ് ചെയ്യുന്നതിനായി രണ്ട് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകള്‍ വയനാട് ജില്ലയില്‍ പ്രവര്‍ത്തന സജ്ജമായി. വൈത്തിരി സെക്ഷന്‍ ഓഫീസ് പരിസരം, പടിഞ്ഞാറത്തറ ബാണാസുര സാഗര്‍ എന്നിവിടങ്ങളിലാണ് ഫാസ്റ്റ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇത് കൂടാതെ 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സ്‌റ്റേഷനുകളും ജില്ലയില്‍ പ്രവര്‍ത്തന സജ്ജമാകും. ആകെ 27 സ്ഥലങ്ങളിലായി വിപുലമായ ചാര്‍ജിംഗ് ശൃംഖലയാണ് ജില്ലയില്‍ കെ.എസ്.ഇ.ബി യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്നത്. 2022 ല്‍ നിര്‍മാണം പൂര്‍ത്തിയായ 462 കിലോവാട്ട് ശേഷിയുള്ള 30 സൗരനിലയങ്ങളും ഇതോടൊപ്പം നാടിന് സമര്‍പ്പിക്കും.ഒരേ സമയം ഒന്നില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാവുന്നതാണ് അതിവേഗ ചാര്‍ജിങ് സ്റ്റേഷനുകള്‍. വ്യത്യസ്ത കിലോവാട്ട് ശേഷിയുളള മൂന്ന് അതിവേഗ ചാര്‍ജിങ് സംവിധാനമാണ് ഓരോ കേന്ദ്രത്തിലും സ്ഥാപിച്ചിരിക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് 60 കിലോ വാട്ട് ശേഷിയുളള യൂണിറ്റും കാറുള്‍പ്പടെയുളള ഇടത്തരം വാഹനങ്ങള്‍ക്ക് 21 കിലോവാട്ട് ശേഷിയുളള ഒരു യൂണിറ്റും ഇരുചക്രവാഹനങ്ങള്‍, മുച്ചക്ര വാഹനങ്ങള്‍ എന്നിവയക്കായി 10 കിലോവാട്ട് ശേഷിയുളള യൂണിറ്റുമാണ് തയ്യാറാക്കിയിട്ടുളളത്.
പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തി ഉപഭോക്താക്കള്‍ക്ക് ആവശ്യത്തിന് ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് ക്രമീകരണം. ഡിജിറ്റല്‍ ബോര്‍ഡില്‍ വിവരങ്ങള്‍ ലഭ്യമാകും. ആപ്ലിക്കേഷന്‍ ഉപയോഗപ്പെടുത്തുന്ന ഉപഭോക്താവിന് സംസ്ഥാനത്തെ ഏത് കെ.എസ്.ഇ.ബി സ്റ്റേഷനുകളില്‍ നിന്നും ചാര്‍ജ് ചെയ്യാം.ഓട്ടോറിക്ഷകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും ചാര്‍ജ്ജ് ചെയ്യാന്‍ കഴിയുന്ന 25 പോള്‍ മൗണ്ടഡ് ചാര്‍ജിംഗ് സെന്ററുകളാണ് ജില്ലയില്‍ ഇതിനുപുറമെ സ്ഥാപിച്ചത്. പ്രീ പെയ്ഡ് ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൃത്യസ്ഥലം അറിയാനും ചാര്‍ജിങിന് ശേഷം പണമിടപാട് നടത്താനും കഴിയും. ടൂ വീലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ബാറ്ററിയുടെ ശേഷി അനുസരിച്ച് ചാര്‍ജ് ചെയ്യാം. 20 ലക്ഷം വീതമാണ് ഓരോ ചാര്‍ജിംഗ് സ്‌റ്റേഷനുമുള്ള നിര്‍മ്മാണ ചെലവ്. പോള്‍ മൗണ്‍ഡ് ചാര്‍ജിങ് സെന്ററുകള്‍ക്ക് ഒന്നിന് 60,000 രൂപ വീതം ആകെ 15 ലക്ഷം ചെലവഴിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഗതാഗത വകുപ്പു വഴി ലഭ്യമാക്കിയ സാമ്പത്തിക സഹായത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.പരിസ്ഥിതി മലിനീകരണം കുറയ്ക്കുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, ഇന്ധന വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക എന്നിവ ലക്ഷ്യം വച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചത്.വെദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിനും വിപണിക്കും മതിയായ ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃംഖല അനിവാര്യമാണ്. ഇതിനായി നോഡല്‍ ഏജന്‍സിയായ കെ.എസ്.ഇ.ബി. സംസ്ഥാനത്തുടനീളം മതിയായ തോതില്‍ ചാര്‍ജിംഗ് സ്റ്റേഷന്‍ ശൃംഖല സ്ഥാപിക്കുന്നതിനായി നടപടി സ്വീകരിച്ചു വരുന്നുണ്ട്. ആഭ്യന്തര ഊര്‍ജ്ജ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും ഹരിതോര്‍ജ്ജം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന സൗരോര്‍ജ്ജ നിലയങ്ങള്‍ ഉള്‍പ്പടെ നിരവധി പദ്ധതികളാണ് സംസ്ഥാന സര്‍ക്കാരും കെ.എസ്.ഇ.ബി ലിമിറ്റഡും സംയുക്തമായി ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്. ഉദ്ഘാടനം നവംബര്‍ ഒന്നിന് വൈകീട്ട് 3.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി നിര്‍വ്വഹിക്കും.

Related posts

കോവിഡ് കാലത്തും പഠനം മുടങ്ങാതിരുന്നത് അധ്യാപകരുടെ ആത്മാർത്ഥതയും കഠിനാധ്വാനവും മൂലം: മുഖ്യമന്ത്രി

Aswathi Kottiyoor

പോലീസ് ജില്ലകൾക്ക് പ്രത്യേകം വെബ്സൈറ്റ്

Aswathi Kottiyoor

സജി ചെറിയാന്റെ സത്യപ്രതിജ്ഞ: സമ്മർദത്തിലായത്‌ മാധ്യമങ്ങൾ

Aswathi Kottiyoor
WordPress Image Lightbox