സംസ്ഥാനത്ത് ഒരു വര്‍ഷത്തിനിടെ നായ്ക്കളുടെ കടിയേറ്റത് 2,99,966 പേര്‍ക്കെന്നു സര്‍ക്കാരിന്റെ സ്ഥിരീകരണം. കഴിഞ്ഞ ഓഗസ്റ്റ് വരെയുള്ള ഒരു വര്‍ഷത്തെ കണക്കാണ് സംസ്ഥാന ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ പുറത്തുവിട്ടത്. 29 പേര് ഇക്കാലയളവില്‍ പേവിഷബാധയേറ്റു മരിച്ചു.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവുമധികം മരണം. ജില്ലയില്‍ ഏഴു പേര്‍ക്ക് പേവിഷബാധയേറ്റു ജീവന് നഷ്ടമായി. പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ നാലു വീതവും കോഴിക്കോട്ടു മൂന്നു പേരും ഒരു വര്‍ഷത്തിനിടെ മരിച്ചു.
കണ്ണൂര്‍, കൊല്ലം ജില്ലകളില്‍ രണ്ടും ഇടുക്കി, കോട്ടയം, മലപ്പുറം, ആലപ്പുഴ ജില്ലകളില്‍ ഒന്നും വീതം ആളുകള്‍ പട്ടികടിയേറ്റു മരിച്ചിട്ടുണ്ട്. എറണാകുളം, വയനാട് ജില്ലകളില്‍ പേവിഷബാധയേറ്റ് ആരും മരിച്ചിട്ടില്ലെന്നാണു സര്‍ക്കാരിന്റെ കണക്ക്. പേവിഷബാധയേറ്റു മരിക്കുന്നവര്‍ക്ക് പ്രത്യേക ധനസഹായം സര്‍ക്കാര്‍ നല്‍കുന്നില്ലെന്നു വിവരാവകാശനിയമപ്രകാരം ആരോഗ്യവകുപ്പ് പുറത്തുവിട്ട രേഖകളില്‍ പറയുന്നു.
എന്നാല്‍ തെരുവുനായ്ക്കളുണ്ടാക്കുന്ന പ്രശ്നങ്ങളില്‍ ബുദ്ധിമുട്ടുന്നവര്‍ക്കു നഷ്ടപരിഹാരത്തിനായി സുപ്രീംകോടതി നിയമിച്ച സമിതിയെ സമീപിക്കാം. സമിതി നഷ്ടം കണക്കാക്കി സര്‍ക്കാരിനെ അറിയിക്കും. നഷ്ടപരിഹാരത്തുക നല്‍കുന്നത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍ വഴിയാണ്.
ഇതിനിടെ തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കുന്നതിനും പേവിഷബാധ ഉന്മൂലനം ചെയ്യുന്നതിനുമുള്ള അനിമല്‍ ബര്‍ത്ത് കണ്ട്രോളര് (എബിസി) പദ്ധതിക്കുള്ള കേന്ദ്രസഹായം സംബന്ധിച്ചു സംസ്ഥാന ആരോഗ്യ, തദ്ദേശസ്വയംഭരണ വകുപ്പുകളില്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നു പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാല ചൂണ്ടിക്കാട്ടി.
തെരുവു നായ്ക്കളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഭരണസമിതികള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കേണ്ടതും തുടര്‍ നടപടികള്‍ ഉറപ്പുവരുത്തേണ്ടതും എബിസി മോണിട്ടറിംഗ് സമിതിയുടെ ചുമതലയാണ്.