24.2 C
Iritty, IN
October 6, 2024
  • Home
  • Kerala
  • ആവശ്യങ്ങൾ അംഗീകരിച്ചിട്ടും മുഖം തിരിച്ച് വിഴിഞ്ഞം സമര സമിതി
Kerala

ആവശ്യങ്ങൾ അംഗീകരിച്ചിട്ടും മുഖം തിരിച്ച് വിഴിഞ്ഞം സമര സമിതി

ഒത്തുതീർപ്പു ശ്രമങ്ങൾക്കൊന്നും വഴങ്ങാതെ, ഉന്നയിച്ച ആവശ്യങ്ങൾ ഒന്നൊന്നായി അംഗീകരിച്ചിട്ടും അവയോട് മുഖം തിരിച്ച് വിഴിഞ്ഞം സമര സമിതി. തിങ്കളാഴ്‌ച റോഡ് ഉപരോധത്തിലൂടെ തലസ്ഥാനത്ത് മണിക്കൂറുകളോളം ഗതാഗത സ്‍തംഭനമുണ്ടാക്കിയ സമരസമിതി, ഏകപക്ഷീയമായ നീക്കങ്ങളുമായി മുന്നോട്ടു പോവുകയാണ്.

സമരം ഒത്തുതീർപ്പാക്കാൻ പ്രത്യേക മന്ത്രിതല സംഘം നാലുവട്ടം ഔപചാരികമായും പലതവണ അനൗപചാരികമായും സമിതിയുമായി ചർച്ച നടത്തി. ഉന്നയിച്ച ഏഴു ആവശ്യങ്ങളിൽ ആറിലും അനുകൂലമായി പ്രതികരിച്ചു. ഉറപ്പു നൽകുക മാത്രമല്ല, അവ പാലിക്കാൻ നാല് സർക്കാർ ഉത്തരവുകൾ ഇറക്കുകയും ചെയ്‌തു. സമരസമിതിയിലെ ചില നേതാക്കൾ പ്രകോപനപരമായും അധിക്ഷേപകരമായും പ്രതികരണങ്ങൾ നടത്തിയിട്ടും അതവഗണിച്ച്, എത്രയും വേഗം സമരം, ഒത്തുതീർപ്പാക്കാനുള്ള ശ്രമങ്ങളാണ് സർക്കാർ തുടർച്ചയായി നടത്തിയത്.

ഓഗസ്റ്റ് പതിനാറിനാണ് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കവാടം ഉപരോധിച്ച് രാപ്പകൽ സമരം ആരംഭിച്ചത്. സമരത്തിൽ ഉന്നയിക്കപ്പെട്ട ഏഴു ആവശ്യങ്ങളിൽ ഒന്ന് ഒഴികെ മറ്റെല്ലാം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണവുമായി ബന്ധമില്ലാത്തതാണ്. എന്നിട്ടും സർക്കാർ അവയാകെ ഗൗരവത്തോടെ പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്‌തു.

തുറമുഖനിർമ്മാണം നിർത്തിവെക്കുക എന്നതാണ് സമര സമിതി ഉയർത്തിയ ഒരാവശ്യം. തുറമുഖ നിർമ്മാണം ആരംഭിക്കുന്നതിനു മുന്നേതന്നെ ശാസ്ത്രീയമായ ആവശ്യമായ എല്ലാ പഠനങ്ങളും നടത്തിയിരുന്നു. ഈ പഠന പ്രകാരം തുറമുഖ നിർമ്മാണം മൂലം കാര്യമായ തീരശോഷണം വടക്കോട്ടോ തെക്കോട്ടോ ഉള്ള തീരങ്ങളിൽ സംഭവിക്കുകയില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. തുറമുഖ നിർമ്മാണം മൂലം തീരശോഷണം സംഭവിക്കുന്നതായി നാളിതുവരെയുള്ള പഠനങ്ങളിൽ പരാമർശിക്കുന്നില്ല. നിർമ്മാണം വലിയ തോതിൽ പുരോഗമിക്കുമ്പോൾ നിർത്തിവെക്കുന്നത് ഒരർത്ഥത്തിലും സാധ്യമാകില്ല എന്ന് എല്ലാ ഘട്ടത്തിലും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് താൽക്കാലികമായി സർക്കാർ നേതൃത്വത്തിൽ വാടക നൽകി താമസ സൗകര്യം ഒരുക്കണം എന്നതാണ് സമര സമിതിയുടെ മറ്റൊരാവശ്യം. വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധമില്ലാത്തതാണ് ഈ വിഷയം. കടലാക്രമണത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് വാടകയ്‌ക്ക്‌ വീടെടുത്ത് മാറി താമസിക്കുന്നതിന് നിശ്ചിത വാടക തുക നിശ്ചയിക്കുന്നതിന് ജില്ലാകളക്ടർ അദ്ധ്യക്ഷനായി സമിതി രൂപീകരിച്ചിരുന്നു. വിഴിഞ്ഞം പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് പുനരധിവാസം പൂർത്തിയാകുന്നതുവരെ പ്രതിമാസം 5500 രൂപ വീതം അനുവദിച്ചു .

വീടുകൾ നഷ്ടപ്പെട്ട ക്യാമ്പുകളിൽ കഴിയുന്ന 102 കുടുംബങ്ങളും ബന്ധു വീടുകളിലും വാടക വീടുകളിലും കഴിയുന്ന 182 കുടുബങ്ങളും ഉൾപ്പെടെ 284 കുടുബങ്ങൾക്ക് 3 മാസത്തേക്ക് 5500 രൂപ നിരക്കിൽ 46,86,000 രൂപ 2245-02-101-98 Food and clothing എന്ന ശീർഷകത്തിൽ ജില്ലാ കളക്ടർക്ക് അനുവദിച്ചു. ഓരോ ചർച്ചാ ഘട്ടത്തിലും അത് സമരസമിതി നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് തത്തുല്യമായ നഷ്ടപരിഹാരം നൽകി പുനരധിവസിപ്പിക്കുക എന്ന അടുത്ത ആവശ്യം തെറ്റിദ്ധാരണാ ജനകമാണ്. വിഴിഞ്ഞം തുറമുഖ പദ്ധതിയ്ക്കായി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെപ്പോലും കുടിയൊഴിപ്പിച്ചിട്ടില്ല. എന്നാൽ നിഷേധാത്മക സമീപനമല്ല ഇതിലും സർക്കാർ സ്വീകരിച്ചത്. മുട്ടത്തറ വില്ലേജിൽ സർവേ നമ്പർ 2610 ൽ ഉൾപെട്ടതും ക്ഷീരവികസന വകുപ്പിന്റെ കൈവശമുള്ളതുമായ 17.43 ഏക്കർ ഭൂമിൽ നിന്നും 8 ഏക്കർ ഭൂമിയുടെ മുൻകൂർ കൈവശാവകാശം മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിയായ പുനർഗേഹം പദ്ധതിയ്ക്കായി രണ്ട് വർഷത്തേയ്ക്ക് ഉപയോഗാനുമതി നടപടിക്രമങ്ങൾ പാലിച്ചു കൊണ്ട് മത്സ്യബന്ധന വകുപ്പിന് നൽകി സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുന്നതിനും ഭൂമി കൈമാറ്റത്തിനുള്ള മാനദണ്ഡങ്ങളും നിബന്ധനകളും പ്രത്യേകമായി തീരുമാനിക്കുന്നതിനും വിധേയമായി പ്രസ്തുത ഭൂമിയുടെ മുൻകൂർ കൈവശാവകാശം മത്സ്യബന്ധന ഡയറക്ടർക്ക് കൈമാറുന്നതിന് അനുമതി നൽകി.

മണ്ണെണ്ണ വില നിയന്ത്രിക്കുന്നതിന് തമിഴ്നാട് മോഡൽ സബ്സിഡി നൽകണം എന്ന ആവശ്യവും വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധമില്ലാത്തതാണ്. . മത്സ്യതൊഴിലാളികൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ മണ്ണെണ്ണ ലഭ്യമാക്കണമെന്നും അർഹരായ മത്സ്യത്തൊഴി ലാളികൾക്ക് മണ്ണെണ്ണയുടെ ലഭ്യത ഉറപ്പാകാനായി മത്സ്യഫെഡിന് മണ്ണെണ്ണയുടെ മൊത്ത വിതരണ ചുമതല അനുവദിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യബന്ധന വകുപ്പ് മന്ത്രി കേന്ദ്ര മത്സ്യബന്ധന മന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകിയിരുന്നു. മുഖ്യമന്ത്രിയും കേന്ദ്ര സർക്കാരിന് മുന്നിൽ ഈ ആവശ്യം ഉന്നയിച്ചു.

കേരളതീരത്ത് ഏകദേശം മുപ്പത്താറായിരം പരമ്പരാഗത യാനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത് മത്സ്യബന്ധനം നടത്തിവരുന്നുണ്ട്. ഇതില്‍ 90 ശതമാനത്തില്‍ അധികം മണ്ണെണ്ണ ഇന്ധനമായ ഔട്ട്‌ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ചവയാണ്. സംസ്ഥാനത്ത് മണ്ണെണ്ണ പെര്‍മിറ്റുള്ള 14332 യാനങ്ങള്‍ക്ക് അനുവദിക്കാന്‍ വര്‍ഷം ഏകദേശം 1 ലക്ഷം കിലോ ലിറ്റര്‍ മണ്ണെണ്ണ ആവശ്യമാണ്. കേന്ദ്രം അനുവദിക്കുന്നത് ഇരുപത്തയ്യായിരം കിലോ ലിറ്ററില്‍ താഴെ മാത്രമാണ്. ഈ വിവരം പലതവണ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ഫലമുണ്ടായില്ല. പി ഡി എസ് വിഭാഗത്തിലും നോണ്‍ സബ്‌സിഡൈസ്ഡ് പി ഡി എസ് വിഭാഗത്തിലും അനുവദിക്കുന്ന മണ്ണെണ്ണയുടെ അളവ് വെട്ടിക്കുറച്ചു കൊണ്ടിരിക്കുകയുമാണ്. ഈ സാഹചര്യത്തിൽ മണ്ണെണ്ണയല്ലാത്ത ഇന്ധനം ഉപയോഗിച്ചുള്ള യാനങ്ങൾ വർധിപ്പിക്കുന്നതിനും മണ്ണെണ്ണ എൻജിനുകൾ പതുക്കെ പൂർണ്ണമായി മാറ്റുന്നതിനുമാണ് സർക്കാർ മുൻഗണന നൽകുന്നത്. അതിനുള്ള സഹായ പദ്ധതികളും നടപ്പാക്കുന്നുണ്ട്. മണ്ണെണ്ണ എൻജിനുകൾ ഡീസൽ, പെട്രോൾ എൻജിനുകളിലേക്ക് മാറ്റിക്കൊടുക്കാൻ മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നൽകുന്ന പദ്ധതി ആവിഷ്കരിച്ചു വരികയാണ്.

കാലാവസ്ഥാ മുന്നറിയിപ്പ് കാരണം ജോലിക്ക് പോകാൻ കഴിയാത്ത ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മിനിമം വേതനം നൽകണം എന്ന ആവശ്യം സർക്കാരിന്റെ പരിഗണയിൽ നേരത്തെ തന്നെ ഉള്ളതാണ്.

2020-21 ല്‍ കാലാവസ്ഥ മുന്നറിയിപ്പ്, കൊവിഡ് 19 എന്നിവ കാരണം തൊഴില്‍നഷ്ടമായ മത്സ്യത്തൊഴിലാളികള്‍ക്ക് എസ് ഡി ആര്‍ എഫ്/ സി എം ഡി ആര്‍ എഫ് എന്നിവയില്‍ നിന്ന് 36.12 കോടി രൂപ അനുവദിച്ചു. 2,07104 പേര്‍ക്കാൻ ഈ സഹായം ലഭിച്ചത്. ടൗട്ടോ ചുഴലിക്കാറ്റ് കാരണം മത്സ്യബന്ധനത്തിന് 6 ദിവസം വിലക്കുണ്ടായി. ഈ ദിവസങ്ങളിലുള്ള ധനസഹായം കണക്കാക്കി, ഒരു കുടുംബത്തിന് 1200 രൂപ നിരക്കില്‍ 18.36 കോടി രൂപ അനുവദിച്ചു.
കൊവിഡിനെ തുടര്‍ന്ന് ജോലിക്ക് പോകാന്‍ കഴിയാത്ത സമയങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് റേഷന്‍കട വഴി സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു. 1,22,377 കുടുംബങ്ങള്‍ക്ക് സഹായം ലഭിച്ചു. സാമ്പത്തികസഹായമായി 32.4 കോടി അനുവദിച്ചു. 2021 ല്‍ കാലാവസ്ഥ മുന്നറിയിപ്പ് കാരണം തൊഴില്‍ നഷ്ടമായ സാഹചര്യത്തില്‍ ആശ്വാസമായി 47.84 കോടി രൂപ സർക്കാർ അനുവദിച്ചതാണ്. ഇങ്ങനെ ഓരോ ഘട്ടത്തിലും സർക്കാർ നടപ്പാക്കുന്ന ഒരു കാര്യമാണ്, സമരത്തിലെ ഒരാവശ്യമായി ഉന്നയിച്ചത്.

മുതലപ്പൊഴി ഫിഷിംഗ് ഹാർബർ നിർമ്മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുക എന്ന ആവശ്യവും സർക്കാർ ഗൗരവമായി പരിഗണിച്ച് നടപടികൾ തുടങ്ങിയതാണ്. ഹാർബറിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രദേശവാസികളും മത്സ്യത്തൊഴിലാളികളുമായി മന്ത്രി വി അബ്ദുറഹ്മാൻ ചർച്ച നടത്തുകയും ശാസ്ത്രീയമായി റിപ്പോർട്ട് തയ്യാറാക്കാൻ പൂനെ സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച് സ്റ്റേഷനെ (സിഡബ്ല്യുപിആർഎസ്) നെ ചുമതലപ്പെടുത്തുകയും ചെയ്തു. അവർ ഉടൻ റിപ്പോർട്ട് ലഭ്യമാക്കും.

തീരശോഷണം ബാധിക്കുന്ന കുടുംബങ്ങളെ പുനരധിവസിപ്പിക്കണം എന്നതാണ് മറ്റൊരാവശ്യം. ഇതും വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധമില്ലാത്തതാണ്. ഇത് ഒരു പൊതുവായ ആവശ്യമാണ്. തീരശോഷണം തടയുന്നതിന് കേരളത്തിൽ ഉടനീളമുള്ള തീരപ്രദേശത്ത് ജലസേചനം, ഹാർബർ എൻജിനീയറിങ് എന്നീ വകുപ്പുകളുടെ സഹകരണത്തോടെ സമഗ്ര പഠനം നടത്തുന്നുണ്ട്.

വിഴിഞ്ഞത്ത് തുറമുഖം നിർമ്മിക്കുന്നതിന് വേണ്ടി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി തീരദേശ ശോഷണം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും അങ്ങനെ ഉണ്ടെങ്കിൽ നിർമ്മാണ സ്വാധീനമേഖലയിൽ ശോഷണം പരിഹരിക്കുന്നതിനുള്ള പ്രത്യേക നടപടികൾ കണ്ടെത്തുന്നതിനും ഒരു വിദഗ്ധ സമിതി രൂപീകരിക്കും. റിപ്പോർട്ട് അന്തിമമാക്കുന്നതിന് മുമ്പ് സമിതി പ്രാദേശിക ജനപ്രതിനിധികളുടെ അഭിപ്രായം കേൾക്കും. കമ്മിറ്റിയിൽ താഴെപ്പറയുന്ന അംഗങ്ങൾ ഉണ്ടായിരിക്കും.

ചെയർമാൻ-ശ്രീ. എം.ഡി.കുടേൽ, മുൻ അഡീഷണൽ ഡയറക്ടർ, സെൻട്രൽ വാട്ടർ ആൻഡ് പവർ റിസർച്ച്- സ്റ്റേഷൻ (CWPRS), പൂനെ

മെമ്പർമാർ – ഡോ.റിജി ജോൺ, കൊച്ചി കേരള ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് സർവകലാശാല വൈസ് ചാൻസലർ ,

ഡോ. തേജൽ കനിത്കർ, അസോസിയേറ്റ് പ്രൊഫസർ, സ്കൂൾ ഓഫ് നാച്ചുറൽ സയൻസസ് & എഞ്ചിനീയറിംഗ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ് (NIAS), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, ബാംഗ്ലൂർ, ഡോ.പി കെ ചന്ദ്രമോഹൻ, കാണ്ട്‌ല പോർട്ട് ട്രസ്റ്റ് മുൻ ചീഫ് എഞ്ചിനീയർ

തീരസംരക്ഷണത്തിനും തീര പരിപോഷണത്തിനും പരീക്ഷണാടിസ്ഥാനത്തിൽ പൂന്തുറ ഭാഗത്ത് നടപ്പിലാക്കിവരുന്ന ജിയോ ട്യൂബ് ഉപയോഗിച്ചുള്ള ഓഫ്ഷോർ വാട്ടർ പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തി കൂടുതൽ തീരപ്രദേശത്ത് നടപ്പാക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ ആവശ്യങ്ങളും സമര സമിതിയുമായി മന്ത്രിതല സംഘം നടത്തിയ ചർച്ചകളിൽ ഉയർന്നു വന്നതും പരിഹാര മാർഗങ്ങൾ സർക്കാർ മുന്നോട്ടു വെച്ചതുമാണ്. അവ അംഗീകരിച്ചു നടപടികളെടുത്തിട്ടും സമര സമിതി അത് കണ്ടില്ലെന്ന് നടിച്ച് പുതിയ വാദങ്ങളുയർത്തുകയാണ്. സർക്കാരിന് സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടും ജനാധിപത്യപരമായി തുടർച്ചയായ ചർച്ചകൾക്ക് സർക്കാർ തയാറായിട്ടും എന്തുകൊണ്ടാണ് അതെല്ലാം തിരസ്‌കരിച്ച് സമരം തുടരുന്നത് എന്നതാണ് തീരദേശത്ത് മുഴങ്ങുന്ന ചോദ്യം.

Related posts

ടി. സി. എസ് ഡിജിറ്റൽ ഹബിന് ഇന്ന് (ജൂൺ 30) തറക്കല്ലിടും; 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

Aswathi Kottiyoor

കശുവണ്ടി വികസന കോർപ്പറേഷന് കീഴിലുള്ള അയത്തിൽ യൂണിറ്റിൽ പാക്കിങ്ങ് യൂണിറ്റ് ആരംഭിച്ചു

Aswathi Kottiyoor

109 വനിതകൾ പൊലീസ്‌ സേനയുടെ ഭാഗമായി

Aswathi Kottiyoor
WordPress Image Lightbox