22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്കുതന്നെ; കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.*
Kerala

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്കുതന്നെ; കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി.*


ന്യൂഡല്‍ഹി: തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. വിമാനത്താവള കൈമാറ്റവുമായി ബന്ധപ്പെട്ട ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്ത ശേഷം പിന്നീട് കൈമാറ്റത്തെ ചോദ്യംചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. അതേസമയം, വിമാനത്താവള ഭൂമിയുടെ അവകാശവുമായി ബന്ധപ്പെട്ട നിയമ നടപടികളുമായി ആവശ്യമെങ്കില്‍ സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാരും എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയനും നല്‍കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് യു.യു. ലളിത്, ബേല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് തള്ളിയത്. വിമാനത്താവളത്തിന് ആവശ്യമായ ഭൂമി ഏറ്റെടുത്ത് നല്‍കിയത് തങ്ങളാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വാദിച്ചു. ഇതിനായി ഒരു രൂപപോലും എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്ന് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ ചെലവാക്കിയ പണം തങ്ങളുടെ ഓഹരിയായി മാറ്റേണ്ടതായിരുന്നുവെന്നും സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ സി.യു. സിങ്ങും സ്റ്റാന്‍ഡിങ് കോണ്‍സല്‍ സി.കെ. ശശിയും വാദിച്ചു.സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനം ടെണ്ടര്‍ നടപടികളില്‍ പങ്കെടുത്തശേഷം ഈ വാദത്തിന് പ്രസക്തിയില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. വിമാനത്താവളത്തിലെത്തുന്ന ഓരോ യാത്രക്കാരനും കേരളം 135 രൂപ ലേലത്തില്‍ വാഗ്ദാനം ചെയ്തപ്പോള്‍ അദാനി ഗ്രൂപ്പ് 168 രൂപയാണ് വാഗ്ദാനം ചെയ്തതെന്നും കോടതി ചൂണ്ടിക്കാട്ടി. കൊച്ചി, കണ്ണൂര്‍ വിമാനത്താവളങ്ങള്‍ വിജയകരമായി നടത്തിയ പരിചയം തങ്ങള്‍ക്കുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചെങ്കിലും അതും കണക്കിലെടുക്കാന്‍ കോടതി തയ്യാറായില്ല.

എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരുടെ വിരമിക്കല്‍പ്രായം അറുപത് വയസ്സാണെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടി. വിരമിക്കുമ്പോള്‍ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കും. എന്നാല്‍ അദാനിയുടെ ജീവനക്കാരായി മാറിയാല്‍ ഇതൊന്നും ലഭിക്കുമെന്ന് ഉറപ്പില്ലെന്ന് യൂണിയന്റെ അഭിഭാഷകരായ കുര്യാക്കോസ് വര്‍ഗീസ്, ശ്യാം മോഹന്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ വാദം അംഗീകരിക്കാന്‍ സുപ്രീം കോടതി തയ്യാറായില്ല. തിരുവനന്തപുരത്ത് ജോലിചെയ്തിരുന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ ജീവനക്കാര്‍ക്ക് മറ്റ് വിമാനത്താവളങ്ങളിലേക്ക് പോകാന്‍ അവസരമുണ്ടെന്നും കോടതി വ്യക്തമാക്കി.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കിയത് ചോദ്യംചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയത് 2020 ഒക്ടോബര്‍ 19-നാണ്. ഇതിനെതിരെ അതേവര്‍ഷം നവംബറില്‍ നല്‍കിയ ഹര്‍ജിയാണ് സുപ്രീം കോടതി തിങ്കളാഴ്ച രണ്ട് മണിക്കൂറോളം വാദംകേട്ട് തള്ളിയത്.

Related posts

മകളുടെ മുന്നിലിട്ട് പിതാവിനെ കെ.എസ്.ആർ.ടി.സി. ജീവനക്കാർ മർദിച്ചു –

Aswathi Kottiyoor

സെ​ക്ര​ട്ടേ​റി​യ​റ്റ് ആ​ക്സ​സ് ക​ണ്‍​ട്രോ​ൾ സം​വി​ധാ​ന​വു​മാ​യി സ​ർ​ക്കാ​ർ

Aswathi Kottiyoor

കണ്ണൂരിൽ ട്രെയിനിറങ്ങിയാൽ പുറത്തിറങ്ങാൻ വേണം അഭ്യാസവും

Aswathi Kottiyoor
WordPress Image Lightbox