കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിയന്ത്രിച്ച സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ സുപ്രീം കോടതിയിൽ ഭിന്നവിധി. ഹർജി മറ്റേതെങ്കിലും ബെഞ്ചിന് വിടണോ ഭരണഘടനാ ബെഞ്ചിന് വിടണോ എന്നതടക്കമുള്ള കാര്യങ്ങള്‍ ചീഫ് ജസ്റ്റീസിന് വിട്ടു.
ഹർജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ രണ്ട് ജഡ്ജിമാരും നിരോധനത്തെ എതിർത്തും ശരിവച്ചും പ്രത്യേകം വിധി പറയുകയായിരുന്നു. ജസ്റ്റിസ് ഹേമന്ദ് ഗുപ്ത കർണാടക ഹൈക്കോടതി വിധി ശരിവെച്ചപ്പോൾ ജസ്റ്റിസ് സുധാൻഷു ധുലിയ ഹൈക്കോടതി വിധി റദ്ദാക്കി.
ഹിജാബ് ഇസ്‍ലാമിലെ മൗലിക അനുഷ്ഠാനമാണോ എന്ന വിഷയം ഈ കേസിൽ പരിഗണനാർഹമല്ല. പെൺകുട്ടികളുടെ വിദ്യാഭ്യാസമാണ് പ്രധാനം. കർണാടക ഹൈക്കോടതിയുടെ നീക്കം തെറ്റാണെന്നും ജസ്റ്റിസ് ധുലിയ വ്യക്തമാക്കി. എന്നാൽ, സർക്കാർ ഉത്തരവ് ഭരണഘടനയുടെ 14, 19, 25 അനുഛേദങ്ങൾ ലംഘിക്കുന്നുണ്ടോ, സ്വകാര്യതക്കുള്ള അവകാശത്തിനെതിരാണോ തുടങ്ങിയ ചോദ്യങ്ങളുമുന്നയിച്ച് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത ഹിജാബ് വിലക്ക് ശരിവയ്ക്കുകയായിരുന്നു.
അതേസമയം, സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നതുവരെ ഹിജാബ് നിരോധനം തുടരും. മുസ്ലിം പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറിയിലേക്ക് പോകുന്നത് തടയുന്നത് അവരുടെ വിദ്യാഭ്യാസം അപകടത്തിലാക്കുമെന്നും അവര്‍ ക്ലാസുകളില്‍ പങ്കെടുക്കുന്നത് നിര്‍ത്തിയേക്കുമെന്നും ഹര്‍ജിക്കാര്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ നേരത്തെ സുപ്രീം കോടതിയില്‍ വാദിച്ചിരുന്നു.
എന്നാല്‍ ഉത്തരവ് മതനിരപേക്ഷമാണെന്ന് കര്‍ണാടക സര്‍ക്കാരിനായി ഹാജരായ അഭിഭാഷകര്‍ വാദിച്ചു. വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടണമെന്നും ചില അഭിഭാഷകര്‍ വാദിച്ചു.
മുന്പ് കര്‍ണാടകയിലെ ഉഡുപ്പിയിലെ ഗവണ്‍മെന്‍റ് പ്രീയൂണിവേഴ്സിറ്റി ഗേള്‍സ് കോളജിലെ ഒരു വിഭാഗം മുസ്ലിം വിദ്യാര്‍ഥിനികള്‍ ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി മാര്‍ച്ച് 15 ന് ഹൈക്കോടതി തള്ളിയിരുന്നു.