സംസ്ഥാനത്ത് ഡിജിറ്റൽ ഭൂസർവേ ആരംഭിക്കുന്നതിനു തുടക്കമായി സർവേ ഗ്രാമസഭകൾക്ക് ഇന്ന് തുടക്കമാകും. ആദ്യഘട്ട സർവേക്കായി തെരഞ്ഞെടുത്ത 200 വില്ലേജുകളിൽ ഇന്നു മുതൽ സർവേസഭകൾ ചേരും.
റീസർവേക്കായി സർവേ ഉദ്യോഗസ്ഥർ ആവശ്യപ്പെടുന്ന രേഖകൾ പരിശോധനയ്ക്കു നൽകുക, ഭൂമിയുടെ അതിർത്തി ചൂണ്ടിക്കാട്ടുക തുടങ്ങിയവയുടെ ബോധവത്കരണമാണു സർവേ സഭകളിലൂടെ ലക്ഷ്യമിടുന്നത്.
സംസ്ഥാനതല ഉദ്ഘാടനം ഇന്നു വൈകുന്നേരം നാലിനു തിരുവനന്തപുരം തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എം.ബി. രാജേഷ് നിർവഹിക്കുമെന്നു മന്ത്രി കെ. രാജൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് സർവേ നടപടികൾ ആരംഭിച്ചിട്ട് 56 വർഷമായെങ്കിലും എങ്ങുമെത്തിയില്ല. ഈ സാഹചര്യത്തിലാണ് എന്റെ ഭൂമി എന്ന പേരിൽ ഡിജിറ്റൽ സർവേ ആരംഭിക്കുന്നത്. 1550 വില്ലേജിൽ നാലുവർഷത്തിനകം സർവേ പൂർത്തിയാക്കി രേഖകൾ ഭരണകൂടത്തിന് നൽകുകയാണ് ലക്ഷ്യം.
“എന്റെ ഭൂമി ’ പോർട്ടലിൽ പരിശോധിക്കാം; പ്രവാസികൾക്ക് എംബസി വഴി അപേക്ഷിക്കാം
തിരുവനന്തപുരം: ആദ്യഘട്ടം സർവേ നടത്തുന്ന 200 വില്ലേജുകളിലെ നിലവിലെ ഭൂമി വിവരം “എന്റെ ഭൂമി ’ പോർട്ടലിൽ പരിശോധിക്കാം. തങ്ങളുടെ ഭൂമിയാണ് പോർട്ടലിൽ ഉള്ളതെന്ന് ഉടമകൾ ഉറപ്പുവരുത്തണമെന്നു മന്ത്രി കെ. രാജൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തെറ്റായ വിവരം ഉൾപ്പെടുത്തിയെങ്കിൽ പോർട്ടൽ മുഖേന അപേക്ഷ നൽകാം. അതിരുകളിൽ വ്യക്തമായ രേഖകളില്ലെങ്കിൽ സർവേ തീയതിക്കു മുന്പ് അവ സ്ഥാപിക്കണം.
സർവേ പൂർത്തിയാക്കുന്പോൾ റിക്കാർഡുകൾ പരിശോധിച്ച് തെറ്റില്ലെന്ന് ഉറപ്പാക്കണം. സർവേ സമയത്ത് ഉടമ സ്ഥലത്തില്ലെങ്കിൽ നോമിനിയെ ചുമതലപ്പെടുത്താം. വിദേശത്ത് താമസിക്കുന്നവർക്ക് എംബസി വഴി ആളെ ചുമതലപ്പെടുത്താമെന്നും മന്ത്രി പറഞ്ഞു.