കെഎസ്ആർടിസിയുടെ യൂണിറ്റുകളിലും ഓഫീസുകളിലും സർക്കാർ ഓഫീസുകളിലേതു പോലെ ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നു.
ഫ്രണ്ട് ഓഫീസുകളിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ കരാർ നിയമനം നടത്തും. കെഎസ്ആർടിസിയിൽ ഓഫീസ്അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന എംപാനലുകാരെയാണ് ഫ്രണ്ട് ഓഫീസുകളിലേയ്ക്ക് നിയമിക്കുന്നത്.
സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ യാത്രക്കാർക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് ഫ്രണ്ട് ഓഫീസിന് പിന്നിൽ . കെഎസ്ആർടിസിയെയും കെ – സ്വിഫ്റ്റിനെയും സംബന്ധിച്ച പൊതുവായ വിവരങ്ങൾ, വിവിധ സേവനങ്ങൾ, കെഎസ്ആർടിസിയുടെയും കെ – സിഫ്റ്റിന്റെയും ബസുകളുടെ സമയം, ടിക്കറ്റ് റിസർവേഷൻ, പൊതുവായ നിർദേശങ്ങളുടെ അറിയിപ്പുകൾ (അനൗൺസ്മെന്റ് ) വിവിധതരം കൺസഷൻ വിതരണം, തുടങ്ങിയവയെല്ലാം ഇനി ഫ്രണ്ട് ഓഫീസ് മുഖേനയായിരിക്കും.
ദീർഘകാലം ദിവസ വേതനാടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന എംപാനൽകാരെ കോടതി ഉത്തരവ് പ്രകാരം പിരിച്ചുവിട്ടിരുന്നു. ഇവരെസംരക്ഷിക്കുക എന്ന സർക്കാർ നയത്തിന്റെ ഭാഗമായാണ് ഈ വിഭാഗത്തെ ഫ്രണ്ട് ഓഫീസുകളിലേക്ക് നിയമിക്കുന്നത്. വർഷത്തിൽ 120 ഡ്യൂട്ടിയിൽ കുറയാതെ ജോലി ചെയ്തിട്ടുള്ള വരെയാണ് നിയമിക്കുന്നത്. കെഎസ്ആർടിസിയുടെയും കെ – സ്വിഫ്റ്റിന്റെയും സേവന വേതന കരാർ പ്രകാരമാണ് നിയമനം. ഇത് അംഗീകരിച്ച് കരാറിൽ ഒപ്പിടണം.
എംപാനലായി നിയമിച്ച സമയത്ത് സെക്യൂരിറ്റി തുക അടച്ചതിന്റെ രസീത് പുതിയ നിയമനത്തിന് ഹാജരാക്കണമെന്നും നിർദേശമുണ്ട്.