24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • കതിരൂർ ഗ്രാമ പഞ്ചായത്തിന്റെ വാർധക്യ സൗഹൃദ പദ്ധതികൾ ശ്രദ്ധേയമാകുന്നു
Kerala

കതിരൂർ ഗ്രാമ പഞ്ചായത്തിന്റെ വാർധക്യ സൗഹൃദ പദ്ധതികൾ ശ്രദ്ധേയമാകുന്നു

‘എന്റെയുള്ളിലുമുണ്ട് ഒരു കൊച്ചു കുട്ടി. അതുകൊണ്ടാവാം ഈ പ്രായത്തിലും ഒരു പിറന്നാൾ സമ്മാനം കിട്ടുമ്പോൾ മനസ്സു ഒരു കൊച്ചു കുട്ടിയുടേതെന്ന പോലെ ആർത്തുല്ലസിക്കുന്നത്.’ പ്രായം 80 കടന്ന പേരു വെളിപ്പെടുത്താനാഗ്രഹിക്കാത്ത ആ അമ്മ ജീവിതത്തിലാദ്യമായി ഒരു കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ച ദിവസം പറഞ്ഞ വാക്കുകളാണിത്. അവരുടെ സന്തോഷത്തിന് പിന്നിൽ അണിനിരന്നത് കതിരൂർ ഗ്രാമ പഞ്ചായത്ത് നേതൃത്വവും.

വയോജനങ്ങളെ അകറ്റിനിർത്തുകയും അവർക്ക് സംരക്ഷണം നൽകാതെ ഉപേക്ഷിക്കുകയും ചെയ്യുന്ന പുതുതലമുറയ്ക്ക് മാതൃകയാവുകയാണ് കതിരൂർ ഗ്രാമപഞ്ചായത്ത്. വാർധക്യ സൗഹൃദ പഞ്ചായത്ത് എന്ന ആശയത്തിലൂന്നി വിവിധ പരിപാടികളാണ് പഞ്ചായത്ത് സംഘടിപ്പിക്കുന്നത്. അതിലൊന്നാണ് ‘അമ്മയോടൊപ്പം’ എന്ന പേരിൽ നടപ്പാക്കുന്ന പിറന്നാൾ ആഘോഷ പരിപാടി. 60 വയസ്സിനു മുകളിൽ പ്രായമുള്ള സ്ത്രീകളുടെ ജന്മദിനം അംഗനവാടികളുടെ സഹായത്തോടെ കണ്ടെത്തി ‘സർപ്രൈസ്’ ഒരുക്കുകയാണ് ചെയ്യുന്നത്. പിറന്നാൾ ദിനത്തിന് മുന്നോടിയായി അവരുടെ മക്കളെയും പ്രിയപ്പെട്ടവരേയും വിളിച്ച് സമ്മതവും സാന്നിദ്ധ്യവും ഉറപ്പിക്കും. പിന്നീട് പിറന്നാൾ ദിനത്തിൽ അതത് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ഒരു ചെറു സംഘം കേക്കുമായി വീട്ടിലെത്തും. വിദ്യാസമ്പന്നരും ഉയർന്ന സാമ്പത്തിക ശേഷി ഉള്ളവരും പോലും മിക്കവാറും ആദ്യമായാവും ഒരു പിറന്നാളാഘോഷത്തിന്റെ സന്തോഷം സ്വയം അനുഭവിക്കുന്നത്. പലരുടേയും കണ്ണുകൾ സന്തോഷം കൊണ്ട് ഈറനണിയും. കതിരൂർ പഞ്ചായത്ത് നടപ്പാക്കുന്ന സുസ്ഥിര സ്ത്രീ സൗഹൃദ ഗ്രാമം പദ്ധതിയുടെ ഭാഗമായാണ് ‘അമ്മയ്ക്കൊപ്പം’ പരിപാടി നടപ്പാക്കുന്നത്.

കുടുംബശ്രീ സി ഡി എസിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ എല്ലാ വാർഡിലും അയൽക്കൂട്ടങ്ങൾ രൂപീകരിച്ചാണ് വാർധക്യ സൗഹൃദ പഞ്ചായത്ത് എന്ന നിലയിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇതുവരെ നാല്പതോളം പേരുടെ പിറന്നാളാഘോഷം നടത്തി. പഞ്ചായത്തിന്റെ വക വ്യക്തിഗത പിറന്നാൾ ആശംസാ ഫലകവും കൈമാറും. 90 ന് മുകളിൽ പ്രായമുള്ള 70 ഓളം പേരും പഞ്ചായത്തിലുണ്ട്. ഈ പ്രായത്തിൽ അവർക്ക് സന്തോഷം നൽകി കൂടെ നിൽക്കുകയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പഞ്ചായത്ത് പ്രസിഡണ്ട് പി പി സനിൽ പറഞ്ഞു. കൂടാതെ കതിരൂർ ഗ്രാമപഞ്ചായത്തിന്റെയും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെയും കീഴിൽ രണ്ട് വയോജന വിശ്രമ കേന്ദ്രങ്ങൾ കതിരൂരിൽ പ്രവർത്തിക്കുന്നുണ്ട്. പകൽ മുഴുവൻ ഇവിടെ വിശ്രമിക്കുവാനും വിനോദങ്ങളിലും വ്യായമത്തിലും ഏർപ്പെടുവാനുമുള്ള സൗകര്യങ്ങളും പഞ്ചായത്ത് ഒരുക്കിയിട്ടുണ്ട്. ലോക വയോജനദിനത്തിന്റെ ഭാഗമായി പഞ്ചായത്ത് വയോജനങ്ങൾക്ക് വേണ്ടി പ്രഭാഷണവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. കുണ്ടുചിറ ഇ കെ നായനാർ സ്മാരക പകൽ വയോജന വിശ്രമ കേന്ദ്രത്തിൽ നടന്ന പരിപാടി പാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ ശൈലജ ഉദ്ഘാടനം ചെയ്തു. ശാസ്ത്ര സാഹിത്യ പരിഷത്ത് അംഗം കെ പി രാമകൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. പാനൂർ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം പി വി സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി കെ ഷാജി, പി പവിത്രൻ , സീനിയർ സിറ്റിസൺ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് മുരിക്കോളി ചന്ദ്രൻ , എന്നിവർ പങ്കെടുത്തു.

Related posts

ശുചിത്വ സാഗരം സുന്ദര തീരം പദ്ധതി: പയ്യാമ്പലം ബീച്ചിൽ കടലോര നടത്തം

Aswathi Kottiyoor

രണ്ടാം ഡോസ് 8 ആഴ്ചകൾക്കുള്ളിൽ തന്നെ എടുക്കണം; തീരുമാനം മാറ്റി ബ്രിട്ടൻ………

Aswathi Kottiyoor

ശനിയാഴ്‌ചയും ഞായറാഴ്‌ചയും ലോക്‌ഡൗണ്‌ സമാനമായ നിയന്ത്രണങ്ങൾ; സർവ്വകക്ഷിയോഗം തിങ്കളാഴ്‌ച……….

Aswathi Kottiyoor
WordPress Image Lightbox